തൃശൂർ: കേരളം കണ്ട നിഷ്ഠൂരമായ കൊലപാതക കേസിലെ ക്രൂരനായ പ്രതിക്ക് കോടതി എന്ത് ശിക്ഷ വിധിക്കും? കേരളം ഒരുപോലെ കാതോർത്തിരിക്കയാണ്. കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം കുറ്റക്കാരനാണോ അല്ലയോ എന്നാണു കോടതി വിധിക്കുക. അന്നു തന്നെ ശിക്ഷ വിധിക്കാനും സാധ്യതയുണ്ട്. വിധി നീട്ടിക്കൊണ്ടു പോകാൻ വേണ്ടി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ പോയതോടെ കീഴ്‌ക്കോടതിയുടെ വിധി എന്താണെന്ന് അറിയുക മാത്രമാണ് ഇനി നിസാമിന് മുമ്പിലുള്ള പോംവഴിയും.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ പ്രതി ആഡംബര കാറിടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 79 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ കഴിഞ്ഞയാഴ്ചയാണു വാദം പൂർത്തിയായത്. ഈ മാസം 31നകം വിധി പറയണമെന്നു സുപ്രീം കോടതി നിർദേശമുണ്ട്. രാവിലെ കേസ് പരിഗണിക്കുമ്പോൾ തന്നെ നിഷാം കുറ്റക്കാരനാണോ അല്ലയോ എന്നതു കോടതി പറയും.

തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കാരമുക്ക് കാട്ടുങ്ങൽ ചന്ദ്രബോസിനെ (50) ശോഭാ സിറ്റിയിലെ താമസക്കാരനായ വിവാദ വ്യവസായി മുഹമ്മദ് നിസാം (38) മദ്യലഹരിയിൽ ഹമ്മർ കാർ ഓടിച്ച് ദേഹത്തുകയറ്റിയും ആക്രമിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് വിധി സംബന്ധിച്ച് പ്രതിക്കു പറയാനുള്ളത് കേൾക്കും. പ്രോസിക്യൂട്ടറുടെയും പ്രതിഭാഗം അഭിഭാഷകന്റെയും ശിക്ഷയെക്കുറിച്ചുള്ള വാദം കൂടി കഴിഞ്ഞ ശേഷമേ ശിക്ഷ വിധിക്കൂ.

സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു വാദം ഉപസംഹരിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി പി ഉദയഭാനു ആവശ്യപ്പെട്ടത്. എന്നാൽ, പരിക്കു പറ്റിയ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നും ചികിത്സിച്ച ഡോക്ടർമാരെയാണ് പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ രാമൻപിള്ളയുടെ അന്തിമവാദം.

വധക്കേസിൽ അന്തിമ വിധി നാളെ വരാനിരിക്കെ പ്രതി നിസാമിന് അർഹിച്ച ശിക്ഷ തന്നെ കിട്ടുമെന്ന പ്രതീക്ഷയുമായി ചന്ദ്രബോസിന്റെ കുടുംബം. മകനില്ലാത്ത ലോകത്ത് നിസാമും വേണണ്ടെന്ന് ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചു. ചന്ദ്രബോസ് കൊല്ലപ്പെട്ട് ഒരു വർഷം തികയാനിരിക്കെ 79 ദിവസത്തെ വിചാരണക്കൊടുവിലാണ് നാളെ വിധി പറയുക. കേസിൽ 22 പ്രോസിക്യൂഷൻ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. വിചാരണയുടെ ആദ്യ ദിനം ഒന്നാം സാക്ഷി അനൂപ് കൂറുമാറിയെങ്കിലും പിന്നീട് തിരുത്തിയിരുന്നു.