തൃശൂർ: പണത്തിന്റെ ഹുങ്കിൽ ചന്ദ്രബോസ് എന്ന പാവപ്പെട്ടവനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിസാം കുറ്റക്കാരൻ. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിസാം കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. കോടതി ജഡ്ജ് കെ.പി. സുധീർ ആണ് കേരള കാതോർത്തിരുന്ന കേസിന് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.

ഒറ്റവരിയിലാണ് കോടതി വിധി പറഞ്ഞത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞു. പ്രതി ശിക്ഷിക്കപ്പെടേണ്ടയാൾ തന്നെയാണെന്നും കോടതി വിലയിരുത്തി. ശിക്ഷ ഉറപ്പായതോടെ നിസ്സാം കോടതിയുടെ കനിവിനായി അപേക്ഷിച്ചു. തന്റേത് കൂട്ടുകുടുംബമാണെന്നും ദയവുകാട്ടണമെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. കൊലപാതകം അടക്കം പ്രോസിക്യൂഷൻ ചുമത്തിയ ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മുൻവൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന വാദം കോടതി അംഗീകരിച്ചു. നിസാമിന് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ കോടതിയിൽ തുടർവാദം നടന്നു. നാളെ വിധി പറയും.

സംഭവം നടന്ന് ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് വിധി വരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 79 ദിവസത്തെ വിചാരണ പൂർത്തിയാക്കിയത്. ജനവരി 31നുള്ളിൽ വിധിപറയണമെന്ന് സുപ്രീകോടതി നിർദ്ദേശം ഉണ്ടായിരുന്നു. അഡ്വ. സി.പി. ഉദയഭാനുവാണ് കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. രാമൻപിള്ളയാണ് പ്രതിഭാഗം വക്കീൽ. 2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമമിച്ചത്. ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ഹമ്മർ ജീപ്പ് ഇടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി പരുക്കേൽപ്പിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു ക്രൂരമായ മർദ്ദനം ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ വാദമാണ് കോടതിയിൽ അംഗീകരിക്കപ്പെട്ടത്. ശിക്ഷാ വിധിക്കായുള്ള വാദത്തിൽ നിസാം ചെയ്തത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റമാണെന്നും അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. ഉദയഭാനു വാദിച്ചു. നിസാം ചന്ദ്രബോസിനെ കൊലപ്പെടുത്താനായി മർദ്ദിച്ചത് അടക്കം പരിശോധിച്ചാൽ ഇയാൾ പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ഒരു കൂട്ടു കുടുംബത്തിലെ അംഗമാണ് ഞാൻ എന്നാണ് നിസാം പറഞ്ഞത്. താൻ ജയിലിലായാൽ കുടുംബം അനാഥമാകും. അതുകൊണ്ട് ശിക്ഷ ഇളവ് വേണെമെന്നും നിസാം വാദിച്ചു.

വിധി പറയുന്നതിന് കേൾക്കാനായി ചന്ദ്രബോസിന്റെ കുടുംബവും കോടതിയിൽ എത്തിയിരുന്നു. നിസാമിന്റെ ഭാര്യയും കോടതിയിൽ ത്തിയിരുന്നു. നിസാമിനെതിരെ തെളിവുകൾ നിരത്തി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. ഈ കേസിൽ സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പലവിധ അപ്പീലുകൾ തള്ളി കാശിന്റെ അഹങ്കാരമാണ് ചന്ദ്രബോസിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചന്ദ്രബോസിനെ നിസാം ആഡംബര ജീപ്പുകൊണ്ട് ഇടിച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 18 ദിവസത്തിനു ശേഷം ചികിൽസയിലിരിക്കെ ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസിൽ കഴിഞ്ഞ 12ന് വാദവും പൂർത്തിയായി. ജനുവരി 31ന് അകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിനു ശേഷവും വിചാരണ നീട്ടാനും കേരളത്തിനു പുറത്തേക്കു മാറ്റാനും ശ്രമം നടന്നിരുന്നു. ഇതൊന്നും ഫലിച്ചില്ല.

താൻ വിഷാദരോഗിയാണെന്നും ചന്ദ്രബോസ് ആണ് തന്നെ ആക്രമിച്ചതെന്നും ജീപ്പിനു മുന്നിലേക്ക് ചാടുകയായിരുന്നെന്നുമായിരുന്നു നിസാമിന്റെ വാദം. എന്നാൽ ചന്ദ്രബോസിനെ നിഷാം ജീപ്പിടിപ്പിച്ചെന്ന ദൃക്‌സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു ആവശ്യപ്പെട്ടത്. പരുക്കേറ്റ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കെ. രാമൻപിള്ളയുടെ അന്തിമവാദം. എന്നാൽ ഇതൊന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ.

സാക്ഷികളെ കൂറുമാറ്റി കേസിൽ നിന്നും രക്ഷപ്പെടാനുള്ള നിസാമിന്റെ നീക്കവും പ്രോസിക്യൂഷൻ പൊളിച്ചിരുന്നു. ആദ്യ സാക്ഷിയെ കൂറുമാറ്റാനുള്ള ശ്രമത്തെ തകർത്തതോടെയാണ് ഇത്. കേസിൽ സാക്ഷിയായ നിസാമിന്റെ ഭാര്യ ഒഴികെയുള്ളവർ പ്രോസിക്യൂഷൻ വാദങ്ങളെ അനുകൂലിച്ചാണ് മൊഴി നൽകിയത്. തുടക്കം മുതൽ തന്നെ നിരവധി അട്ടിമറി ശ്രമങ്ങൽ് ഈ കേസിൽ തുടങ്ങിയിരുന്നു. പണം വാരിയെറിഞ്ഞ് രക്ഷപെടാൻ വേണ്ടിയായിരുന്നു നിസാമിന്റെ ശ്രമം.

ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവനാണ് നിസാമിനെ രക്ഷിക്കാനായി ഗോഡ്ഫാദർ ചമഞ്ഞ് ലീഗ് മന്ത്രിമാരും കോൺഗ്രസ് പ്രമുഖരും രംഗത്തെത്തിയതോടെയാണ് കേസിന്റെ തുടക്കത്തിൽ അട്ടിമറി നീക്കം സജീവമായിരുന്നു. എന്നാൽ, മാദ്ധ്യമങ്ങളുടെ സജീവ ഇടപെടലും നിശാന്തിനി ഐപിഎസിന്റെ നിലപാടും കേസിൽ നിർണ്ണായകമായി.