തൃശൂർ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലപാതക കേസിൽ കോടതി വിധി പ്രസ്താവിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബര കാർ ഇടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം ശിക്ഷയും 24 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. 80 ലക്ഷം പിഴശിക്ഷ വിധിക്കുകയും ചെയ്തു. ഇതിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

തൃശൂർ അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് നിസാമിന് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം വിചാരണാ കോടതി തള്ളി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്താൻ സാധിക്കില്ലെന്ന് കാണിച്ചാണ് നിസാമിന്റെ ശിക്ഷ ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയും വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച സാഹചര്യത്തിൽ നാല് വർഷത്തിന് ശേഷം മാത്രമേ വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് സാധിക്കുകയൂള്ളു. വധശിക്ഷ ലഭിച്ചില്ലെങ്കിലും നിസാമിന് ലഭിച്ചത് പരമാവധി ശിക്ഷയാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ സി പി ഉദയഭാനു പ്രതികരിച്ചു.

ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും മർദിച്ചും കൊന്നകേസിൽ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അത് സാധൂകരിക്കാൻ പ്രധാനമായും മൂന്ന് വാദങ്ങളാണ് മുന്നോട്ടു വച്ചത്. നിരായുധനായി നിന്ന ചന്ദ്രബോസിനെ ആക്രമിച്ച രീതി നിഷാമിന്റെ ക്രൂരതയും സാധാരണക്കാരനോടുള്ള ധാർഷ്ട്യവുമാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പതിനാല് കേസിലും കാപ്പാ നിയമപ്രകാരവും പ്രതിയായ നിഷാം സമൂഹത്തിന് ഭീഷണിയാണ്, നിഷാമിനാൽ ഒരു കുടുംബം അനാഥമായതിനാൽ പാർലമെന്റ് ആക്രമണത്തിലെ പ്രതികൾക്ക് ലഭിച്ച അതേ ശിക്ഷക്ക് അർഹനാണെന്നുമായിരുന്നു കോടതിയുടെ വാദമുഖങ്ങൾ.

ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും മർദിച്ചും കൊന്നകേസിൽ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അത് സാധൂകരിക്കാൻ പ്രധാനമായും മൂന്ന് വാദങ്ങളാണ് മുന്നോട്ടു വച്ചത്. നിരായുധനായി നിന്ന ചന്ദ്രബോസിനെ ആക്രമിച്ച രീതി നിഷാമിന്റെ ക്രൂരതയും സാധാരണക്കാരനോടുള്ള ധാർഷ്ട്യവുമാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പതിനാല് കേസിലും കാപ്പാ നിയമപ്രകാരവും പ്രതിയായ നിഷാം സമൂഹത്തിന് ഭീഷണിയാണ്, നിഷാമിനാൽ ഒരു കുടുംബം അനാഥമായതിനാൽ പാർലമെന്റ് ആക്രമണത്തിലെ പ്രതികൾക്ക് ലഭിച്ച അതേ ശിക്ഷക്ക് അർഹനാണെന്നുമായിരുന്നു കോടതിയുടെ വാദമുഖങ്ങൾ.

അപൂർങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാനാവില്ലെന്നണ് പ്രതിഭാഗം വാദിച്ചത്. കാരണം പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ച കൊലപാതകമാണ്. സമാനസാഹചര്യങ്ങളുലുള്ള കേസിൽ പ്രതികൾക്ക് ശിക്ഷ ഇളവ് ലഭിച്ച സുപ്രീംകോടതി വിധികളും പ്രതിഭാഗം സാക്ഷ്യപ്പെടുത്തി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

ഇന്നലെ ഒറ്റവരിയിലാണ് കോടതി നിസാം കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞു. പ്രതി ശിക്ഷിക്കപ്പെടേണ്ടയാൾ തന്നെയാണെന്നും കോടതി വിലയിരുത്തി. ശിക്ഷ ഉറപ്പായതോടെ നിസ്സാം കോടതിയുടെ കനിവിനായി അപേക്ഷിച്ചു. സംഭവം നടന്ന് ഒരുവർഷം തികയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് വിധി പുറത്തുവന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 79 ദിവസത്തെ വിചാരണ പൂർത്തിയാക്കിയത്. ജനവരി 31നുള്ളിൽ വിധിപറയണമെന്ന് സുപ്രീകോടതി നിർദ്ദേശം ഉണ്ടായിരുന്നു. അഡ്വ. സി.പി. ഉദയഭാനുവാണ് കേസിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാറാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. രാമൻപിള്ളയാണ് പ്രതിഭാഗം വക്കീൽ.

2015 ജനുവരി 29നാണ് ശോഭാ സിറ്റി അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസ്സാം ആക്രമമിച്ചത്. ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ഹമ്മർ ജീപ്പ് ഇടിപ്പിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി പരുക്കേൽപ്പിച്ചു.

വിധി പറയുന്നതിന് കേൾക്കാനായി ചന്ദ്രബോസിന്റെ കുടുംബവും കോടതിയിൽ എത്തിയിരുന്നു. നിസാമിന്റെ ബന്ധുക്കളും കോടതിയിൽ ഉണ്ടായിരുന്നു. നിസാമിനെതിരെ തെളിവുകൾ നിരത്തി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. ഈ കേസിൽ സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. പലവിധ അപ്പീലുകൾ തള്ളി കാശിന്റെ അഹങ്കാരമാണ് ചന്ദ്രബോസിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചന്ദ്രബോസിനെ നിസാം ആഡംബര ജീപ്പുകൊണ്ട് ഇടിച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 18 ദിവസത്തിനു ശേഷം ചികിൽസയിലിരിക്കെ ചന്ദ്രബോസ് മരിച്ചു. പേരാമംഗലം സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസിൽ കഴിഞ്ഞ 12ന് വാദവും പൂർത്തിയായി. ജനുവരി 31ന് അകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിനു ശേഷവും വിചാരണ നീട്ടാനും കേരളത്തിനു പുറത്തേക്കു മാറ്റാനും ശ്രമം നടന്നിരുന്നു. ഇതൊന്നും ഫലിച്ചില്ല.

താൻ വിഷാദരോഗിയാണെന്നും ചന്ദ്രബോസ് ആണ് തന്നെ ആക്രമിച്ചതെന്നും ജീപ്പിനു മുന്നിലേക്ക് ചാടുകയായിരുന്നെന്നുമായിരുന്നു നിസാമിന്റെ വാദം. എന്നാൽ ചന്ദ്രബോസിനെ നിഷാം ജീപ്പിടിപ്പിച്ചെന്ന ദൃക്‌സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു ആവശ്യപ്പെട്ടത്. പരുക്കേറ്റ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കെ. രാമൻപിള്ളയുടെ അന്തിമവാദം.

സാക്ഷികളെ കൂറുമാറ്റി കേസിൽ നിന്നും രക്ഷപ്പെടാനുള്ള നിസാമിന്റെ നീക്കവും പ്രോസിക്യൂഷൻ പൊളിച്ചിരുന്നു. ആദ്യ സാക്ഷിയെ കൂറുമാറ്റാനുള്ള ശ്രമത്തെ തകർത്തതോടെയാണ് ഇത്. കേസിൽ സാക്ഷിയായ നിസാമിന്റെ ഭാര്യ ഒഴികെയുള്ളവർ പ്രോസിക്യൂഷൻ വാദങ്ങളെ അനുകൂലിച്ചാണ് മൊഴി നൽകിയത്. തുടക്കം മുതൽ തന്നെ നിരവധി അട്ടിമറി ശ്രമങ്ങൽ് ഈ കേസിൽ തുടങ്ങിയിരുന്നു. പണം വാരിയെറിഞ്ഞ് രക്ഷപെടാൻ വേണ്ടിയായിരുന്നു നിസാമിന്റെ ശ്രമം. എന്നാൽ, അതെല്ലാം പാഴാകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്.