വാഷിങ്ടൻ: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിനയച്ച ആദ്യത്തെ പേടകം ചന്ദ്രയാൻ ഒന്ന് ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസ കണ്ടെത്തി. 2008 ഒക്ടോബർ 22 നാണ് ചാന്ദ്രയാൻ ഒന്ന് ദൗത്യം ഇന്ത്യ വിക്ഷേപിക്കുന്നത്. 2009 ഓഗസ്റ്റ് 29ന് ഐഎസ്ആർഒയ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ, ചന്ദ്രയാൻ ഒന്ന് പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റർ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്.

ഇന്റർപ്ലാനെറ്ററി റഡാർ സാങ്കേതികവിദ്യയിലൂടെയാണ് ഇത് കണ്ടെത്തിയത്. രണ്ടുവർഷത്തെ ആയുസ് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്തു മാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ ഒന്നുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, ശാസ്ത്രീയമായും സാങ്കേതികമായും ചന്ദ്രയാൻ ദൗത്യം 100% വിജയമായിരുന്നു. പേടകം ലക്ഷ്യമിട്ടിരുന്ന ദൗത്യങ്ങളിൽ 90-95% പൂർത്തിയാക്കുകയും ചെയ്തിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചതു ചന്ദ്രയാൻ ഒന്നിന്റെ പ്രവർത്തനത്തിലൂടെയാണ്.

ചാന്ദ്രയാൻ-1ന് പുറമേ നാസയുടെ തന്നെ ലൂണാർ റികൊനൈസൻസ് ഓർബിറ്ററും ഇന്റർപ്ലാനറ്ററി റഡാർ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരമുള്ളതിനാൽ എൽആർഒ കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നെന്നും എന്നാൽ 2009ൽ ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാൻ കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നും നാസ പത്രക്കുറിപ്പിൽ പറയുന്നു. ചന്ദ്രനെ ചുറ്റുന്ന നഷ്ടമായ പേടകങ്ങളും ബഹിരാകാശ വസ്തുക്കളും കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. എന്നാൽ ഇന്റർപ്ലാനറ്ററി റഡാറിന്റെ പുതിയ ആപ്ലിക്കേഷൻ ഈ സാങ്കേതിക പരിമിതി മറികടന്നതായാണ് നാസയുടെ പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളിൽ ഒന്നായാണ് ചന്ദ്രയാൻ-1 വിലയിരുത്തപ്പെടുന്നത്. പേടകത്തിന്റെ സെൻസറുകളിലൊന്നിനു 2009 ഏപ്രിൽ 26നു തകരാറു സംഭവിച്ചിരുന്നു. ശക്തിയേറിയ സൂര്യരശ്മികളേറ്റു രണ്ടാമത്തെ സെൻസർ മെയ്‌ 16നും പ്രവർത്തനരഹിതമായി. മൊത്തം 312 ദിവസമാണു ചന്ദ്രയാൻ പ്രവർത്തിച്ചത്. ഇതിനിടയിൽ 3,400ൽ ഏറെത്തവണ ചന്ദ്രനു ചുറ്റും ഭ്രമണം പൂർത്തിയാക്കി.

എഴുപതിനായിരത്തോളം ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചന്ദ്രന്റെ ഉപരിതല ചിത്രീകരണ ക്യാമറ, ധാതുപരീക്ഷണത്തിനു സഹായകമാകുന്ന മാപ്പർ, അതിതീവ്ര വർണങ്ങളെ ചിത്രീകരിക്കാവുന്ന ഇമേജർ തുടങ്ങിയവ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായിരുന്നു.