- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ചന്ദ്രയാൻ ദൗത്യം ഓഗസ്റ്റിൽ; ഗഗൻയാൻ പരീക്ഷണ ദൗത്യങ്ങളും ഈ വർഷം തന്നെ
ഡൽഹി: ഈ വർഷം ഓഗസ്റ്റിൽ ചന്ദ്രയാൻ വിക്ഷേപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ലോക്സഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ആദ്യ രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ വിദഗ്ദ്ധർ വിശകലനം ചെയ്തുവെന്നും ചന്ദ്രയാൻ മൂന്നിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചത്.
ദൗത്യത്തിന്റെ ഭാഗമായ പല പ്രത്യേക പരീക്ഷണങ്ങളും പൂർത്തിയാക്കിയെന്നും വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പല ദൗത്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും ചന്ദ്രയാന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് കാലത്ത് ഏത് പദ്ധതിക്കാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന കാര്യത്തിലും ആലോചന നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഗഗൻയാൻ പരീക്ഷണ ദൗത്യങ്ങളും ഈ വർഷം തന്നെ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഗഗൻയാൻ പദ്ധതിയിൽ രണ്ട് ദൗത്യങ്ങളാണ് 2022-23 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്.
ഗഗൻയാൻ കൂടാതെ മറ്റ് രണ്ട് ഉപഗ്രങ്ങഹളുടെ നിർമ്മാണത്തിനും ഈ സാമ്പത്തിക വർഷം അനുമതി നൽകിയിട്ടുണ്ട്. ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹവും ഒരു ഗതിനിർണ്ണയ ഉപഗ്രഹവും ഈ സാമ്പത്തിക വർഷം തന്നെ രാജ്യം വികസിപ്പിക്കും.
ഇന്ത്യയുടെ ഏറ്റവും പുതിയ ഉപഗ്രഹവിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ( സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) പരീക്ഷണ വിക്ഷേപണവും 2022-2023 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ദൗത്യങ്ങളാണഎസ്എസ്എൽവിയിലും ഉള്ളത്.
ആകെ 10 വിക്ഷേപണ ദൗത്യങ്ങളാണ് 2022-2023ൽ പ്രതീക്ഷിക്കുന്നത്. അഞ്ചെണ്ണം പിഎസ്എൽവി ദൗത്യങ്ങളാണ്. ഒന്ന് ജിഎസ്എൽവി മാർക്ക് ത്രീ ദൗത്യവും രണ്ടെണ്ണം ജിഎസ്എൽവി (മാർക്ക് 2) ദൗത്യങ്ങളും. കഴിഞ്ഞ വർഷം ജിഎസ്എൽവി ( മാർക്ക് 2) ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഐഎസ്ആർഒ ഒരു വിക്ഷേപണവും ഇതുവരെ നടത്തിയിട്ടില്ല.
2022ലെ ആദ്യ ബഹിരാകാശാ ദൗത്യം ഫെബ്രുവരിയിൽ തന്നെ ഉണ്ടാകുമെന്നാണ് ഇസ്രൊ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരം. പിഎസ്എൽവി സി52 ദൗത്യമായിരിക്കും ആദ്യം. റിസാറ്റ് ശ്രേണിയിൽ ഉൾപ്പെട്ട ഉപഗ്രഹമായിരിക്കും ഈ ദൗത്യത്തിലൂടെ വിക്ഷേപിക്കുക. ഇത് റാഡാർ ഇമേജിങ് ഉപഗ്രഹമാണ്. താഴ്ന്ന ഭൂഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം സ്ഥാപിക്കുക. റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 2009ലാണ് .
ഇതിന് ശേഷം ഓഷ്യൻസാറ്റ് ശ്രേണിയിലെ ഉപഗ്രഹവും കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ഉപഗ്രഹമായ ആനന്ദും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. മുൻപ് പിഎസ്എൽവി സി51 ദൗത്യത്തിന്റെ ഭാഗമായി ഈ ഉപഗ്രവും വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സാങ്കേതിക തകരാർ മൂലം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിക്സൽ ഇന്ത്യയാണ് ഉപഗ്രഹത്തിന്റെ നിർമ്മാതാക്കൾ.
കോവിഡ് കാലത്ത് താളം തെറ്റിയ ദൗത്യ പദ്ധതികളെ വീണ്ടും പഴയരീതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ഇസ്രൊ. അഞ്ച് ദൗത്യങ്ങളാണ് ബഹിരാകാശ ഏജൻസി അടുത്ത മൂന്ന് മാസത്തിനിടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ