- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ കാടുകയറിയ പൊലീസ് സംഘം കിലോമീറ്ററുകൾ താണ്ടിയിട്ടും ആളുടെ പൊടിപോലുമില്ല; മലയിറങ്ങി തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയിലേക്ക് കടന്നെന്നും സംശയിച്ചു; ഒടുവിൽ വൈകിട്ട് നാലോടെ കരിമുട്ടി വനത്തിനടുത്ത് ഒളിയിടം കണ്ടെത്തി; പാളപ്പെക്കുടി ആദിവാസി കോളനിയിലെ ചന്ദ്രികയെ കൊലപ്പെടുത്താൻ ഒന്നാം പ്രതി കാളിയപ്പന് തോക്ക് നൽകിയതും പരിശീലിപ്പിച്ചതും ചന്ദന മാഫിയയുടെ സൂത്രധാരൻ ബിനുകുമാർ; തോക്ക് നിർമ്മിച്ച് നൽകിയ കൂട്ടുപ്രതി സോമനും പിടിയിൽ
മറയൂർ: പാളപ്പെട്ടിക്കുടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനും മേഖലയിലെ ചന്ദനംകടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണിയുമായ ബിനുകുമാറും ഇയാൾക്ക് തോക്ക് നിർമ്മിച്ചുനൽകിയ സമീപവാസി സോമനും പൊലീസ് പിടിയിൽ. ഇന്ന് വൈകിട്ട് 4 മണിയോടടുത്ത് കരിമുട്ടി വനമേഖലയ്ക്ക് സമീപത്തുനിന്നുമാണ് മറയൂർ സിഐ ജി സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബിനുകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നുനടത്തിയ ചോദ്യം ചെയ്യലിൽ തോക്കുനിർമ്മിച്ചുനൽകിയത് സോമനാണെന്ന് ബിനുകുമാർ വെളിപ്പെടുത്തി. ഉടൻ പൊലീസ്് സംഘം ഇയാളെ വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
വീട്ടിൽ നടത്തിയ റെയ്ഡിൽ തോക്കുനിർമ്മിക്കുന്നതിനുള്ള നിരവധി വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. പിന്നീട് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചന്ദ്രിക കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ വെടിവച്ചുവീഴ്‌ത്തിയ ബന്ധുവടക്കം 3 പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തിൽ ബിനുകുമാറിന്റെ പങ്ക് വ്യക്തമാവുന്നത്. ബിനുകുമാറിനെ കണ്ടെത്താൻ പൊലീസ് സംഘം വനമേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു.
മറയൂർ സി ഐ ജി സുനിലിന്റെ നേതൃത്വത്തിൽ 7 പേരടങ്ങുന്ന പൊലീസ് സംഘവും ഡെപ്യൂട്ടി റെയിഞ്ചറുടെ നേതൃത്വത്തിൽ 8 പേരടങ്ങുന്ന വനംവകുപ്പുസംഘവും സംയുക്തമായി ഒരു ദിവസം മുഴുവൻ വനമേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുലർച്ച കാടുകയറിയ ഉദ്യോഗസ്ഥ സംഘം മലമടക്കുകളും താഴ്‌വരകളും താണ്ടി വനത്തിലുടെ കിലോമീറ്ററുകൾ സഞ്ചരിച്ചെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായില്ല. പാളപ്പെട്ടിക്കടിയിൽ നിന്നും മലയിറങ്ങിയാൽ തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയായി. കാട്ടുവഴികളിലൂടെ 10 കിലോമീറ്റർ പിന്നിട്ടാൽ മഞ്ഞപ്പെട്ടിയിലെത്താം. ഇയാൾ കാട്ടുപാതകൾ വഴി തമിഴ്‌നാട്ടിലേയ്ക്ക് കടന്നിട്ടുണ്ടാവാമെന്നായിരുന്നു പൊലീസിന്റെ നിഗമനം.
11 ഫോറസ്റ്റ് കേസുകളിലും ഒരു വധശ്രമകേസ്സിലും പ്രതിയായ ബിനുകുമാർ താമസിച്ചിരുന്നത് പാളപ്പെട്ടികുടിയിലാണെങ്കിലും കുറ്റകൃത്യങ്ങൾക്കുശേഷം പതുങ്ങുന്നത് സമീപത്തെ ചന്ദനറിസർവ്വിന്റെ ഉൾപ്രദേശങ്ങളിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ചന്ദ്രികയെ കൊലപ്പെടുത്താൻ ഒന്നാം പ്രതി കാളിയപ്പന് തോക്ക് നൽകിയതും വെടിയുതിർക്കാൻ പരിശീലനം നൽകിയതും ബിനുകുമാറാണെന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടിരുന്നു.ചന്ദ്രികയുടെ കൊലയുമായി ബന്ധപ്പെട്ട് നിലവിൽ അറസ്റ്റിലായ മൂന്നുപേർ ബിനുകുമാറിന്റെ ചന്ദനംകടത്ത് സംഘത്തിലെ കണ്ണികളാണെന്നും പൊലീസിന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമായിരുന്നു.
ചന്ദനം കടത്ത് സംബന്ധിച്ച വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിന്റെ പേരിൽ നേരെത്തെയും ബിനുകുമാറിന്റെ നേതൃത്വത്തിൽ ആക്രണമുണ്ടായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ചന്ദ്രിക കൊലക്കേസ്സിലെ പ്രായപൂർത്തിയാവാത്ത മൂന്നാംപ്രതിയുടെ പിതാവ് ശേഖറിനെ വർഷങ്ങൾക്ക് മുമ്പ് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് ബിനുകുമാറും പിതാവ് പെരിയകുപ്പനും ചേർന്നാണെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
തലയക്ക് മാരകമായി മുറിവേറ്റ ശേഖർ ഏറെനാളത്തെ ചികത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. അന്നത്തെ ആക്രമത്തിന്റെ ബാക്കിപത്രമായി ഇന്നും ശേഖറിന്റെ നെറ്റിയിൽ വലിയൊരുമുറിപ്പാടുണ്ട്. ഇയാൾ ഇപ്പോഴും ഫോറസ്റ്റർ വാച്ചറായി ജോലിചെയ്തുവരികയാണ്.കേസിലെ രണ്ടാംപ്രതി മണികണ്ഠന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വിലകൂടിയ ടച്ച് ഫോണുകളുടെ 10 കവറുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും ഫോണുകൾ ഇയാൾ വാങ്ങിക്കൂട്ടിയത് ബിനുകുമാർ പണം നൽകി ചുമതലപ്പെടുത്തിയതിനാലാവാമെന്നാണ് പൊലീസ് കരുതുന്നത്. വിലകൂടിയ ഫോണുകളും പണവും മദ്യവും മറ്റും നൽകി വശീകരിച്ചാണ് ഇയാൾ ചന്ദനംകടത്തുന്നതിനായി കോളനിവാസികളെ കൂടെചേർക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ മാസം 21-ന് രാത്രി 9 മണിയോടെയാണ് ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരും പാളപ്പെട്ടി ആദിവാസികോളനിവാസികളാണ്. പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്. തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു. മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും. കുറച്ചുദൂരം ജീപ്പിൽപോകാം.പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള ഏകമാർഗ്ഗം. ഈ സാഹചര്യം ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുണ്ട് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും അടുത്തിടെ ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയിരുന്നു.തോക്കും ലഭ്യമാക്കിയും ആവശ്യമായ പരിശീലനം നൽകിയും ബിനുകുമാറും ആവശ്യമായ സഹായം ചെയ്തിരുന്നു.
സംഭവദിവസം വൈകിട്ട് മണികണ്ഠനും മറ്റ് പ്രതികളുമടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദനറിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി.രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ സംഘത്തിലെ കാളിയപ്പൻ പിൻകഴുത്തിൽ നിറയൊഴിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്ന ചന്ദ്രികയെ തേടിച്ചെന്നാണ് കാളിയപ്പനും സംഘവും കൃത്യം നടത്തിയത്.ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഭവത്തിലുൾപ്പെട്ട മൂവരെയും കസ്റ്റഡിയിലെടുത്തു.കൃത്യത്തിന് ശേഷം സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.
എസ് ഐ മാരായ ജി അജയകുമാർ, വി എം ഷെമീർ , എ എസ് ഐ മാരായ അബ്ബാസ് പി എം, ബെന്നി കെ പി , സി പി ഒ മാരായ അനി കുമാർ , മനോജ്, അജീഷ്, ഹരീഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
മറുനാടന് മലയാളി ലേഖകന്.