മലപ്പുറം: മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികക്കു കീഴിലുള്ള ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രിക മാസികയും പ്രസിദ്ധീകരണം നിർത്തുന്നു. മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി പുറത്തു വിട്ട വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചു വരുന്നതിനാലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും നിർത്തുന്നതെന്നു മാനേജ്‌മെന്റ് പറയുന്നു.

കോഴിക്കോട് ആസ്ഥാനമായുള്ള മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിക്കു കീഴിലാണ് ചന്ദ്രിക ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത്. ഡിജിറ്റൽ ആയോ പ്രിന്റ് മോഡലിലോ ചന്ദ്രിക ആഴ്ച പതിപ്പും മഹിളാ ചന്ദ്രികയും ഉണ്ടാകില്ലെന്നു വ്യക്തമാക്കിയ മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ചന്ദ്രിക ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തുടരുമെന്നും അറിയിച്ചു.

മാനേജ്മെന്റിന്റെ അറിയിപ്പ്

ഏറെ പ്രതിസന്ധികൾക്കിടയിലും വായനക്കാർക്ക് ചന്ദ്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നവീകരണപ്രവർത്തനങ്ങൾ മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതേസമയം വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവു ചുരുക്കൽ പദ്ധതികളും നടപ്പിൽവരുത്തുകയുമാണ്.

ഇതിന്റെ ഭാഗമായി ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിൽ പ്രവർത്തിച്ചുവരുന്ന പീരിയോഡിക്കൽസ് വിഭാഗം താൽക്കാലികമായി നിർത്തൽ ചെയ്യുന്നതിന് മാനേജ്മെന്റ് തീരുമാനിച്ചു. ആയതിനാൽ 01-07-2022 മുതൽ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാവുന്നതുവരെ ഡിജിറ്റലായോ പ്രിന്റായോ ചന്ദ്രിക വീക്കിലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല.

പീരിയോഡിക്കൽസ് അടക്കമുള്ള ഏതു വിഭാഗത്തിൽപ്പെട്ട സ്ഥിര, പ്രൊബേഷൻ ജീവനക്കാർക്കുവേണ്ടി മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള എക്സിറ്റ് സ്‌കീം 2022 ജീവനക്കാർ പരമാവധി പ്രയോജനപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു

ഡയറക്ടർ ബോർഡിനു വേണ്ടിപി എം എ സമീർ