- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിസ്ത്യൻ ഐഡികളിൽ നിന്ന് ഹലാൽ ബീഫ് കഴിക്കരുത്, ഹലാൽ ചിക്കൻ കഴിക്കരുത് എന്ന്പ്രചാരണം; ഹാഗിയ സോഫിയ..ആയിരക്കണക്കിന് പള്ളികളാണ് സ്പെയിനിൽ, വെസ്റ്റിൽ, ഇംഗ്ലണ്ടിൽ ബാറുകളായി മാറുന്നത്; വിവാദ പ്രസംഗത്തിൽ വിമർശനവുമായി കെസിബിസി; ഖേദം പ്രകടിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ
തിരുവനന്തപുരം: ഇരിക്കൂർ സീറ്റിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമോ ? തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചാണ്ടി ഉമ്മൻ സജീവമാണ് താനും. ഉമ്മൻ ചാണ്ടിയെ പോലൊരാളുടെ മകൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമ്പോൾ പരിഗണിക്കാവുന്ന സുരക്ഷിതമണ്ഡലമാണ് ഇരിക്കൂറെന്നും അഭിപ്രായം ഉയർന്നിരുന്നു. മാധ്യമങ്ങളിൽ രണ്ടുമൂന്നു ദിവസമായി ഈ ചർച്ച മുറുകുന്നതിനിടെ, മറ്റൊരു വിവാദവും പൊട്ടിപ്പുറപ്പെട്ടു.
ക്രിസ്ത്യൻ ഐഡികളിൽ നിന്ന് ഹലാൽ ബീഫ് കഴിക്കരുത്, ഹലാൽ ചിക്കൻ കഴിക്കരുത് എന്ന് പ്രചരണം നടക്കുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മൻ പ്രസംഗിച്ചത്. കോഴിക്കോട്ട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം. ആയിരക്കണക്കിന് ക്രിസ്ത്യൻ പള്ളികൾ ഡാൻസ് ബാറുകളായി മാറിയപ്പോൾ ആർക്കും വിഷമമുണ്ടായില്ലെന്നും ഹാഗിയ സോഫിയയുടെ കാര്യത്തിൽ, ഇല്ലാത്ത ഒരു പ്രശ്നത്തിന്റെ പേരിൽ ഇവിടെ തമ്മിലടിപ്പിക്കുകയാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം. എന്നാൽ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയതോടെയാണ് ചാണ്ടി ഉമ്മൻ മാപ്പ് പറഞ്ഞത്. താൻ ക്രിസ്ത്യൻ ഐഡി എന്നല്ല ഉദ്ദേശിച്ചതെന്നും ക്രിസ്ത്യൻ ഫേക്ക് ഐഡി എന്നാണെന്നും ഫേസ്ബുക്ക് ലൈവിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.
തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയ നടപടി ചാണ്ടി ഉമ്മൻ ന്യായീകിരിച്ചുവെന്നായിരുന്നു ആരോപണം. യൂടുബിൽ പ്രചരിക്കുന്ന വീഡിയോയാണ് ഇതിന് ആധാരം. ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വോട്ട് ലക്ഷ്യമാക്കി വർഗീയത വളർത്തുന്നത് ആശ്വാസ്യമല്ലെന്ന് കെസിബിസി ചാണ്ടി ഉമ്മന് മറുപടിയായി പ്രസ്താവനയിൽ പറഞ്ഞു. ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കൾ ശ്രദ്ധിക്കണം. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. തുർക്കി ഭരണാധികാരി എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ ലേഖനമെഴുതിയ മുസ്ലിം ലീഗ് നേതാവിനെ ന്യായീകരിക്കുകയാണ് ചാണ്ടി ഉമ്മൻ ചെയ്തത്. എർദോഗാൻ ബോധപൂർവം ചരിത്രത്തെ അവഹേളിച്ചുകൊണ്ടു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വർത്തമാനത്തിലൂടെ വെള്ളപൂശാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വർഗീയ ചേരിതിരിവു വളർത്തുന്നത് സമൂഹത്തിൽ വലിയ മുറിവു സൃഷ്ടിക്കുമെന്നും കെസിബിസി ചാണ്ടി ഉമ്മന് മറുപടിയായി പറഞ്ഞു.
അതേസമയം, വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ രംഗത്തെത്തി. ഹാഗിയ സോഫിയ പരാമർശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനഃപൂർവ്വമല്ല പരാമർശം നടത്തിയതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് വീഡിയോയിലെ വിശദീകരണം ഇങ്ങനെ:
'രാവിലെ മുതൽ ആളുകൾ എന്റെയൊരു പ്രസംഗം, അതിനെ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു.തീർച്ചയായിട്ടും ഞാൻ എല്ലാ അഭിപ്രായങ്ങളും കേട്ടു. അതിന് അനുസരിച്ച് മറുപടി തരണം എന്ന് വിചാരിച്ചാണ് ലൈവ്. ഈ പ്രസംഗം 12 ദിവസമായി യുടൂബിൽ ഓടിക്കൊണ്ടിരിക്കുന്ന പ്രസംഗമാണ്. 90,000 ത്തോളം ആളുകൾ കണ്ടു. ഇന്നലെ വൈകിട്ടാണ് അതിനകത്തെ ഒരുപോർഷൻ വെട്ടിയെടുത്ത്് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ കൊണ്ടുവന്നത്.
ആദ്യമേ തന്നെ അവിടെ ഞാൻ പറഞ്ഞതിൽ ഒരുപാകപ്പിഴ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഞാൻ എല്ലായിടത്തും പ്രസംഗിച്ചപ്പോൾ ഫേക് ക്രിസ്ത്യൻ ഐഡി..വ്യാജ ക്രിസ്ത്യൻ ഐഡികളിൽ നിന്നാണെന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ഒരിക്കലും ഒരുസഭാസമൂഹത്തെയെ മതത്തെയോ ഞാൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ഫേക്ക് എന്നാണ് എല്ലായിടത്തും പ്രസംഗിച്ചിട്ടുള്ളത്. അന്ന് പറഞ്ഞപ്പോൾ ആ വാക്കുവിട്ടുപോയി.അതിൽ ഖേദം, വിഷമം പ്രകടിപ്പിക്കുവാൻ ആഗ്രഹിക്കുകയാണ്. അതൊരിക്കലും ഒരുമതസമൂഹത്തെ ആക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരുവീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് മനഃപൂർവമല്ല എന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ഒപ്പം, ഞാൻ പറഞ്ഞ വിഷയങ്ങൾ ഈ ഫേക്ക് ഐഡിയിലുള്ള ആളുകൾ പ്രചരിപ്പിക്കുന്നു എന്നാണ് പറയാൻ ഉദ്ദേശിച്ചത്. അതിൽ, വീണ്ടും ആർക്കെങ്കിലും വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.ഞാൻ പറഞ്ഞുവന്നത് നമ്മൾ ഒരുസമൂഹമായി കഴിഞ്ഞ 2000 വർഷമായി ഒരുമിച്ച് താമസിക്കുന്നു. ഒരു വ്യത്യാസവുമില്ലാതെ, ജാതി-മത വ്യത്യാസമില്ലാതെ, ക്രിസ്മസും, ഓണവും റംസാനും ഒക്കെ ഒരുമിച്ചാണ് ആഘോഷിച്ചത്. ഞാൻ വിശ്വസിക്കുന്നു..കേരളത്തിൽ മൂന്നുമതങ്ങളില്ല...മൂന്നു സ്നേഹങ്ങളെയുള്ളു. മൂന്നു സ്നേഹങ്ങളും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതാണ്. അവിടെ മത-ജാതി ദ്വേഷം ഉണ്ടാകാൻ പാടില്ല. അവിടെ പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 12 ദിവസത്തിന് ശേഷം പ്രചരിപ്പിച്ചത്.അതിൽ മനസ് നൊന്തവരോട്...ഹാഗിയ സോഫിയ ആണെങ്കിലും ശരി ഹലാൽ ബീഫായാലും ശരി..അങ്ങനെയുള്ള വിഷയങ്ങൾ ഉപയോഗിച്ച് നമ്മളെ ഡിവൈഡ് ചെയ്യാൻ ശ്രമിച്ചുവെന്നാണ് പറയാൻ ആഗ്രഹിച്ചത്. അതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നു'-ചാണ്ടി ഉമ്മൻ പറഞ്ഞു.
കെസിബിസി പറഞ്ഞത്
ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാർക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നത്.
ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ്യേന ചിലർ സാമൂഹിക മാധ്യമങ്ങൾ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ടെന്നും കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്