- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാലക്കുടിയിൽ മെത്രാന്റെ നിർദ്ദേശം പോലും അവഗണിക്കപ്പെട്ടു; വൈപ്പിനിൽ ലതികാ സുഭാഷിനൊപ്പം പുറംന്തള്ളിയത് നിരവധി സീനിയേഴ്സിനെ; കെസി ജോസഫിനും ഹസനും തമ്പാനൂർ രവിക്കും സീറ്റ് ഉറപ്പിക്കാൻ പോലും ശ്രമിച്ചില്ല; സീറ്റ് ചർച്ചയിൽ അച്ഛൻ പ്രവർത്തിച്ചത് മകന് വേണ്ടിയോ? വിഷ്ണുനാഥും ഷാഫി പറമ്പിലും പ്രതിഷേധത്തിൽ; എ ഗ്രൂപ്പ് ചാണ്ടി ഉമ്മൻ ഹൈജാക്ക് ചെയ്തുവോ?
തിരുവനന്തപുരം: കോൺഗ്രസിലെ സീറ്റ് തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പിന്നിൽ ചാണ്ടി ഉമ്മനോ? മകന് ഉമ്മൻ ചാണ്ടി വഴങ്ങിയതാണ് സീറ്റ് ചർച്ചകളിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഗ്രൂപ്പിനുള്ളിലെ പൊതുവികാരം. ഒപ്പം നിന്നവർക്കെല്ലാം രമേശ് ചെന്നിത്തല സീറ്റ് തരപ്പെടുത്തിയപ്പോൾ എ ഗ്രൂപ്പിൽ കോളടിച്ചത് ചാണ്ടി ഉമ്മന്റെ സുഹൃത്തുക്കൾക്ക് മാത്രമാണ്. വൈപ്പിനിലേയും ചാലക്കുടിയിലേയും സ്ഥാനാർത്ഥികൾ ഇതിന് തെളിവാണെന്നും എ ഗ്രൂപ്പിലെ വലിയൊരു വിഭാഗം കരുതുന്നു. വിഷ്ണുനാഥിന് പോലും ഉറച്ച സീറ്റ് വാങ്ങിക്കൊടുക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. എന്നാൽ ചാണ്ടി ഉമ്മൻ വാക്കുകൊടുത്തവർക്കെല്ലാം സീറ്റ് കിട്ടുകയും ചെയ്തു. ഇരിക്കൂറിൽ പോലും അർഹിച്ച സീറ്റ് അങ്ങനെ ഐ ഗ്രൂപ്പ് കൊണ്ടു പോയി.
വൈപ്പിനും ചാലക്കുടിയും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണത്രേ. ഇവിടെ രണ്ടിടത്തും ചാണ്ടി ഉമ്മന്റെ കൂട്ടുകാർ സ്ഥാനാർത്ഥികളായി. പിസി വിഷ്ണുനാഥിന്റേയും ഷാഫി പറമ്പിലിന്റേയും വാക്കുകൾ പോലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിച്ചില്ല. തൃപ്പുണ്ണിത്തുറയിൽ വേറെ നിവർത്തിയില്ലാത്തതു കൊണ്ടാണ് കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കിയത്. എല്ലാവരും ഉറപ്പിച്ച ഇരിക്കൂറിൽ സജീവ് ജോസഫ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായതും ഉമ്മൻ ചാണ്ടിയുടെ പിടിപ്പുകേടു കൊണ്ടാണെന്ന് എ ഗ്രൂപ്പിൽ അഭിപ്രായം ശക്തമാണ്. എംഎം ഹസൻ, കെസി ജോസഫ്, സോണി സെബാസ്റ്റ്യൻ, എംഎ വാഹിദ്, പാലോട് രവി, തമ്പാനൂർ രവി ഇങ്ങനെ എ ഗ്രൂപ്പിലെ പ്രമുഖരെ ആരേയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിച്ചില്ല. എന്നാൽ ചാത്തന്നൂരിൽ പീതാംബരകുറുപ്പിന് സീറ്റും കിട്ടി. ഇത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യം ഉയരുന്നു.
ചാലക്കുടിയിൽ സ്ഥാനാർത്ഥിയായ സനീഷ് കുമാർ, ചാണ്ടി ഉമ്മന്റെ അടുത്ത കൂട്ടുകാരനാണ്. ഇവിടെ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ഷോൺ പല്ലിശേരി, ഷിബു വാലപ്പൻ എന്നിവർ പ്രതിഷേധത്തിലുമായിരുന്നു. ചാലക്കുടി ബിഷപ്പും ഇവരിൽ ഒരാൾക്ക് സീറ്റ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ സീറ്റിൽ ക്രൈസ്തവ സഭകളുടെ നിലപാട് യുഡിഎഫിന് എതിരാകുമോ എന്ന് ഭയമുണ്ട്. ചാലക്കുടിയിൽ തോറ്റാൽ അതിന് ഉത്തരവാദി ചാണ്ടി ഉമ്മൻ ആകുമെന്ന് ഏവരും പറയുന്നു. കേരളാ കോൺഗ്രസ് എമ്മിനാണ് ഇടതുപക്ഷത്ത് ചാലക്കുടി സീറ്റ്. ഇതിലെ പ്രതിഷേധം ഇടതുപക്ഷത്തെ പ്രമുഖരെ പോലും അടുപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതാണ് ചാണ്ടി ഉമ്മന്റെ ഇടപെടലിൽ പൊളിയുന്നത്.
വൈപ്പിനിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും മണ്ഡലത്തിൽ ഇതുവരെയും പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞിട്ടില്ല. ഐഎൻടിയുസി ഉയർത്തുന്ന പ്രതിഷേധമാണ് ഇതിന്റെ പ്രധാനകാരണം. പല പേരുകൾ പറഞ്ഞു കേട്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയാണ് വൈപ്പിൻ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ഡൊമിനിക്ക് പ്രെസന്റ്റേഷൻ, മുൻ എം പി കെ. പി. ധനപാലൻ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് അജയ് തറയിൽ, പ്രദേശവാസിയായ കെ. പി ഹരിദാസ് തുടങ്ങി മണ്ഡലത്തിൽ പരിഗണിച്ചിരുന്ന പ്രമുഖർ ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഇവരിൽ ആരെങ്കിലും വൈപ്പിനിൽ മത്സരിക്കാൻ എത്തും എന്നാണ് പൊതുവേ കരുതിയിരുന്നത്. ഇതിനൊപ്പം ലതികാ സുഭാഷും അവകാശം ഉന്നയിച്ചു. ഇവരെ എല്ലാം ദീപക് ജോയി പിന്തള്ളിയത് ചാണ്ടി ഉമ്മന്റെ കരുത്തിലാണ്. ഇത് എറണാകുളം ജില്ലയിലാകെ പ്രശ്നമായി മാറും.
ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസിന് സംഘടനയുടെ അക്കൗണ്ടിൽ സീറ്റ് അനുവദിച്ചേക്കുമെന്ന് വ്യാപകമായി പറഞ്ഞു കേട്ടിരുന്നു. മുൻപ് പല തവണ മണ്ഡലത്തിൽ പരാമർശിക്കപ്പെട്ട പേരുമാണ് ഹരിദാസിന്റേത്.എന്നാൽ ഈ ധാരണകളെല്ലാം പാടെ അട്ടിമറിച്ചുകൊണ്ടാണ് താരതമ്യേന പുതുമുഖമായ ദീപക് ജോയി സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഹരിദാസ് തീരുമാനിച്ചിരിക്കുകയാണ്. മാത്രവുമല്ല വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. വൈപ്പിനിൽ റിബലായി മത്സരിക്കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് മത്സരിക്കാനും ആഗ്രഹമുണ്ടായിരുന്നു. വട്ടിയൂർക്കാവിൽ സീറ്റ് നിശ്ചയിക്കൽ വൈകിയതും ഇതിനാണെന്ന വാദം സജീവമാണ്. അതിശക്തന്മാരെ ആരെയെങ്കിലും വട്ടിയൂർക്കാവിൽ ഇറക്കാനുള്ള നീക്കം പൊളിഞ്ഞത് ഇതുകൊണ്ട് മാത്രമാണ്. ഒടുവിൽ വട്ടിയൂർക്കാവ് സീറ്റ് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് ഐ ഗ്രൂപ്പ് നിലപാട് എടുത്തു. ഇതും ഒടുവിൽ അംഗീകരിക്കേണ്ടി വന്നു. അല്ലാത്ത പക്ഷം വിഷ്ണുനാഥിന് തുടക്കത്തിലേ ഈ സീറ്റ് ഉറപ്പിക്കാമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പല എ ഗ്രൂപ്പുകാരും ഇതോടെ നിരാശരായി. തമ്പാനൂർ രവി, പാലോട് രവി തുടങ്ങി പലർക്കും വട്ടിയൂർക്കാവ് സീറ്റിൽ താൽപ്പര്യമുണ്ടായിരുന്നു ഇതും നടന്നില്ല. സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് ഹൈക്കമാണ്ട് കൊടുത്തു. ആകെ കെ സി ജോസഫിന് മാത്രം നിഷേധിച്ചു. ഇത് എവിടെത്തെ നീതിയാണെന്നും ചോദ്യം ഉയരുന്നു.
ഇതിൽ ഷാഫി പറമ്പിലും വിഷ്ണുനാഥും ഉൾപ്പെടെയുള്ളവർ ആകെ വേദനയിലാണ്. ഇലക്ഷൻ തിരക്കായതു കൊണ്ട് തൽകാലം പ്രതികരിക്കില്ല. കൊല്ലം സീറ്റ് വിഷ്ണുനാഥിന് അനുവദിച്ചു. എന്നാൽ ബിന്ദു കൃഷ്ണ പ്രതിഷേധവുമായി എത്തി. ഇതോടെ ഈ സീറ്റ് വിഷ്ണുവിന് നഷ്ടമായി. ബിന്ദു കൃഷ്ണ താരവുമായി. എന്നാൽ ഇരിക്കൂർ എ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ സജീവ് ജോസഫ് സ്ഥാനാർത്ഥിയായി. ഇരിക്കൂറിലെ സോണി സെബാസ്റ്റ്യനും മറ്റും പ്രതിഷേധിച്ചു. എന്നാൽ ഈ പ്രതിഷേധം ഫലം കണ്ടില്ല. സ്ഥാനാർത്ഥിയെ മാറ്റിയതുമില്ല. പ്രവർത്തകരുടെ വികാരം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഇതെല്ലാം ഉമ്മൻ ചാണ്ടിയുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
മൂവാറ്റുപുഴയ്ക്ക് വേണ്ടി മാത്യു കുഴൽനാടൻ ബലം പിടിച്ചു. ഇതോടെ കാഞ്ഞിരപ്പള്ളിക്ക് ജോസഫ് വാഴക്കനെ മാറ്റി. ഇതു മൂലമാണ് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് കെസി ജോസഫിന് പോയത്. വൈപ്പിനിലെ സ്ഥാനാർത്ഥിക്ക് ചാണ്ടി ഉമ്മൻ ബലം പിടിച്ചപ്പോൾ ലതികാ സുഭാഷിന് സീറ്റ് പോയി. ഇതു തന്നെയാണ് ചാലക്കുടിയിലെ സീറ്റ് മോഹിച്ച എ ഗ്രൂപ്പുകാർക്കും കിട്ടിയത്. ചാലക്കുടി ബിഷപ്പിനെ പോലും അംഗീകരിക്കാതെയാണ് ചാണ്ടി ഉമ്മന്റെ കൂട്ടുകാരൻ ചാലക്കുടിയിലും സ്ഥാനാർത്ഥിയായത്. ഈ സീറ്റ് ജോസഫ് വാഴക്കന് കൊടുത്തിരുന്നുവെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ പിസി ജോസഫിന് നിൽക്കാൻ കഴിയുമായിരുന്നു. അങ്ങനെ മകന് വേണ്ടി ബലം പിടിച്ച് കെസി ജോസഫിനോ ലതികാ സുഭാഷിനോ സീറ്റില്ലാത്ത അവസ്ഥയുണ്ടാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകനാണെന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പിസി ചാക്കോ ആരോപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താൻ നേരത്തെ ഉയർത്തിയ വിമർശനം ശരിവയ്ക്കുന്നതാണെന്ന്, ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ ചാക്കോ പറഞ്ഞു. ''കോൺഗ്രസിന്റെ പട്ടികയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. ഇത് എന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണ്. ലതികാ സുഭാഷ് തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. ഗ്രൂപ്പ് അഡ്ജസ്റ്റ്മെന്റാണ് പട്ടികയിലുള്ളതെന്ന് കെ സുധാകരൻ തുറന്നു പറഞ്ഞു. എ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയുടെ മകനാണ്''- ചാക്കോ പറഞ്ഞു. കേരളത്തിൽ പാർട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മൻ ചാണ്ടിയാണെന്ന് ചാക്കോ വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ