കൊച്ചി: വിവാദപ്രസംഗത്തിൽ മന്ത്രി എം.എം. മണിയുടെ അശ്ലീല പരാമർശം ആരെ ഉദ്ദേശിച്ചായിരുന്നുവെന്നത് ഇപ്പോൾ തർക്കവിഷയമാണ്. പെമ്പിളൈ ഒരുമൈ പ്രവർത്തകരെ ആക്ഷേപിക്കാനാണെന്നും അതല്ല മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ചാണെന്നും വാദങ്ങൾ ഉയരുന്നു. എന്തായാലും മണിയുടെ വിവാദ പ്രസ്താവനകൾ സിപിഎമ്മിനും കടുത്ത തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പരസ്യശാസനല്കി പ്രതിഷേധച്ചൂടു കുറയ്ക്കാനുള്ള നീക്കം സി.പി.എം നടത്തി. കഴിഞ്ഞദിവസം റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്‌സ് അവറിൽ മണിയുടെ വിവാദപ്രസംഗം ചർച്ചാവിഷയമായി. ചർച്ചയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് എംഎൽഎ പി.ടി. തോമസും ചർച്ച അവതരിപ്പിച്ച അഭിലാഷും തമ്മിൽ കൊമ്പുകോർത്തു. എന്നാൽ മണിയുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം പ്ലേ ചെയ്ത് ഇതിൽ എവിടെയാണു സ്ത്രീവിരുദ്ധത എന്നു ചോദിച്ച അഭിലാഷ് പിടി തോമസിനെ പൊളിച്ചടുക്കുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. വീഡിയോ എഡിറ്റ് ചെയ്തതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ തോമസ് ശ്രമിച്ചെങ്കിലും നടന്നില്ല. റിപ്പോർട്ടർ ചാനൽ മണിയിൽനിന്ന് അച്ചാരം വാങ്ങിയെന്നുവരെ പിടി തോമസ് ആക്ഷേപിച്ചിട്ടും ഫലം കണ്ടില്ല. വിമചനസമരക്കാലമല്ലെന്നും എന്തുപറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും അഭിലാഷ് ഓർമിപ്പിച്ചു. ചാനൽചർച്ചയിൽ തോറ്റുതുന്നം പാടിയ പിടി തോമസിനെതിരെ സോഷ്യൽ മീഡിയയിലും പരിഹാരം രൂക്ഷമായി. വൻ ട്രോളുകളാണ് ഇദ്ദേഹത്തിനെതിരേ പ്രചരിക്കുന്നത്.

പൊമ്പിളൈ ഒരുമൈക്കാർ സമരത്തിനിടയിൽ കാട്ടിൽ മറ്റേപ്പണിയായിരുന്നുവെന്നാണ് മണി പറഞ്ഞതെന്ന് ഉറച്ചാണ് കോൺഗ്രസ് പിടി തോമസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഇല്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. തെളിവിനായി മണിയുടെ പ്രസംഗത്തിന്റെ വീഡിയോ കാട്ടാമെന്ന് അഭിലാഷ് പറഞ്ഞു. വീഡിയോ കാട്ടാതിരിക്കാൻ പി.ടി. തോമസ് പരമാവദി ശ്രമിച്ചെങ്കിലും, അഭിലാഷ് വീഡിയോ കാട്ടുക തന്നെ ചെയ്തു. ഇതോടെ വാദം പൊളിഞ്ഞ പിടി തോമസിന്റെ എല്ലാ വാക്കുകളും പിന്നീട് അഭിലാഷിനെയും പി.ടി. തോമസിനെയും കടന്നാക്രമിക്കുന്നതായി.

മണിക്കെതിരെയുള്ള പാർട്ടി നടപടി കേരളത്തിലാരും അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു തോമസ് തുടങ്ങിയത്. പാർട്ടിക്കാരെ സന്തോഷിപ്പിക്കാനുള്ള നടപടിയാണ് ഈ ശാസനയെന്നും അദ്ദേഹം ആക്ഷേപിച്ചു. കാട്ടിൽ പൊമ്പിളൈ ഒരുമൈക്കാർ മറ്റേപ്പണിയാണെന്ന് മണി പറഞ്ഞെന്ന് പിടി തോമസ് പറഞ്ഞപ്പോൾ അഭിലാഷ് ഇടപെട്ടു. സ്ത്രീത്വത്തെ എങ്ങനെ അപമാനിച്ചു, മന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ, അത് നിങ്ങളുടെ അതിവായനയല്ലേ എന്നായി അഭിലാഷ്. കാട്ടിൽ പിന്നെ കുരങ്ങും കാട്ടുമൃഗങ്ങളുമാണോ ഇത്തരത്തിൽ മറ്റേ പണിയെടുക്കുന്നത് എന്നായി തോമസ് അപ്പോൾ.

മണി പറഞ്ഞ വാക്കുകൾ പൂർണരൂപത്തിൽ വായിപ്പിച്ച് കേൾപ്പിച്ചശേഷം സ്ത്രീവിരുദ്ധത എവിടെയെന്ന് അഭിലാഷ് ചോദിച്ചു. ചാനലുകാരെയാണ് മണി പറഞ്ഞത്. സ്ത്രീകളെ വ്യംഗ്യമായി പോലും അപമാനിക്കാൻ ഒന്നും പറഞ്ഞില്ലെന്നും അഭിലാഷ് പറഞ്ഞുവെച്ചു. നിങ്ങൾക്ക് പക്ഷം പിടിക്കാനാണ് ഇഷ്ടമെങ്കിൽ ചർച്ചയിൽ തുടർന്നിട്ട് കാര്യമില്ലെന്നായിരുന്നു തോമസിന്റെ പ്രതികരണം. സത്യം പുറത്തുകൊണ്ടുവരണമെങ്കിൽ അതിന്റെ കൂടെ നിൽക്കണം. എംഎം മണി ഇന്നലെ നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഇത് അദ്ദേഹം പറഞ്ഞതിന് തെളിവുണ്ടെന്ന വാദവും തോമസ് ഉന്നയിച്ചു.

മണിയിൽ നിന്ന് റിപ്പോർട്ടർ ചാനൽ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നും പിടി തോമസ് ചോദിച്ചു. വീഡിയോ കയ്യിലുണ്ടെന്നും പ്ലേ ചെയ്യാമെന്നും അഭിലാഷ് പറഞ്ഞു. തനിക്ക് കേൾക്കേണ്ടെന്ന് തോമസ് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തിരിക്കാമെന്നും തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ വീഡിയോ പ്ലേ ചെയ്യുമെന്ന നിലപാടിൽ അഭിലാഷ് ഉറച്ചുനിന്നു. അത്രയും വൃത്തികേട് കേൾക്കാൻ കഴിയില്ലെന്ന് ഒടുവിൽ തോമസ് കാരണം പറഞ്ഞു. ചാനലിന്റെ പ്രവർത്തനം എംഎം മണിയെ ന്യായീകരിക്കലാണോ എന്നും തോമസ് ചോദിച്ചു. മണിയുടെ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരുടെയും അച്ചാരം വാങ്ങിയിട്ടില്ലെന്നായിരുന്നു അഭിലാഷിന്റെ മറുപടി.

അങ്ങനെ തോമസിന്റെ എതിർപ്പിനെ മറികടന്ന് വീഡിയോ പ്ലേ ചെയ്തു. ഇതോടെ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്നായി തോമസ്. എംഎം മണി പറഞ്ഞത് ശരിയെന്നല്ല, തൊഴിലാളികളെ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് പറഞ്ഞതെന്ന് അഭിലാഷ് വ്യക്തമാക്കിയെങ്കിലും തോമസ് അപ്പോളും മറ്റേപ്പണിയെന്ന വാക്കിൽ കുടുങ്ങിക്കിടന്നു. പ്രസംഗം ആക്ഷേപകരമാണെന്നതിൽ തർക്കമില്ലെന്നും മണി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിഷയത്തിലേക്ക് ചുരുക്കുന്നതെന്തിനെന്നും അഭിലാഷ് തോമസിനോട് ചോദിച്ചു.

പറഞ്ഞ കാര്യമല്ല എഴുതിക്കാട്ടിയത് എന്നായി അപ്പോൾ തോമസ്. അവസാനം കാണിച്ച കാര്യം ഒന്നുകൂടി ധൈര്യമുണ്ടെങ്കിൽ കാണിക്കൂ എന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. അഭിലാഷ് വീണ്ടും വീഡിയോ കാണിച്ചു. തുടർന്ന് കടുത്ത രീതിയിലാണ് പിടി തോമസ് പ്രതികരിച്ചത്. വിലകുറഞ്ഞ മാധ്യമപ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും, ഇതിന് എന്തെങ്കിലും മെച്ചം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. കൈരളി പോലും കാണിക്കാത്ത ചീപ്പായ പ്രകടനം ആണ് റിപ്പോർട്ടർ കാട്ടുന്നത് എന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടർ പറയുന്നതെന്തെന്ന് കേരളം വിലയിരുത്തട്ടെ എന്ന് അഭിലാഷ് പറഞ്ഞു. ചോദ്യം ചോദിച്ചതിന് മറുപടി പറയാൻ അഭിലാഷ് വീണ്ടും ആവശ്യപ്പെട്ടതോടെ തോമസ് വീണ്ടും പെട്ടു.

സംസ്‌കാരശൂന്യനായ മന്ത്രിയെ ന്യായീകരിക്കാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എന്നായിരുന്നു തോമസിന്റെ അടുത്ത ചോദ്യം. ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും, ഉറക്കം നടിക്കുന്നവരെ പറ്റില്ലെന്ന് അഭിലാഷ് ഉടൻ തിരിച്ചടിച്ചു. വീഡിയോ കണുന്നവർക്ക് എല്ലാം ബോധ്യമാകുമെന്നും, നൈതികമായി മാധ്യമപ്രവർത്തനം നടത്താനറിയാമെന്നും അഭിലാഷ് പറഞ്ഞു. നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങളേ ഈ കസേരയിലിരുന്ന് പറയൂവെന്നും അഭിലാഷ് പ്രഖ്യാപിച്ചു. എംഎം മണി പറഞ്ഞത് അരാഷ്ട്രീയമാണ്, തെറ്റാണ്. പക്ഷെ അത് മൂന്നാറിലെ തൊഴിലാളി സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. നൂറുവട്ടം ആക്രോശിച്ചാലും കഴിയില്ല. വസ്തുതാപരമായി തെളിയിക്കാനും തോമസിനെ അഭിലാഷ് വെല്ലുവിളിച്ചു. പ്രതിപക്ഷത്തിന് കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടേ, കോലാഹലം മാത്രമേ വേണ്ടൂള്ളൂ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഒരു ചോദ്യത്തിനും മറുപടി പറയാത്ത തോമസ് പിന്നെ ചർച്ചയിലുടനീളം ഉരുണ്ടുകളിക്കുകയായിരുന്നു. ഒരു ചോദ്യത്തിനും, ഈ വിഷയത്തിലെ അഭിലാഷിന്റെ അഭിപ്രായം തിരുത്താതെ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീഡിയോയിൽ ഉത്തരം മുട്ടിയ പിടി തോമസിനെ വെറുതെവിടാൻ അഭിലാഷ് ഒരുക്കമല്ലായിരുന്നു. ആദ്യം പറഞ്ഞ മൂന്ന് അഭിപ്രായങ്ങളിൽ നിന്നും മാറി, പെമ്പിളൈ ഒരുമൈക്ക് മറ്റേ പണിയായിരുന്നു എന്ന് എഴുതിക്കാട്ടി, പറയുന്നത് അതല്ലെന്നായിരുന്നു തോമസിന്റെ വാദം. പത്രത്തിൽ പ്രസ്താവന കൊടുക്കുന്ന പഴയ കാലമല്ലെന്ന് അഭിലാഷ് തിരിച്ചടിച്ചു. പൊതുജനമധ്യത്തിലുള്ള വീഡിയോയാണ്, എഡിറ്റിംഗുണ്ടോ എന്ന് പരിശോധിച്ചുകൂടേയെന്ന് വീണ്ടും അഭിലാഷ് വെല്ലുവിളിച്ചു. വീഡിയോ വാട്ട്‌സാപ്പിലേക്ക് അയച്ചുതരട്ടെ, കണ്ടിട്ട് പറയൂ എന്നും അഭിലാഷ് ചോദിച്ചു. 1959 കാലത്തെ/ വിമോചന സമരകാലത്തല്ല കേരളം. എന്തുപറഞ്ഞാലും വിശ്വസിക്കുമെന്നാണ്. നടക്കില്ല. കേരളത്തിലെ ആളുകളിത് കാണുന്നുണ്ട്.
വീഡിയോ പബ്ലിക് ഡൊമൈനിലുണ്ടെന്നും ജനങ്ങളത് കാണുന്നുണ്ടെന്നും മറക്കരുതെന്നും അഭിലാഷ് ഓർമ്മിപ്പിച്ചു.

കഴിഞ്ഞ മന്ത്രിസഭാകാലത്ത് വിഎസിനെ കാമഭ്രാന്തനെന്ന് വിളിച്ച കെബി ഗണഷകുമാറിനെയും, വനിതാ വാച്ച് ആൻഡ് വാർഡിനെ അധിക്ഷേപിച്ച പിസി ജോർജിനെതിരെയും എന്ത് നടപടി എടുത്തുവെന്ന് അഭിലാഷ് ചോദിച്ചു. വീണ്ടും റിപ്പോർട്ടർ ചാനലിന് ഇതെന്തുപറ്റിയെന്നായി തോമസ്. ദല്ലാള് ചെയ്യേണ്ട സ്ഥിതിയായോ എന്നും മാർക്സിസ്റ്റുകാർ പോലും ഇങ്ങനെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ ധാർമ്മികതയിൽ അടയിരിക്കുകയാണ് തോമസെന്ന് അഭിലാഷ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം, എന്നാൽ എല്ലാം ജനംകണ്ണടച്ച് വിശ്വസിക്കുമെന്ന് കരുതിയാൽ തെറ്റുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീഡിയോ കേരളത്തിന് മുന്നിലുണ്ട്. എഡിറ്റ് ചെയ്തതല്ല, പൂർണരൂപത്തിലുള്ളതാണെന്നും അഭിലാഷ് വ്യക്തമാക്കി. എന്തായാലും വീഡിയോയ്ക്ക് മുന്നിൽ അടിതെറ്റിവീഴുന്ന പിടി തോമസിനെയാണ് ഇന്നലെ എഡിറ്റേഴ്സ് അവറിൽ കണ്ടത്.