- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൽ അമ്മയുടെ പേരു മാത്രം; പുതുക്കിയ ഫോം പുറത്തിറക്കി തദ്ദേശ വകുപ്പ്; നടപടി ഹൈക്കോടതി വിധിയുടെ അടിസ്ഥനത്തിൽ
തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ അച്ഛന്റെ പേരു ചേർക്കാനുള്ള കോളമില്ലാത്തതും അമ്മയുടെ പേരു മാത്രമുള്ളതുമായ പുതുക്കിയ ഫോം തദ്ദേശ വകുപ്പ് തയാറാക്കി. ഓഗസ്റ്റിലെ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കിയ പ്രത്യേക ഉത്തരവിന് അനുബന്ധമായാണ് ഫോമും തയാറാക്കിയത്.
വിവാഹമോചിതയായ ശേഷം, അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ച് കൃത്രിമ സങ്കലനത്തിലൂടെ (ഐവിഎഫ്) ഗർഭിണിയായ യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. ദാതാവ് അജ്ഞാതനായതിനാൽ ആ പേര് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതു സ്വകാര്യതയുടെ ലംഘനമാകുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അച്ഛന്റെ പേരു രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുള്ള അപേക്ഷയും സർട്ടിഫിക്കറ്റും അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുമെന്നു കോടതിയും വിലയിരുത്തി.
യുവതിക്ക് അനുകൂലമായ ഹൈക്കോടതി വിധി നടപ്പാക്കുന്നതിനായി അമ്മയുടെ പേരു മാത്രം രേഖപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ചേരാനല്ലൂർ പഞ്ചായത്തിനു നിർദ്ദേശം നൽകുന്ന ഉത്തരവ് ഇന്നലെ തദ്ദേശ വകുപ്പ് പുറത്തിറക്കി. അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യ (എആർടി) യിലൂടെ ഗർഭിണിയായി എന്ന സത്യവാങ്മൂലം യുവതിയിൽ നിന്ന് എഴുതി വാങ്ങാനും നിർദേശിച്ചിട്ടുണ്ട്.
ജനന/മരണ സർട്ടിഫിക്കറ്റുകളിൽ അച്ഛൻ, അമ്മ, ഭർത്താവ് എന്നിങ്ങനെ പേരു രേഖപ്പെടുത്താനുള്ള സൗകര്യം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിൽ അച്ഛൻ, ഭർത്താവ് എന്നിങ്ങനെ രണ്ട് ഓപ്ഷനേ നൽകിയിട്ടുള്ളു. രജിസ്റ്റ്രാർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് 1999ലെ കേരള ജനന മരണ റജിസ്‌ട്രേഷൻ ചട്ടങ്ങളിൽ ഇതിനായി ഭേദഗതി വരുത്തുമെന്നും ഉത്തരവിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ