- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗവ്യാപനത്തിൽ കുറവുവരുന്നു; ലോക്ഡൗൺ നയത്തിൽ 16 ന് ശേഷം മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ; ഇളവുകളിൽ അടുത്ത ദിവസം തീരുമാനം; മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാൻ ഒത്തൊരുമ വേണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ നയത്തിൽ 16നു ശേഷം മാറ്റംവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്തും. ഇളവുകളിൽ അടുത്ത ദിവസം തീരുമാനമെടുക്കും. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാൻ ജനങ്ങൾ ഒത്തൊരുമിച്ച് നിൽക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
മുഖ്യമന്ത്രിയുടെ വാക്കുകൾ:
സംസ്ഥാനത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നുണ്ട്. ഇന്ന് 7719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ നടന്ന പരിശോധന: 68573.ഇന്നത്തെ മരണ സംഖ്യ 161 ആണ്. ഇപ്പോൾ ആകെ 113817 പേർ ചികിത്സയിലുണ്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആർ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ പത്തു ശതമാനം കുറവ് ടി.പി.ആറിൽ ഉണ്ടായതായി കാണാൻ സാധിച്ചു. കേസുകളുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.
എന്നാൽ ജില്ലാതലത്തിൽ ഈ കണക്കുകൾക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ തിരിച്ച് എടുത്താൽ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്ഥാപന പരിധിയിൽ ടി പി ആർ 35 ശതമാനത്തിലും കൂടുതലാണ്. മുപ്പത്തിഏഴെണ്ണത്തിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് ഇരുപത്തിയൊന്നിനും ഇരുപത്തിയെട്ടിനും ഇടയിലാണ്.
ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച ലോക്ക് ഡൗൺ പതിനാറുവരെ തുടരുന്നുണ്ട്. തുടർന്നുള്ള നാളുകളിൽ ലോക്ക് ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും. അതിന്റെ വിശദമായ കാര്യങ്ങൾ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും. പരിശോധനകൾ നല്ല തോതിൽ വർധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിൻ തന്നെ ആലോചിക്കും.
വീടുകളിൽ നിന്നാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും. ആദിവാസി കോളനികളിൽ 119 എണ്ണത്തിൽ 10 കി.മീ ചുറ്റളവിൽ വാക്‌സിനേഷൻ സെന്റർ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളിൽ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളിൽ സ്‌പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടൻ പൂർത്തിയാക്കാൻ നിർദശം നൽകിയിട്ടുണ്ട്.
ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളൂടെ എണ്ണത്തിലുണ്ടായ വർധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരണമടഞ്ഞവരിൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ രോഗം നിയന്ത്രിച്ച് നിർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ടതുണ്ട്. കേരളത്തിലെ മരണനിരക്കിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പുലർത്തിയ മികവിന്റെ ഫലമായാണ്.
അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാൻ വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ട്. ലോക്ക് ഡൗൺ കൊണ്ട് മാത്രം നമുക്ക് ഇതാകെ നേടാൻ കഴിയുന്നതല്ല.
ലോക് ഡൗൺ സംസ്ഥാനത്ത് പൊതുവേ പൂർണ്ണമാണ്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരുന്നു. പൊതുജനം പൂർണ്ണമനസ്സാെേട തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക് ഡൗണിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതൽ നാളുകൾ തുടർന്നേക്കാമെന്നതു കൊണ്ട് ലോക്ക്‌ഡൗൺ പിൻവലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടേണ്ടതാണ്. ഡെൽറ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്‌സിൻ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാൽ ഇങ്ങനെ രോഗമുണ്ടാകുന്നവരിൽ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാൽ വാക്‌സിനെടുത്തവരും രോഗം ഭേദമായവരും തുടർന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാൻ ശ്രമിക്കേണ്ടതാണ്.
കോവിഡ് വാക്‌സിൻ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന മുറക്ക് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ച് വരികയാണ്. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്. അതിവ്യാപനമുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.
കോവിഡ് ചികിത്സക്കയ്‌ക്കൊപ്പം കോവിഡേതര രോഗങ്ങൾ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് വിവിധ തലങ്ങളിലുള്ള സർക്കാർ ആശുപത്രികളിൽ കൂടുതൽ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങുന്നതാണ്. ഇക്കാര്യത്തിൽ ആരും ആശങ്കപെടേണ്ടതില്ല. ഇതിനകം മികച്ച നിലയിൽ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനം കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലർന്ന റിപ്പോർട്ടുകളോർത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാൽ തന്നെ അതിനെ നേരിടാൻ സർക്കാർ ഉചിതമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. എന്നാൽ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാൻ എല്ലാവരും ഒത്തു ചേർന്ന് കൈകോർത്ത് ശ്രമിക്കേണ്ടതാണ്.
ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് ജൂൺ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക്ക് ആദ്യ ഡോസും 4,03,454 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേർക്ക് ആദ്യ ഡോസും 14,27,998 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസ്സു വരെയുള്ള 10,95,405 പേർക്ക് ആദ്യ ഡോസും 958 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളിൽ 91 ശതമാനം പേർക്കും ആദ്യ ഡോസ് നൽകി. 14 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ 45 വയസ്സിനു മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് വാക്‌സിനേഷൻ നൽകി. അവർക്കിടയിൽ 18 മുതൽ 44 വയസ്സ് വരെയുള്ളവരിൽ 12 ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്.
കഴിഞ്ഞ 7 ദിവസങ്ങളിൽ 9,46,488 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതിൽ 77622 പേർക്കാണ് രണ്ടാമത്തെ ഡോസ് നൽകിയത്. 8,68,866 പേർക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.
കേന്ദ്ര ഗവണ്മെന്റിൽ നിന്നും കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്‌സിനാണ്. അതിൽ നിന്നും 1,00,69,172 ഡോസ് നൽകാൻ നമുക്ക് സാധിച്ചു. സംസ്ഥാന ഗവണ്മെന്റ് നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്‌സിനാണ്. അതിൽ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.
കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചതിൽ 4.32 ലക്ഷം ഡോസ് വാക്‌സിനും, സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചതിൽ 2.08 ലക്ഷം ഡോസ് വാക്‌സിനുമാണ് ഇപ്പോൾ സ്റ്റോക്കിലുള്ളത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയമം ഉൾപ്പെടെയുള്ളവയിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ ഈടാക്കുന്ന പിഴത്തുക സർക്കാർ ട്രഷറിയിൽ അടയ്ക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ പൊലീസിനാണ് ലഭിക്കുന്നതെന്ന രീതിയിൽ ഒരു പ്രചാരണം വന്നതുകൊണ്ടാണ് ഇത് പറയുന്നത്. പൊലീസ് പിഴ ഈടാക്കുന്നത് നിലവിലുള്ള നിയമപ്രകാരം മാത്രമാണ്. സ്വന്തം ജീവൻ പണയം വച്ചുതന്നെയാണ് പൊലീസ് നമ്മുടെ നിരത്തുകളിൽ നിയന്ത്രണം നടപ്പിലാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ ജോലിത്തിരക്കിനിടയിൽ ധാരാളം പൊലീസുകാർ രോഗബാധിതരാകുന്നുണ്ട്. നിലവിൽ 375 പൊലീസുകാരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6,987 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,199 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 32,17,400 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യത മുൻകൂട്ടിക്കണ്ടുകൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. മുതിർന്നവരിൽ വലിയ ശതമാനം ആളുകൾക്ക് വാക്‌സിനേഷൻ വഴിയും രോഗബാധയാലും രോഗപ്രതിരോധ ശക്തി ആർജ്ജിക്കാൻ സാധ്യതയുള്ളതിനാൽ, മൂന്നാമത്തെ തരംഗത്തിൽ അതുവരെ കാര്യമായി രോഗബാധയുണ്ടാവാത്ത കുട്ടികൾക്കിടയിൽ കേസുകൾ ചിലപ്പോൾ കൂടിയേക്കാം. അതുകണക്കിലെടുത്ത് അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടു കൂടിയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്.
ജൂൺ 2നു തന്നെ അതുമായി ബന്ധപ്പെട്ടെ സർക്കാർ ഉത്തരവു പുറത്തിറങ്ങിയിരുന്നു. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോൾ, അവരെ ചികിത്സിക്കാൻ ആവശ്യമായ മാർഗരേഖ, ഡിസ്ചാർജ് നയം എന്നിവ തയ്യാറാക്കിക്കഴിഞ്ഞു. കോവിഡ് വന്ന കുട്ടികളിൽ അപൂർവമായി കാണുന്ന മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയ്യാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കാവശ്യമായ ട്രെയിനിങ്ങ് നൽകി വരികയാണ്.
അതോടൊപ്പം ആശുപത്രികളിൽ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളും നടന്നു വരുന്നു.
മറുനാടന് മലയാളി ബ്യൂറോ