ദുബായ്: ഇന്ത്യക്കാരുടെ സ്വപ്നഭൂമികയായ യുഎഇയിൽ മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാകുന്ന വിധത്തിൽ വിസാ പരിഷ്‌ക്കരണം. യുഎഇയിൽ വർക്ക് വർക്ക് പെർമിറ്റ് ഉള്ളയാളുടെ താമസവിസ റദ്ദ് ചെയ്താലും അവരുടെ കുടുംബങ്ങൾക്ക് തുടരാൻ അനുവദിക്കുന്ന തരത്തിലുള്ള വിസാ പരിഷ്‌ക്കാരമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരിക. മലയാളികൾ അടക്കമുള്ള നിരവധി വിദേശീയർക്ക് ഗുണകരമാകുന്നതാണ് പുതിയ വിസാ നിയമം.

ജീവനക്കാരന്റെ താമസ വീസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കാതിരിക്കാൻ 80,000 രൂപയോളം കെട്ടിവെക്കണമെന്നതാണ് പുതിയ വ്യവസ്ഥയിൽ പറയുന്നത്. ജീവനക്കാരന്റെ വർക് പെർമിറ്റ് പുതുക്കി ലഭിക്കുമ്പോൾ ഈ തുക തിരികെ ലഭിക്കുകയും ചെയ്യും. സ്റ്റുഡന്റ്-കോൺഫറൻസ് വിസകൾ പ്രാബല്യത്തിൽ വരുത്തിയും മൾട്ടിപ്പിൾ എൻട്രി വിസിറ്റിങ് വിസക്കും ആഗസ്റ്റ് ഒന്നാം തീയ്യതി മുതൽ തുടക്കമാകും.

വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ വനിതാ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും വിധമുള്ള പരിഷ്‌ക്കാരവും പുതിയ വിസാ ചടങ്ങളിലുണ്ട്. വനിതാ നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും അമ്പതിനായിരം രൂപ വീതം കെട്ടിവച്ചാൽ വിസ ലഭിക്കും. പിന്നീട് ഈ തുക തിരികെ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്.

ഇന്ത്യക്കാർ അടക്കമുള്ള ലോക സഞ്ചാരികളുടെ കൂടി ഇഷ്ടകേന്ദ്രമായ ദുബായിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഗുണകരമായ രീതിയിലുള്ള പരിഷ്‌ക്കാരങ്ങളും പുതിയ വിസാ സംവിധാനത്തിലുണ്ട്. ജോലി ആവശ്യങ്ങൾക്കും സന്ദർശിക്കാനും എത്തുന്നവർക്ക് മൾട്ടിപ്പിൾ എൻട്രി പെർമിറ്റ്, സറ്റഡി വിസ, ചികിൽസയ്ക്കും കോൺഫറൻസുകളിൽ പങ്കെടുക്കാനും പ്രത്യേക എൻട്രി പെർമിറ്റ് തുടങ്ങിയവ പുതുതായി ഏർപ്പെടുത്തും.

അതേസമയം വ്യാജരേഖ ചമഞ്ഞ് റസിഡൻസി വിസ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിയതോടെ ഇത് തടയാനുള്ള നിർദേശവും പുതിയ വിസാ നിയമത്തിൽ നിഷ്‌കർഷിക്കുന്നു. ഇങ്ങനെ വ്യാജരേഖ ചമയ്ക്കുന്നവർക്ക് വൻ തുക പിഴയായി നൽകേണ്ടി വരും. ഒരു വർഷത്തിനകം തന്നെ വീണ്ടും വ്യാജരേഖ നൽകുന്നവർ എട്ട് ലക്ഷം രൂപയോളം പിഴ നൽകേണ്ടി വരും. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായും മാർഗ്ഗങ്ങൾ നിർദേശിക്കുന്നുണ്ട്. താമസ വീസയില്ലാതെ അനധികൃതമായി കഴിയുന്നവരെ സ്വദേശത്തേക്ക് അയയ്ക്കാൻ പ്രത്യേക ഫണ്ട് ഇതിനായി രൂപീകരിച്ചു.

റസിഡൻസ വകുപ്പിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ പോർട്ടർ സംവിധാനം മെച്ചപ്പെടുത്തു. ഇതിൽ വിവരങ്ങൾ കൃത്യമായി നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇല്ലെങ്കിൽ കൂടുതൽ പിഴയൊടുക്കേണ്ടി വരും. ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്തു നൽകാത്ത കമ്പനികൾ ജീവനക്കാരുടെ എണ്ണം അനുസരിച്ച് 1000 ദിർഹം വീതം പിഴ നൽകേണ്ടിവരും. പുതുക്കിയ വിസ നിരക്കുകൾ നാളെ മുതൽ സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഈ വർഷത്തെ ഇരുപത്തി രണ്ടാമത് മന്ത്രിസഭാ തീരുമാനമായാണ് വിസാ നിരക്ക് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. വിദേശികൾക്ക് യു.എ.ഇയിൽ വരുന്നതിനും താമസിക്കുന്നതനുമുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്ന വിധത്തിലാണ് പുതിയ പരിഷ്‌ക്കാരങ്ങൾ. ബിസിനസ് വിഭാഗത്തിൽ സന്ദർശക വിസയ്ക്കു മൾട്ടിപ്പിൾ എൻട്രി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹറേബ് അൽ ഖാലിൽ നേരത്തെ അറിയിച്ചിരുന്നു. വിസാ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കരണങ്ങൾ ഏർപ്പെടുത്തിയത്.