തിരുവനന്തപുരം: നാളെ മറ്റൊരു പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുകയാണ്. ഓരോ ദിവസവും മാറുന്ന ജീവിത ക്രമത്തിൽ നമ്മുടെ നിത്യജീവിതത്തിലും ചില മാറ്റങ്ങൾ നാളെ മുതൽ ഉണ്ടാകും. അതിൽ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന മാറ്റങ്ങളുമുണ്ട്. എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും നാളെ മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം എന്ന വ്യവസ്ഥ നാളെ മുതലാണ് നിലവിൽ വരിക.

നിലവിലിത് 20 രൂപയാണ് ഇതാണ് ഉയർത്തുന്നത്. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിൽ ഓരോ മാസവും 5 സൗജന്യ ഇടപാടുകൾ നടത്താം. കൂടാതെ, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകളും നടത്താം. ഇതിനുശേഷമുള്ള ഇടപാടുകൾക്കാണു പണം ഈടാക്കുക.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടിൽനിന്ന് നാളെ മുതൽ പ്രതിമാസം 4 തവണയിലേറെ പണം പിൻവലിച്ചാൽ പിന്നീടുള്ള ഓരോ ഇടപാടിലും തുകയുടെ 0.50% ഈടാക്കും എന്ന തീരുമാനവും നാള മുതൽ പ്രാബല്യത്തിൽ വരും.

ബാങ്ക് ജീവനക്കാർ നടത്തുന്ന തട്ടിപ്പിലൂടെ ലോക്കറിലെ സാമഗ്രികൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തത്തിൽനിന്നു ബാങ്കിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് മാനദണ്ഡം നാളെ പ്രാബല്യത്തിൽ വരും. ലോക്കറിലെ വസ്തുക്കൾ ഇൻഷുർ ചെയ്യുന്ന ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് ബാങ്കുകൾ ഇടപാടുകാർക്കു മുന്നറിയിപ്പു നൽകണമെന്നും നിർദ്ദേശമുണ്ട്.

ചില വസ്തുക്കളുടെ ജിഎസ്ടി കൂടുന്നത് നാളെ മുതലാണ്. ഓൺലൈൻ ഭക്ഷണവിതരണത്തിന് ഹോട്ടലുകൾക്കു പകരം സ്വിഗി, സൊമാറ്റൊ പോലെയുള്ള ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽനിന്നു നേരിട്ട് ജിഎസ് ടി ഈടാക്കും. പുതിയ തീരുമാനം ഉപഭോക്താവിനെ ബാധിക്കില്ല. ഈ തീരുമാനം നാളെ മുതലാണ് പ്രാബല്യത്തിൽ വരിക.

ഇത് കൂടാതെ ജിഎസ്ടി കുടിശിക വരുത്തുന്നവരുടെ ഇടങ്ങളിലേക്ക് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പില്ലാതെ എത്തി തുക ഈടാക്കുന്നതിനു നാളെ മുതൽ അധികാരം. എല്ലാത്തരം സർക്കാർ നിർമ്മാണ കരാറുകൾക്കുമുള്ള ജിഎസ്ടി നിരക്ക് 12ൽ നിന്ന് 18 ശതമാനമാകും. ഇതുവരെ കെട്ടിടനിർമ്മാണ കരാറുകൾക്കു മാത്രമായിരുന്നു 18% ജിഎസ്ടി.

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തത്വത്തിൽ നാളെ മുതൽ പ്രാബല്യത്തിലാകും. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ കാഷ്ലെസ്, റീഇംബേഴ്‌സ്‌മെന്റ് സൗകര്യങ്ങൾ ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം.

കെഎസ്ആർടിസി ജീവനക്കാരുടെ ദ്വീർഘകാല ആവശ്യം നാളെ മുതൽ അംഗീകരിക്കപ്പെടും. കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പളവർധന നാളെ മുതൽ പ്രാബല്യത്തിൽ. പുതുക്കിയ ശമ്പളം അടുത്ത മാസം 1 മുതൽ വിതരണം ചെയ്യും.


2020-21 ലെ ജിഎസ്ടി വാർഷിക റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ഫെബ്രുവരി 28 വരെ നീട്ടി. ഇന്ന് അവസാനിക്കാനിരുന്നതാണ്. 2 കോടിക്കു മുകളിൽ വിറ്റുവരവുള്ളവരാണ് വാർഷിക റിട്ടേൺ (ജിഎസ്ടിആർ9) സമർപ്പിക്കേണ്ടത്. 5 കോടിക്കു മുകളിലുള്ളവർ ജിഎസ്ടിആർ 9സി സമർപ്പിക്കണം.

നിശ്ചിത കാലയളവിലേക്കുള്ള കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ നടപടി പൂർത്തിയാക്കാനുള്ള സമയപരിധി മാർച്ച് 31 വരെ റിസർവ് ബാങ്ക് നീട്ടി. ഇന്നു അവസാനിക്കേണ്ട പരിധിയാണു നീട്ടിയത്. ഓമിക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പീരിയോഡിക് കെവൈസി പൂർത്തിയാക്കാത്ത ഉപയോക്താക്കൾക്കെതിരെ നടപടിയെടുക്കരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി.