ഹൈദരാബാദ്: ചാനൽ ലോകത്ത് ജോലി ചെയ്യുന്നവർ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തൊഴിൽ സുരക്ഷിതത്ത്വമില്ലാതെ ഏത് നിമിഷവും പിരിച്ചുവിടപ്പെടുമെന്ന അവസ്ഥയിൽ കഴിയുന്നവർ അടുത്തിടെ ആത്മഹത്യയിലേക്കക് നീങ്ങുകയാണ്. ഏറ്റവും ഒടുവിൽ ആത്മഹത്യയെ പുൽകിയത് തെലുങ്ക് വാർത്താ ചാനലിലെ അവതാരകയാണ്. കുറിപ്പെഴുതി വെച്ച ശേഷമാണ് അവതാരക ആത്മഹത്യ ചെയ്തത്.

ഹൈദരാബാദിൽ തെലുങ്ക് ചാനലായ 6 ലെ വാർത്താ അവതാരകയായ രാധിക റെഡ്ഡി (36) ആണ് ആത്മഹത്യ ചെയ്തത്. ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി 10.50 ഓടെയാണ് സംഭവം. കടുത്ത വിഷാദരോഗിയായിരുന്നു രാധികയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഞായറാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വന്നതിന് പിന്നാലെ ഹൈദരാബാദിൽ അവർ താമസിക്കുന്ന ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ കയറി താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തന്റെ ബുദ്ധിയാണ് തന്റെ ശത്രു എന്ന് രാധിക എഴുതിയ ഒരു കുറിപ്പാണ് പൊലീസിന് ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുൻപാണ് രാധിക ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. മാതാപിതാക്കൾക്കും 14 വയസുള്ള മകനുമൊപ്പമാണ് രാധിക കഴിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.