- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചക്കിടെ വസ്തുതകളില്ലാതെ പ്രസ്താവന; വിശദീകരണം നൽകാൻ കഴിയാതെ കുഴങ്ങി ബിജെപി നേതാവ്; വിവാദമായത് ലക്ഷദ്വീപിൽ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന വി ടി രമയുടെ പ്രസ്താവന
കൊച്ചി: ലക്ഷദ്വീപ് പ്രശ്നത്തിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വസ്തുതകൾ ഇല്ലാത്ത പ്രസ്താവന നടത്തി വെട്ടിലായി ബിജെപി നേതാവ് വിടി രമ. റിപ്പോർട്ടർ ചാനലിന്റെ ചർച്ചക്കിടെയാണ് വി ടി രമ ലക്ഷദ്വീപിൽ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന ആരോപണം ഉന്നയിച്ചത്.എന്നാൽ ചർച്ചയിൽ പങ്കെടുത്ത ആയിഷ സുൽത്താന രമയോട് ഏത് ദ്വീപിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞടോടെയാണ് രമ മറുപടിയില്ലാതെ കുഴങ്ങിയത്.
എന്നാൽ താൻ പറഞ്ഞ വാക്കുകളുടെ അർത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ടെന്നും ലക്ഷദ്വീപിന്റെ പരിസരപ്രദേശത്ത് നിന്നാണ് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചതെന്നാണ് താൻ പറഞ്ഞതെന്നുമാണ് രമ വിശദീകരിച്ചത്.
വിടി രമ പറഞ്ഞത്: ''ഞാൻ പറഞ്ഞ വാക്കുകളുടെ അർത്ഥം എവിടെയൊക്കെ മാറിപോയിട്ടുണ്ട്. ദ്വീപിന്റെ പരിസരപ്രദേശങ്ങളിൽ നിന്ന്, കടലിൽ നിന്നാണ് കോസ്റ്റൽ ഗാർഡ് റെയ്ഡ് നടത്തി ആയുധങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഞാൻ പറഞ്ഞത് ദ്വീപിൽ നിന്ന് പിടിച്ചെന്നല്ല. ഒഴിഞ്ഞ കിടക്കുന്ന ദ്വീപിൽ നിന്നാണ് എകെ 47 തോക്കുകൾ പിടിച്ചത്.'' ദ്വീപിൽ തീവ്രവാദ സാധ്യതയുണ്ടെന്നാണ് താൻ പറഞ്ഞതെന്നും സൂചനകളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും വി.ടി രമ പറഞ്ഞു.
ആൾതാമസമില്ലാത്ത ഏത് ദ്വീപിൽ നിന്നാണ് ആയുധങ്ങൾ ലഭിച്ചതെന്നും നേവിക്കോ, കോസ്റ്റൽ ഗാർഡിനോ പൊലീസിനോ ഈ വിവരം ലഭിച്ചിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്ത സംവിധായിക ഐഷ സുൽത്താന, രമയുടെ പരാമർശത്തിന് പിന്നാലെ ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര കപ്പൽ പാതയിലുടെ പോകുന്ന കപ്പലുകളിൽ ചിലപ്പോൾ ആയുധങ്ങളുണ്ടാകും, അതിന് ദ്വീപിൽ ഗുണ്ടാആക്ട് എന്തിനാണെന്ന ചോദ്യത്തിനും വി.ടി രമയ്ക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു.
കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങൾ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് പ്രഫുൽ പട്ടേൽ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന പറഞ്ഞു. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകർക്കുകയാണ് അവരുടെ ഉദേശമെന്നും ഐഷ സുൽത്താന എഡിറ്റേഴ്സ് അവറിൽ പറഞ്ഞു.
ഐഷ സുൽത്താനയുടെ വാക്കുകൾ: ''കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധങ്ങൾ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പ്രഫുൽ പട്ടേൽ. കേരളം ലക്ഷദ്വീപിനെ സഹായിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അത് തകർക്കുകയാണ് ഉദേശം. അന്നും ഇന്നും എന്നും ഞങ്ങൾക്കൊപ്പമാണ് കേരളം. ഞങ്ങൾ വിശ്വസിക്കുന്നതും ഞങ്ങൾ കേരളത്തിന്റെ ഭാഗമെന്നാണ്. ഞങ്ങൾ സംസാരിക്കുന്നതും മലയാളമാണ്.
കേരളത്തെ സ്നേഹിക്കുന്നു, ആശ്രയിക്കുന്നു. ഞങ്ങൾക്കൊപ്പം എപ്പോഴും മലയാളിയുണ്ടാകുമെന്ന് ഉറപ്പാണ്. അതാണ് കണ്ടുകൊണ്ടിരിക്കുന്നതും. ഓരോ മലയാളിയും ഞങ്ങൾ്ക്കൊപ്പമാണ്. ഇത് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. പ്രതിഷേധങ്ങൾക്കൊപ്പവും ഇനി മുന്നോട്ടും കേരളം കൂടെയുണ്ടാകണം.''
ദ്വീപിന്റെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും ഉത്തരേന്ത്യൻ കൾച്ചർ ദ്വീപുകാരിൽ അടിച്ചേൽപ്പിക്കാനാണ് പ്രഫുലം സംഘവും ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു. സമാധാനത്തോടെ കഴിഞ്ഞവരെ ഒരുവിധത്തിലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പ്രഫുൽ പട്ടേൽ എത്തിച്ചെന്ന് രാജിവച്ച യുവമോർച്ച ജനറൽ സെക്രട്ടറി ഹാഷിം പറഞ്ഞു. പ്രഫുലിനെ നിയമിച്ചതിന് പിന്നിൽ ഗൂഡതന്ത്രമാണെന്നും ഹാഷിം കൂട്ടിച്ചേർത്തു.