ചാനൽ ചർച്ചകൾ തെറിവിളിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന അവസ്ഥയാണ് അടുത്ത കാലത്തായി കാണാൻ കഴിയുന്നത്. എന്തു വിഷയത്തിലുള്ള ചർച്ചകൾ വന്നാലും രണ്ടുപക്ഷക്കാർ തമ്മിൽ വിഷയത്തിൽ നിന്നു തെന്നിമാറി പരസ്പരം തെറിവിളിക്കുന്ന രീതിയാണ് ചാനലുകളിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കാൻ നടപടികളൊന്നും എടുക്കാതെയാണ് ചാനൽ ചർച്ചകളുടെ പോക്ക്.

സിപിഐ(എം) സംസ്ഥാന സമ്മേളനവും വി എസ് അച്യുതാനന്ദനെതിരായ സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയവും റിപ്പോർട്ടർ ചാനലിൽ ചർച്ചയായപ്പോഴാണ് സിപിഎമ്മിലെ യുവനേതാവിനെ 'നിഷ്പക്ഷ രാഷ്ട്രീയ'ത്തിന്റെ വക്താവായ അഡ്വ. ജയശങ്കർ നിലമറന്നു തെറിവിളിച്ചത്.

റിപ്പോർട്ടർ ചാനലിൽ കഴിഞ്ഞ ദിവസം വൈകിട്ടു നടന്ന ചർച്ചയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവുകൂടിയായ എം സ്വരാജിനെ ജയശങ്കർ പുലഭ്യം വിളിച്ചത്. വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ചു എന്ന കാരണത്തിലായിരുന്നു വ്യക്തിഹത്യ നടത്തുന്ന വിധത്തിൽ ജയശങ്കറിന്റെ നിലപാടുകൾ.

പിണറായി വിജയൻ പറഞ്ഞു പറയിപ്പിക്കുകയാണ് സ്വരാജിനെയെന്നും ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്നു പറയുമ്പോൾ ചാടിക്കളിക്കുന്ന ഒരു കുട്ടിക്കുരങ്ങനാണ് സ്വരാജെന്നും ജയശങ്കർ ആക്ഷേപിച്ചു. അവനൊക്കെ എന്തു തോന്നിവാസവും പറയാം. ഇതൊക്കെ കേൾക്കുമ്പോൾ കുറെ പേർക്കു രോമാഞ്ചമുണ്ടാകും. എന്നാൽ ഇതിനൊക്കെ പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. ആളുകൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.

സ്വരാജ് നാളെ റോഡിലിറങ്ങി നടക്കുമ്പോൾ ആളുകൾ അവന്റെ താടിക്കിട്ടു തോണ്ടും. ഇയാൾ പറയുന്നതൊക്കെ കേട്ടു കൈയടിക്കാനും കുറെ കുരങ്ങന്മാരുണ്ടാകും. പണ്ട് കുരങ്ങൻ കുഞ്ഞഹമ്മദ് എന്നു വിളിച്ചതുപോലെ മറ്റൊരു കുരങ്ങനാണ് സ്വരാജ്. മനുഷ്യൻ പരിണമിച്ചു കുരങ്ങായതാണ് സ്വരാജ് എന്നും ജയശങ്കർ പറഞ്ഞു.

സ്വരാജ് പങ്കെടുക്കാത്ത ചർച്ചയിലാണ് സ്വരാജിനെ അടച്ചാക്ഷേപിച്ചത്. ഒടുവിൽ ഫോണിലൂടെയാണ് കടുത്ത ആക്ഷേപങ്ങൾക്കു സ്വരാജ് മറുപടി നൽകിയത്. ജയശങ്കറിന്റെ പുലഭ്യംവിളി കേട്ടിരുന്ന അവതാരകൻ നികേഷ് കുമാർ പോലും ജയശങ്കറിനെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല.

തന്നെ വിളിക്കാതെ ഇത്തരമൊരു ചർച്ച സംഘടിപ്പിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് ഫോണിൽ സ്വരാജ് മറുപടി നൽകിയത്. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ സമ്മേളനത്തിൽ പ്രതിനിധിയായ തന്നെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നതും കുരങ്ങനെന്നു വിളിക്കുന്നതും തന്റെ മേൽ കുതിര കയറുന്നതും ഏത് രാഷ്ട്രീയ മര്യാദയുടെയും പ്രബുദ്ധതയുടെയും അടിസ്ഥാനത്തിലാണ് എന്ന് ആരാഞ്ഞാണ് സ്വരാജ് മറുപടി നൽകിയത്. സമ്മേളനത്തിൽ പങ്കെടുത്ത സഖാക്കളെല്ലാം പാർട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും മുന്നോട്ടു പോക്കിനും മുൻതൂക്കം നൽകിയുള്ള ചർച്ചകൾക്കാണ് വഴിതെളിച്ചത്. അതിനപ്പുറം വ്യക്തിഹത്യകളോ അതിരുവിട്ട പദപ്രയോഗങ്ങളോ ചർച്ചയിൽ ഉണ്ടായിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.

വ്യക്തി ഉയർത്തുന്ന നിലപാടുകളെ അതേനിലയിൽ എതിർക്കാനോ തുറന്നു കാണിക്കാനോ ഉള്ള കെൽപ്പില്ലാതെ വരുമ്പോഴാണ് കുരങ്ങനെന്നും പട്ടിയെന്നുമൊക്കെ വിളിക്കുകയെന്നും സ്വരാജ് പറഞ്ഞു. കുരങ്ങന് ഇഷ്ടപ്പെടാതെ വരുന്നതുകൊണ്ട് ജയശങ്കറെ അങ്ങനെ വിളിക്കില്ലെന്നും സ്വരാജ് പറഞ്ഞു.

എന്നാൽ, താൻ ഉത്തമബോധ്യത്തോടെയാണ് ഇതൊക്കെ പറഞ്ഞതെന്നും സ്വരാജിനെക്കുറിച്ച് പറയാവുന്ന ഏറ്റവും ഉചിതമായ വാചകങ്ങളാണ് ഇതെന്നും വികാരപ്രകടനത്തിന്റെ ഭാഗമായി പറഞ്ഞതല്ലെന്നും ഇതിൽ കുറ്റബോധമില്ലെന്നുമാണ് ജയശങ്കർ പറഞ്ഞത്.

സമ്മേളനത്തിൽ സ്വരാജ് എന്താണ് പറഞ്ഞത് എന്ന് അറിയാവുന്നവർ ആരും അവിടെ ഇല്ലാതിരിക്കെയാണ് ഊഹാപോഹങ്ങളുടെ പേരിൽ ജയശങ്കറിന്റെ അധിക്ഷേപമുണ്ടായത്. ഇടയ്ക്ക് ഫോണിൽ ചർച്ചയ്‌ക്കെത്തിയ സ്വരാജ് ചർച്ച നയിച്ച നികേഷ് കുമാറിനെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. സമനില കൈവിടാതെ തന്നെ ജയശങ്കറിന് മറുപടി കൊടുക്കുകയും ചെയ്തു.

ചാനൽ ചർച്ചകളിൽ ജയശങ്കറിനെപ്പോലെ പലരും ഇത്തരത്തിൽ ഭാഷാപ്രയോഗത്തിൽ അതിരു കടക്കുന്നതിനാൽ അതിഥികളുടെ ഭാഷയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ചാനലിൽ വന്നിരുന്ന് നീചഭാഷയിൽ സംസാരിക്കുന്നവരെ എങ്ങനെ സഹിക്കുമെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ചർച്ചയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക