കൊച്ചി: മമ്മൂട്ടിയുടെ കസബ സിനിമക്കെതിരെ വിമർശനമുന്നയിച്ച നടി പാർവ്വതിക്ക് സോഷ്യൽമീഡിയയിൽ വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിനിടെ സിനിമകളിലെ സ്ത്രീ വിരുദ്ധതയെ പരാമർശിക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ കസബക്കെതിരെ പാർവ്വതി ആഞ്ഞടിച്ചത്.

താൻ ഈ അടുത്ത് മലയാളത്തിലെ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാർവ്വതിയുടെ വിമർശനം.കസബയുടെ പേര് പരാമർശിക്കാതെ വിമർശനമുന്നയിച്ച് പാർവ്വതി നടി ഗീതു മോഹൻദാസിന്റെ നിർബന്ധത്തെ തുടർന്ന് സിനിമയുടെ പേര് പരാമർശിക്കുകയായിരുന്നു.

'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് എനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണ്.

ആ സിനിമയുടെ അണിറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ് എന്നും പാർവ്വതി പറഞ്ഞിരുന്നു.

പാർവ്വതിയുടെ ഈ വിമർശനം സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായത്. തൊട്ടുപിന്നാലെ പാർവ്വതിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഏതു വേഷം എങ്ങനെ ചെയ്യണം എന്ന് മമ്മുട്ടി തീരുമാനിച്ചോളും മമ്മുട്ടിക്ക് സിനിമ പറഞ്ഞു പഠിപ്പിക്കാൻ പാർവ്വതി ആയിട്ടില്ല, ആദ്യം നിന്റെ കൂട്ടത്തിലുള്ളവരോട് പറ ആടിയും പാടിയും പെൺശരീരം കാണിച്ചു സിനിമക്ക് ആളെ ആട്ടുന്ന വാണിജ്യ തന്ത്രത്തിൽ നിന്ന് മാറി നിൽക്കാൻ എന്നിങ്ങനെയായിരുന്നു കമന്റുകൾ.

എന്നാൽ ഈ വർഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ഒരുവെടിനിർത്തലിനുള്ള സൂചന നൽകുന്ന സംഭവമുണ്ടായി. പാർവതിക്കായിരുന്നു മികച്ച നടിക്കുള്ള അവാർഡ്. അത് സമ്മാനിച്ചത് മമ്മൂട്ടിയും. കസബ വിവാദത്തിന് ശേഷം മമ്മൂട്ടി ഫാൻസുമായുള്ള പാർവതിയും സ്വര ചേർച്ചയില്ലായ്മ പുരസ്‌കാരദാനത്തിലും പ്രതിഫലിച്ചു. ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടപ്പോൾ, മമ്മൂക്കയെ നിറഞ്ഞ ആർപ്പു വിളികളോടെ സ്വാഗതം നൽകിയപ്പോൾ പാർവതിക്ക് നേരെ കൂവൽ വർഷമായിരുന്നു.

ഇതിനിടെ മമ്മൂക്ക കാണികളോട് കൂവരുത് എന്ന് ആംഗ്യം കാണിക്കുന്നുമുണ്ടായിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെ കാണികൾ കൂവുകയാണ് ചെയ്തത്. മമ്മൂട്ടിയാകട്ടേ, പാർവതിക്ക് അവാർഡ് സമ്മാനിച്ചശേഷം അവരെ ചേർത്തുനിർത്തി അഭിനന്ദിക്കുകയും ചെയ്തു.ഏതായാലും ആരാധകർ പാർവതിയോട് ക്ഷമിച്ച മട്ട് കാണുന്നില്ല. അങ്ങനെയാണല്ലോ ആരാധകർ.