ന്ത്യൻ നിയമപ്രകാരം സിനിമ മാത്രമല്ല, സീരിയലുകൾ ഉൾപ്പെടെയുള്ള ചാനൽ പരിപാടികളെല്ലാം സെൻസർ ചെയ്യണമെന്നാണ് വയ്പ്. പക്ഷേ, ഇപ്പോൾ കത്രിക നീളുന്നത് സിനിമകൾക്കുനേരെ മാത്രം. അടുത്തിടെ ഉഡ്താ പഞ്ചാബിനെ വെട്ടിനിരത്താനുള്ള സെൻസർ ബോർഡിന്റെ ശ്രമം കോടതി തടഞ്ഞപ്പോൾ കേരളത്തിൽ നഗ്ന ദൃശ്യമുണ്ടെന്നു പറഞ്ഞ് കഥകളി എന്ന സിനിമയ്ക്കുനേരെയും സെൻസർബോർഡ് വാളോങ്ങി നിന്നു. കഥകളിയിലെ നഗ്നത കഥയിൽ അനിവാര്യമാണെന്നും ആവിഷ്‌കാര പൂർണതയ്ക്ക് അതു വേണ്ടതാണെന്നും ചലച്ചിത്രപ്രേമികൾ ഒന്നടങ്കം പറഞ്ഞു.

ഉഡ്താപഞ്ചാബിലെ സെൻസർബോർഡിന്റെ വെട്ടിനിരത്തലിനെ വിലക്കി മുംബൈ ഹൈക്കോടതിയും ഇടപെട്ടു. ഇതെല്ലാം നല്ല ആവിഷ്‌കാരത്തിനുവേണ്ടി, ദൃശ്യമാദ്ധ്യമത്തെ കലയെന്ന നിലയിൽ കാണുന്നവരുടെ പോരാട്ടങ്ങൾ. ഇത്തരത്തിൽ സിനിമയ്‌ക്കെതിരെ സെൻസർബോർഡ് കടുത്ത നടപടിയെടുക്കുമ്പോഴും മറുവശത്ത് അനുദിനം നഗ്നതാപ്രദർശനം വാർത്താ ഇതര ചാനലുകളിൽ കൂടിവരുന്ന സാഹചര്യമാണുള്ളത്.

ഒരു പരിപാടിയും സെൻസർ ചെയ്യാതെയാണ് പ്രദർശനം. റിയാലിറ്റി, സ്റ്റേജ് ഷോകളിലും താരനിശകളിലും അൽപവസ്ത്രധാരികളായ നർത്തകരും അവതാരകരും നിറയുന്നു. വിലയിരുത്തി സെൻസർ സർട്ടിഫിക്കറ്റ് നൽകുകയാണെങ്കിൽ മിക്ക പരിപാടികൾക്കും അനുമതി ലഭിക്കില്ലെന്ന് വിമർശകർ പറയുന്നു.

സിനിമ തിയേറ്ററിൽ പോയാണ് കാണുന്നത്. അതേസമയം, ചാനൽ പരിപാടികളാകട്ടെ ഒരു നിയന്ത്രണവും കൂടാതെ വീട്ടിലെ സ്വീകരണമുറിയിൽ വന്നെത്തുന്നു. ഈ സാഹചര്യത്തിൽ അടിയന്തിരമായി ചാനൽ പരിപാടികൾക്ക് സെൻസർഷിപ്പ് കൊണ്ടുവരേണ്ടതാണെന്ന് ഒരുവിഭാഗം വാദിക്കുന്നു. അത്രയ്ക്കും അശഌലമാണ് ചില ദേശീയ ചാനലുകളിലും ചില പ്രാദേശിക ചാനലുകളിലും ഉൾപ്പെടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

അവാർഡ്ദാന പരിപാടികളിൽ കാണിക്കുന്ന സെക്‌സ് ഡാൻസുകൾ, അവാർഡ് ജേതാക്കളെ സ്വീകരിക്കാൻ എത്തുന്നത് മേൽഭാഗവും കീഴ്ഭാഗവും പ്രദർശിപ്പിച്ച യുവതികൾ. എല്ലാം കണ്ട് പ്രേക്ഷകർ കൈയടിക്കുന്നു; വാപിളർന്നിരിക്കുന്നു. ഇഷ്ടതാരങ്ങളെ കാണാൻ സ്റ്റേജ് ഷോകളിലുംമറ്റും കുട്ടികളും മറ്റുമായി എത്തുന്നവർക്കു മുന്നിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്. ദിവസങ്ങൾക്കുമുമ്പ് നടന്ന ആനന്ദ് അവാർഡ് ദാന പരിപാടിയിൽ നടി മംമ്താ മോഹൻദാസ് ധരിച്ചിരുന്ന വസ്ത്രവും സോഷ്യൽ മീഡിയയിലും മറ്റും വൻ ചർച്ചയായിരുന്നു.

നമ്മുടെ സംസ്‌കാരത്തിനു ചേർന്നതല്ലെന്ന നിലപാടുമായാണ് പൊതുവേദിയിലെ വസ്ത്രധാരണത്തിന്റെ പേരിൽ ഒരുവിഭാഗം മംമ്തയെ കൊന്ന് കൊലവിളി നടത്തിയത്. പക്ഷേ, ഭംഗിയുള്ള ഒരു വസ്ത്രം ധരിച്ചെത്തിയ മംമ്തയെ ഇത്രയും ആക്രമിക്കണമായിരുന്നോ എന്നും അവർ പാടിയ നല്ലൊരു പാട്ടിനെപ്പറ്റിയും അവർ തനിക്കുകിട്ടിയ സമ്മാനത്തുക തിരുവനന്തപുരത്തെ സ്വസ്തി ഫൗണ്ടേഷന് സമർപ്പിച്ച നല്ലകാര്യത്തെപ്പറ്റിയും സംസാരിച്ചുകൂടേയെന്നുമാണ് മറുചോദ്യങ്ങളും ഉയരുന്നത്.

ഇത്തരം ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ചാനൽ പരിപാടികൾക്കും സെൻസർഷിപ്പ് വേണമെന്ന ആവശ്യവും ശക്തമാകുന്നത്. കുട്ടികളും മുതിർന്നവരും ഒരുമിച്ചിരുന്ന് കാണുന്ന ചാനലുകളിൽ അൽപവസ്ത്രധാരണത്തിനും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾക്കും സെൻസർഷിപ്പ് അത്യാവശ്യമാണെന്ന വാദമാണ് ഉയരുന്നത്.