തിരുവനന്തപുരം: സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് തിങ്കളാഴ്‌ച്ച നിശ്ചയം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ വന്ന് ഏവരുടെയും കൈയടി നേടിയ താരമാണ് ലച്ചു.വളരെ കുറച്ച് സമയം മാത്രമെയുള്ളുവെങ്കിലും സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ലച്ചുവിന്റെത്.ഇപ്പോൾ ബിഗ്‌ബോസിലും മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് താരം. ബിഗ്‌ബോസിലെ 'എന്റെ കഥ' എന്ന സെഗ്മെന്റ് വലിയ രീതിയിലാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥികൾക്ക് അവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്റെ കഥ' എന്ന സെഗ്മെന്റ്.

കഴിഞ്ഞ ദിവസം ലച്ചു ആയിരുന്നു തന്റെ കഥ പറഞ്ഞത്.സിനിമയിലെ പോലെ തന്നെ തന്റെ അനുഭവങ്ങൾ പറഞ്ഞ് ഏവരയെും ഞെട്ടിച്ചിരിക്കുകയാണ് ലച്ചു. ചെറുപ്പകാലത്തെ കുറിച്ചും, ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചുമായിരുന്നു ലച്ചു മനസ് തുറന്നിരുന്നത്.

ഞാൻ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളർന്നതും. എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോൾ മാതാപിതാക്കളെക്കാൾ എന്നെ സ്‌നേഹിച്ച ആ സഹോദരൻ ഒരു അപകടത്തിൽ മരിച്ചു. തുടർന്ന് 13മത്തെ വയസ് മുതൽ ആറു വർഷത്തോളം ഞാൻ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയിൽ ക്രൂരമായി ഞാൻ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളിൽ നിന്നല്ല പലരിൽ നിന്നും നേരിട്ടു.

പതിനെട്ട് വയസായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ഇന്ത്യയിലേക്ക് വന്നു. ഈ സമയത്ത് എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു. എന്നാൽ മദ്യത്തിന് അടിമയായ അയാളും എന്നെ ഏറെ ഉപദ്രവിച്ചു. ഒരിക്കൽ കാറിൽ വച്ച് എന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സ്വന്തം കാലിൽ തന്നെയാണ് നിന്നത്. എന്നാൽ ഒരു ദിവസം എന്റെ വീട്ടിന് അടുത്തുള്ള രണ്ടുപേർ എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മർദ്ദിച്ചു. എന്റെ കൈ ലാപ്‌ടോപ്പിന്റെ കേബിൾ വച്ച് കെട്ടി എന്നെ ചവുട്ടി അതിന്റെ പരിക്കിൽ നിന്നും മോചിതയാകാൻ എനിക്ക് രണ്ട് മാസത്തോളം എടുത്തു.

എന്നെ ക്രൂരമായി മർദ്ദിക്കാൻ ഉണ്ടായ കാരണമാണ് എന്നെ ഞെട്ടിച്ചത്. എന്റെ വീട്ടിൽ ഞാൻ ഫാൻസി ലൈറ്റുകളും മറ്റും തൂക്കിയിരുന്നു. അത് കണ്ട് ഞാൻ എന്റെ വീട്ടിൽ വേശ്യാലയം നടത്തുകയാണ് എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒപ്പം മോഡലിംഗും മറ്റും ചെയ്യുന്ന എന്റെ വസ്ത്രം കണ്ട് ഞാൻ ഒരു അഭിസാരികയായി തോന്നിയത്രെ. ഇനിയിപ്പോ അങ്ങനെയാണെങ്കിൽ തന്നെ എന്നെ എന്റെ വീട്ടിൽ കയറി തല്ലാൻ അവർക്കെന്ത് അധികാരം. അവർ പൊലീസിൽ അറിയിക്കുകയല്ലെ വേണ്ടത്.

ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണം എന്നാണ് നിയമം പറയുന്നത്. എന്നാൽ എന്നെ ആക്രമിച്ചവരെ ഇതുവരെ തൊട്ടിട്ടില്ല. ഞാൻ ഇപ്പോഴും പരാതിയുമായി നീതി നേടി അലയുന്നു. ശരിക്കും അവരുടെ പ്രശ്‌നം 21 വയസുള്ള ഞാൻ സ്വതന്ത്ര്യയായി ജീവിക്കുന്നു എന്നതാണെന്നാണ് എനിക്ക് മനസിലായത്. പക്ഷെ അവർ ശിക്ഷിക്കപ്പെട്ടില്ല. ഈ വേദിയിൽ ഇത് തുറന്ന് പറഞ്ഞാലെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ഇതിൽ നിന്നെല്ലാം മുക്തയാക്കി ഇത്തരം ഒരു വേദിയിലേക്ക് ഊർജ്ജം നൽകിയത് എന്റെ ഇപ്പോഴത്തെ പാർട്ണറാണ്. എന്നോട് ചെയ്ത അക്രമങ്ങളുടെ പേരിൽ ലോകത്തിലെ എല്ലാ പുരുഷന്മാരെയും ഞാൻ കുറ്റം പറയുന്നില്ല. എന്നെ ആക്രമിച്ചത് എല്ലാം ആൽഫ മെയിൽ ആണ്. അവർ അവരുടെ തെറ്റ് പോലും ഇതുവരെ മനസിലാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങൾക്കെതിരായ നിയമങ്ങളും പ്രതിരോധവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ കൊണ്ടുവരണം. എത്ര തകർക്കാൻ നോക്കിയാലും ഞാൻ തകരില്ല - ലച്ചു തന്റെ ജീവിതം പറഞ്ഞ് നിർത്തി. കരഞ്ഞുകൊണ്ടാണ് ബിഗ്‌ബോസ് ഹൗസിലെ പലരും ലച്ചുവിന്റെ കഥകൾ കേട്ടിരുന്നത്.