തിരുവനന്തപുരം: മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് അഖിൽ മാരാർ. ഇപ്പോൾ മോഹൻലാൽ അവതാരകനായ ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മൽസരാർത്ഥി കൂടിയാണ് അഖിൽ മാരാർ.കഴിഞ്ഞ ആഴ്ചയാണ് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം അഞ്ചാം പതിപ്പ് ആരംഭിച്ചത്. ഇതിനോടകം തന്നെ ഷോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ബിഗ്ബോസ് താരം അഖിൽ മാരാർ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.ജീവിത സാഹചര്യങ്ങൾ തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ 2018 അവസാനത്തോടെ ഷെയർ മാർക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങൾ സംഭവിച്ചുവെന്ന് അഖിൽ വെളിപ്പെടുത്തി.

കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഭാര്യയേയും മക്കളെയും അവരുടെ വീട്ടുകാർ ചെലവിനുകൊടുത്ത് വളർത്തുന്ന അവസ്ഥയിലെത്തി. രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് എന്റെ ആവശ്യം ഇല്ലാതായി. കൈയിൽ അഞ്ചു പൈസ ഇല്ലാത്തതുകൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവൻ എന്ന പേരുദോഷം കൊണ്ടും പണ്ടേ അച്ഛനും അമ്മയ്ക്കും എന്നെ കൊണ്ട് യാതൊരു ഗുണവുമില്ലായിരുന്നു. ചുരുക്കത്തിൽ ഞാൻ ജീവിച്ചിരുന്നതുകൊണ്ട് ആർക്കും ഒരു ഗുണമില്ലാത്ത അവസ്ഥ. എന്റെ കാഴ്ചപ്പാടിൽ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നതുകൊണ്ട് അയാൾക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കിൽ ആർക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം.

അഹങ്കാരിയും ആരും പറഞ്ഞാൽ കേൾക്കാത്തവനും നിഷേധിയുമായ ഞാൻ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹവും. ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മയും. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛനും. ഇവിടെ നിന്ന് എവിടെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോ എന്ന് തെറി കൂട്ടി ഭാര്യയും. ഭാര്യ വീട്ടിൽ നിന്നും ഭാര്യ തന്നെ അടിച്ചിറക്കിയ എനിക്ക് കയറി കിടക്കാൻ ആരും ഒരു വാടക വീട് പോലും തരാൻ ഇല്ലാത്ത അവസ്ഥ.

എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളിപ്പറയാൻ അമ്മയ്ക്കും അച്ഛനും കഴിയിലല്ലോ. അങ്ങനെ ഞാൻ എന്റെ വീട്ടിൽ എത്തി, അനിയനും കുടുംബവും അവിടെ താമസിക്കുന്നതുകൊണ്ട് വീടിന് വെളിയിൽ പുറത്തെ ബാത്‌റൂമിനോട് ചേർന്ന് ഒരു ഷെഡ് അടിച്ചു അതിൽ താമസം തുടങ്ങി. 6 മാസം ഈ ഷെഡിൽ ആയിരുന്നു അവിടെ നിന്നുമാണ് ഞാൻ എന്റെ ജീവിതം തിരിച്ചു പിടിച്ചത്', മാരാർ പറയുന്നു.

പതിനെട്ട് മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചത്. കഴിഞ്ഞ നാല് സീസണുകളും കണ്ടും പഠിച്ചും, വീടിനകത്ത് എങ്ങെ നിൽക്കണമെന്ന പ്ലാനോട് കൂടിയാണ് പലരും വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉള്ളവരാണ് ഈ സീസണിലെ ഭൂരിഭാഗം മത്സരാർഥികളും.