ബെംഗരൂരു: രാഷ്ട്രീയത്തിൽ, തിരഞ്ഞെടുപ്പ് ജയങ്ങളും, തോൽവികളും സാധാരണമാണ്. ജയം പോലെ തന്നെ തോൽവികളെയും കാണാൻ കഴിയണമെന്നൊക്കെ പറയാമെങ്കിലും, ടെലിവിഷൻ ചാനൽ ചർച്ചകളിലെ വാക്‌പോരിനിടെ പലപ്പോഴും ഇതൊക്കെ മറന്നുപോകും. ഇന്ത്യ ടുഡേ ടിവിയിൽ രാജ്ദീപ് സർദേശായിയും, ബിജെപിയുടെ ഐടി സെൽ കൺവീനർ അമിത് മാളവ്യയും തമ്മിലുള്ള സംവാദം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

കർണാടകത്തിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് അമിത് മാളവ്യ ചൂടായതും രാജ്ദീപ് സർദേശായിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതും. എന്നാൽ, രംഗം വഷളാകാതെ രാജ്ദീപ് സർദേശായി രക്ഷിക്കുന്നതും കൗതുക കാഴ്ചയാണ്.

സംഭാഷണം ഇങ്ങനെ:

അമിത് മാളവ്യ: ' കർണാടക സർക്കാരിന് ഏറ്റ തിരിച്ചടികളെ കുറിച്ച് ബിജെപി വിശദമായി പരിശോധിക്കും. എന്നാൽ, ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രചാരവേലയാണ്. ബിജെപി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും.'

രാജ്ദീപ് സർദേശായി: ( ചിരിച്ചുകൊണ്ട്) എന്റെ പുസ്‌കത്തെ പ്രമോട്ട് ചെയ്യുന്നതിന് നന്ദി, പക്ഷേ താങ്കൾക്ക് എന്താണ് ഇത്ര ദേഷ്യം? എനിക്ക് അത്രവലിയ പ്രാധാന്യം നൽകേണ്ട. ഞാനൊരു സാധാരണ മനുഷ്യൻ. ഞാൻ ചിരിക്കുകയാണ്, അങ്ങേയ്ക്ക് ചിരിച്ചുകൂടേ ...ഞാൻ കുറച്ച് മൈസൂർ പാക്ക് കൊടുത്തുവിടാം.

അമിത് മാളവ്യ: 'നിങ്ങളൊരു പ്രോപഗൻഡിസ്റ്റാണ്. നിങ്ങൾ വിരമിക്കണം. നിങ്ങൾ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം. നിങ്ങൾ സോണിയ ഗാന്ധിയുടെ കാൽക്കൽ വീണ് ഒരു രാജ്യസഭാ സീറ്റ് സംഘടിപ്പിക്കണം'

രാജ്ദീപ്: സർ നിങ്ങൾ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോഴും ചിരിക്കുന്ന നേതാക്കളായിരുന്നു അവർ. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്.

നിങ്ങൾ എന്നെ വിരട്ടാൻ നോക്കേണ്ട സർ. ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഞാൻ ഉറപ്പുതരാം നിങ്ങൾ യുപിയിലെ ലഡു എനിക്കയച്ചു തരൂ' - എന്നുപറഞ്ഞ് രാജ്ദീപ് മൈസൂർ പാക്ക് ഉയർത്തികാട്ടുന്നു.