- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വുഷു നിങ്ങൾ എപ്പോൾ മുതലാണ് ആരംഭിച്ചത്? രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ്?' വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്; പ്രൊമൊ പുറത്തുവന്നതോടെ ആരാധകർ ആകാംക്ഷയിൽ
തിരുവനന്തപുരം: വുഷു ചാമ്പ്യൻ എന്ന ഒരു വിശേഷണത്തോടെ ബിഗ് ബോസിലേക്ക് എത്തിയ മത്സരാർഥിയാണ് അനിയൻ മിഥുൻ. വുഷുവിൽ ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച ഫൈറ്ററെന്നാണ് അനിയൻ മിഥുൻ ബിഗ് ബോസിൽ സ്വയം പരിചയപ്പെടുത്തിയത്. വുഷു വേദികളിൽ 'അറബിക്കടലിന്റെ മകൻ' എന്നാണ് അനിയൻ മിഥുൻ സ്വയം സംബോധന ചെയ്യുന്നത്.
ജീവിതത്തിലെ ഉയർച്ച താഴ്ചകളെ ഒരു ഗ്രാഫ് ആയി അടയാളപ്പെടുത്തി കഥ പറയുക എന്നതാണ് 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ടാസ്‌ക്. ജീവിതത്തിലെ നിർണായകമായ സംഭവങ്ങളായിരുന്നു മിഥുൻ ടാസ്‌കിൽ അവതരിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി താൻ ആദ്യമായി പ്രതിനിധീകരിച്ചത് സൗത്ത് ഏഷ്യൻ മത്സരത്തിലായിരുന്നുവെന്ന് മിഥുൻ വ്യക്തമാക്കിയിരുന്നു. മനസിൽ ഇന്ത്യയെ പ്രതിനിധീകരണമെന്ന ആഗ്രഹമായുണ്ടായിരുന്നു. പാക്കിസ്ഥാൻകാരനായിരുന്നു എന്റെ ആദ്യ എതിരാളി. ഞാൻ ഒരു അടിയടിച്ചു, പുള്ളി നോക്കൗട്ടായി.
പുള്ളിയെ സ്ട്രക്ചറിൽ എടുത്തുകൊണ്ടുപോയി. അങ്ങനെ എനിക്ക് ലോക റെക്കോർഡ് സ്വന്തമാക്കാനും കഴിഞ്ഞു. ഫാസ്റ്ററ്റ് നോക്കൗട്ടെന്ന് പറയുന്ന റെക്കോർഡ്. മറ്റൊരു റെക്കോർഡും എനിക്ക് കിട്ടി. ആദ്യമായി ഒരു ദക്ഷിണേന്ത്യൻ ഇന്ത്യയെ പ്രതിനിധീകരിച്ചു എന്ന റെക്കോർഡ്. എന്നെ നാട്ടിൽ കളിയാക്കിയിരുന്നു ചേച്ചിമാരൊക്കെയുണ്ടായിരുന്നു. അവർക്ക് പിഎസ്‌സിയിൽ എന്റെ പേര് ചോദ്യത്തിൽ വന്നു. പിന്നീട് ലോക ചാമ്പ്യൻഷിപ്പ് വന്നു എന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടാസ്‌കിൽ മിഥുൻ വെളിപ്പെടുത്തിയത്.
എന്നാൽ ടാസ്‌കിൽ അനിയൻ മിഥുൻ വ്യക്തമാക്കിയ ചില കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. വുഷു ചാമ്പ്യനാണ് താൻ എന്നതടക്കം മിഥുൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ബിഗ് ബോസ് തന്നെ ഇക്കാര്യത്തിൽ മിഥുനോട് വിശദീകരണം തേടുന്നതിന്റെ ഒരു പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് നിജസ്ഥിതി ആരാഞ്ഞത്. മിഥുൻ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പുറത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് എന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. വുഷു എന്ന കായികവിനോദം നിങ്ങൾ എപ്പോൾ മുതലാണ് ആരംഭിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. ഞാൻ സ്‌കൂൾ കാലം തൊട്ടാണ് അത് ആരംഭിച്ചത് എന്നായിരുന്നു മറുപടി. രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങൾ പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ് എന്നും ആരാണ് സംഘടിപ്പിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. പേര് എനിക്ക് എന്ന് മിഥുൻ പറയുന്നത് വരെയാണ് പ്രൊമൊയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് എന്തായാലും മിഥുൻ പറഞ്ഞ കാര്യങ്ങൾ ഗൗരവമായിട്ടാണ് പരിശോധിക്കുന്നത് എന്ന് വ്യക്തമാണ്.
'ജീവിത ഗ്രാഫെ'ന്ന ടാസ്‌കിൽ അനിയൻ മിഥുൻ വ്യക്തമാക്കിയ കാര്യങ്ങളും വലിയ ചർച്ചയായിരുന്നു. ആർമി ഓഫീസറായ ഒരു പെൺകുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു മിഥുൻ അനിയൻ വ്യക്തമാക്കിയത്. എന്നാൽ അങ്ങനെ ഒരു പെൺകുട്ടി ആർമിയിൽ ഇല്ലെന്ന് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ അഭിപ്രായങ്ങൾ പങ്കുവെച്ചു. ശനിയാഴ്ച ഇതിനെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോഴും ജീവിത ഗ്രാഫിൽ വെളിപ്പെടുത്ത കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ അനിയൻ ഞായറാഴ്ചത്തെ എപ്പിസോഡിൽ മാപ്പ് പറയുകയും ചെയ്തിരുന്നു.
ശനിയാഴ്ചത്തെ എപ്പിസോഡിൽ അനിയൻ മിഥുനെ കാര്യമായി തന്നെ ഈ വിഷയത്തിൽ ചോദ്യം ചെയ്തിരുന്നു മോഹൻലാൽ. ആർമിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നാണ് മോഹൻലാൽ ചോദിച്ചത്. പാര കമന്റോയിൽ ഒരു ലേഡി ഇല്ലെന്ന് മോഹൻലാൽ തീർത്ത് പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയിൽ എടുക്കാൻ തുടങ്ങിയത്. അത് അഡ്‌മിനിസ്‌ട്രേഷൻ, മെഡിക്കൽ തുടങ്ങിയവയിലാണ്. അല്ലാതെ ആർട്ടിലെറി ഇൻഫന്ററി എന്നിവയിൽ ഒന്നും അല്ല.
മിഥുൻ അനിയൻ പറഞ്ഞ സംഭവത്തിലെ അവിശ്വസനീയമായ കാര്യങ്ങൾ എടുത്തുപറഞ്ഞു. നിങ്ങൾ പറഞ്ഞത് സത്യമാണോ എന്ന് മോഹൻലാൽ വീണ്ടും ചോദിച്ചു. എന്നാൽ ചിലപ്പോൾ ട്രൂപ്പോ, പദവിയോ മാറാം എന്നാൽ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുൻ വീണ്ടും പറഞ്ഞു. ഇതോടെ മിഥുൻ അങ്ങനെ വിശ്വസിക്കുന്നെങ്കിൽ വിശ്വസിക്കാം, പക്ഷെ അതിൽ ആർമിയെക്കുറിച്ചാണ് പറയുന്നത് അവർ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്നതിൽ ഈ ഷോയ്‌ക്കോ എനിക്കോ പങ്കില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. എന്നാൽ ഞായറാഴ്ച എവിക്ഷൻ ഘട്ടത്തിൽ മോഹൻലാൽ അഭിപ്രായം ചോദിച്ചപ്പോഴാണ് 'ജീവിത ഗ്രാഫി'ൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മിഥുൻ അനിയൻ വീണ്ടും സംസാരിച്ചത്. താൻ സോറി പറയുന്നു എന്ന് മോഹൻലാലിനോട് മിഥുൻ വ്യക്തമാക്കിയിരുന്നു.
''മുന്നോട്ടുപോണം എന്ന് തന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം കാര്യങ്ങൾ മാറി. ബിഗ് ബോസ് സമ്മതിക്കുകയാണെങ്കിൽ എനിക്കു പോകണം എന്നാണ് ആഗ്രഹം. മത്സരത്തിന്റെ ഗുഡ് വൈബ് നഷ്ടപ്പെട്ടു. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തിൽ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി. ലാലേട്ടനോടായാലും ബിഗ് ബോസിനോടായാലും പ്രേക്ഷകരോടായാലും എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാരോടും, ഇന്ത്യൻ ആർമി എന്ന് പറയുന്ന ആ വലിയ ഫോഴ്‌സിനോടും. എനിക്ക് ഈ വേദിയിൽ വച്ചു തന്നെ സോറി പറയണമെന്ന് തോന്നി. എന്റെ കഥയിൽ ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാൻ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് ഇറങ്ങണം എന്നു തോന്നുന്നു. ഞാൻ പറയാൻ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. '' അനിയൻ മിഥുൻ പറഞ്ഞു.
ബിഗ് ബോസ് ഷോയിൽ വീക്ലി ടാസ്‌കായി സ്വന്തം ജീവിതാനുഭവം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് അനിയൻ മിഥുൻ എന്ന മത്സരാർഥി ഇന്ത്യൻ ആർമിയിലെ ഒരു പാരാ കമാൻഡോയുമായി ഉണ്ടായ പ്രണയകഥ പറഞ്ഞത്. കശ്മീരിൽ ഇന്ത്യൻ ആർമി വിഭാഗത്തിലെ പാരാ കമാൻഡോ ആയ സനയെന്ന ഓഫിസർ റാങ്കിൽ ഒരു വനിതയെ പരിചപ്പെട്ടെന്നും അവൾ പഞ്ചാബി ആയിരുന്നെന്നും തുടർന്ന് അവൾ പ്രൊപ്പോസ് ചെയ്തെന്നും സ്വന്തം ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ആ ഓഫിസർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ചു മരിച്ചു എന്നുമാണ് അനിയൻ മിഥുൻ പറഞ്ഞത്.
സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേർ മിഥുനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ച് ശനിയാഴ്ച മോഹൻലാൽ ചോദ്യമുയർത്തിയപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്ന മിഥുൻ ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാലിനോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞെങ്കിലും ടാസ്‌കിൽ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയോ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാൻ മിഥുൻ തയാറായില്ല.
മറുനാടന് ഡെസ്ക്