തിരുവനന്തപുരം: ഇത്തവണത്തെ ബിഗ്‌ബോസിന്റെ പ്രത്യേകതയാണ് കോമണർ മത്സരാർത്ഥി.എയർടെൽ 5 ജി പ്ലസ് കോമൺമാൻ കോണ്ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവരാണ് പല രീതിയിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 17 മത്സരാർഥികൾക്കൊപ്പം ചേരുന്നത്.
ഇങ്ങനെ പൊതുജനങ്ങൾക്കിടയിൽ നിന്നും തെരഞ്ഞെടുത്ത് മത്സരാർത്ഥിയെയാണ് കോമണർ എന്നു വിളിക്കുന്നത്

ഈ സീസണിലെ കോമണർ ആണ് ഗോപിക ഗോപി.എന്നാൽ ഈ കോമണർ മത്സരാർഥിയെ ബിഗ് ബോസിലെ സഹ മത്സരാർഥികൾ പല തരത്തിലാണ് അഭിമുഖീകരിക്കുന്നത്. ചിലർ ഗോപികയെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റു ചിലർ ഇവർ ഒരു ഭീഷണിയായേക്കാമെന്നും കരുതുന്നുണ്ട്. പലരും കോമണർ എന്നാണ് മറ്റുള്ളവരോട് ഗോപികയുടെ കാര്യം പറയുമ്പോൾ അവരെ സംബോധന ചെയ്യാറ്. എന്നാൽ അവരെ ഇനി കോമണർ എന്ന് സംബോധന ചെയ്യേണ്ടതില്ലെന്ന് അവതാരകനായ മോഹൻലാൽ ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു.

ഗോപിക എന്നുള്ളത് നല്ല പേരല്ലേ? പലരും ഗോപികയെ അവിടെ കോമണർ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഗോപിക ഇവിടെ വരുന്നിടം വരെയായിരുന്നു കോമണർ. ഇപ്പോൾ അതിനകത്തുള്ള ഒരു സെലിബ്രിറ്റി തന്നെയാണ്. ഗോപികയെ ഗോപിക എന്നു തന്നെ വിളിക്കാം. ഗോപികയെ ഗോപിക എന്നു വിളിക്കാം. ഗോപീ എന്നു വിളിക്കാം. ഗോപൂ എന്ന് വിളിക്കാം. ഗോ എന്ന് വിളിക്കാം. പിന്നെ അവർക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കാം, മോഹൻലാൽ തമാശയോടെ കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ സ്വദേശിനിയായ ഗോപിക അവിടെ ഒരു കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുകയാണ്. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്‌ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്റെ സന്തോഷം ഉദ്ഘാടന വേദിയിൽ ഗോപിക മോഹൻലാലിനോട് പങ്കുവച്ചിരുന്നു. വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതിൽ. 100 ദിവസവും നിൽക്കുകയും ചെയ്യും സാറിന്റെ കൈയിൽ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഞാൻ ആദ്യമായിട്ടല്ലേ, എന്നാലും ഞാൻ സൂപ്പർ ആയിട്ട് അവിടെ നിൽക്കും. മോഹൻലാലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഉദ്ഘാടന വേദിയിൽ ഗോപിക പറഞ്ഞിരുന്നു.