തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പലപ്പോഴും ചൂടേറിയ സംവാദങ്ങൾ പതിവാണ്. ദേശീയ ചാനലുകളിൽ, ആർണാബ് ഗോസ്വാമി ആണ് അവതാരകനെങ്കിൽ, അതിഥികൾ ഒരുപാടുണ്ടാകും. പലരും അഭിപ്രായം പറയാൻ മത്സരിക്കും. വലിയ ബഹളമാണ് അവിടെ. ജയിച്ചുനിൽക്കാൻ വലിയ ബുദ്ധിമുട്ടും. അതുവച്ചുനോക്കുമ്പോൾ മലയാളം താരതമ്യേന ശാന്തമാണ്. പോർവിളികളും ഇറങ്ങിപ്പോക്കുകളും തീരെ ഇല്ലെന്ന് പറഞ്ഞ് കൊച്ചാക്കുന്നില്ല. എല്ലാറ്റിനും അതിന്റേതായ പരിധിയുണ്ട് ദാസാ എന്നാണ് വയ്പ്.

ചിലപ്പോൾ ഈ റൂളൊക്കെ അതിഥികൾ മറക്കും. സിപിഎമ്മുകാർക്കാണെങ്കിൽ മൂക്കത്താണ് ശുണ്ഠി. പെട്ടെന്ന് അങ്ങ് ഇറങ്ങിപോയ്ക്കളയും. അങ്ങനെയൊരു സംഭവം മനോരമയിൽ ഷാനി അവതരിപ്പിച്ച കൗണ്ടർ പോയിന്റിൽ കണ്ടു. വിഷയം പതിവ് പോലെ വീണയുടെ മാസപ്പടി വിവാദം തന്നെ. മുഖ്യമന്ത്രി മൗനത്തിൽ രക്ഷപ്പെടുമോ, മറുപടി പറയുമോ എന്നൊക്കെയാണ് മനോരമ ചോദിക്കുന്നത്. എന്തായാലും എന്തോ, ചർച്ച അധികം നീണ്ടില്ല, അതിന് മുമ്പേ, സിപിഎം പ്രതിനിധി കെ അനിൽ കുമാർ ഇല്ല, ഞാനില്ല എന്നുപറഞ്ഞ് കോപാകുലനായി ഇറങ്ങിപ്പോയി. ഷാനിയുടെ ചോദ്യമാണ് അനിൽ കുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പാവം പ്രേക്ഷകർക്ക് തോന്നാവുന്നത്. എന്തായാലും ഷാനി അദ്ഭുതപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ചർച്ചയുടെ പ്രസക്ത ഭാഗം ഇങ്ങനെ:

ഷാനി: പറഞ്ഞോളു...കേൾക്കുകയാണ്. സിഎംആർഎല്ലിന് അങ്ങനെയൊരു ആരോപണമുണ്ടോ?

കെ അനിൽ കുമാർ: ഞാൻ ഉന്നയിക്കുന്ന കാര്യം എന്റെ പാർട്ടിയുടെ ബോധ്യമാണ്. പാർട്ടിയുടെ ബോധ്യം സിഎംആർഎൽ പറയേണ്ട ബോധ്യമല്ല.

ഷാനി: സിഎംആർഎല്ലിന് അങ്ങനെയൊരു പരാതിയുണ്ടോ?

അനിൽകുമാർ: സിഎംആർഎല്ലിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മൊഴിയുടെ തുമ്പത്തല്ല എന്റെ...( പെട്ടെന്ന് ഹെഡ്‌ഫോൺ ഊരുന്നു) നിങ്ങളങ്ങ് നടത്തിക്കോ, ഞാനില്ല. പരിപാടിക്കില്ല. ചുമ്മാ ചോദ്യം.. ( ഇറങ്ങി പോകുന്നു)

ഷാനി: ശ്രീ അനിൽ അക്കര...ശ്രീ അനിൽ കുമാർ പിണങ്ങി പോയിരിക്കുന്നു. എന്തിനാണെന്ന് നമുക്കാർക്കും വ്യക്തമല്ല.