- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിത്തിൽ കുടുങ്ങിയ ഷംസീർ; പുതുപ്പള്ളിയിലെ പിൻഗാമി; പിണറായിയെ വരിഞ്ഞു മുറുക്കിയ കുഴൽനാടൻ; അച്ഛനെ 'ചതിച്ച' മകൻ; ചാന്ദ്രവിജയവും വില്ലനായ വിനായകനും; പിന്നെ അരിക്കൊമ്പനും സിനിമയിലെ പ്രളയവും കടൽ കീഴടക്കലും; മനോരമ ന്യൂസ് മേക്കർ വോട്ടെടുപ്പ് തുടങ്ങുമ്പോൾ
കൊച്ചി: മനോരമ ന്യൂസ് ന്യൂസ്‌മേക്കർ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങുമ്പോൾ പട്ടികയിൽ ഇടം പിടിച്ചവരെല്ലാം കേരളത്തിലെ വാർത്ത ലോകം ചർച്ചയാക്കിയവർ. ഏറ്റവും കൂടുതൽ പ്രേക്ഷക വോട്ടുകൾ നേടുന്ന നാലുപേർ അന്തിമ പട്ടികയിലെത്തും. ഇവരെല്ലാം 2023ൽ കേരളത്തിൽ ചർച്ചയായ വാർത്താ താരങ്ങൾ തന്നെയാണ്. ആരാകം അവസാന നാലിൽ ഇടം നേടുകയെന്നതും നിർണ്ണായകമാകും.
രാഷ്ട്രീയ രംഗത്ത് നിന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, അനിൽ ആന്റണി എന്നിവർ. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, നാവികൻ അഭിലാഷ് ടോമി, അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ.അരുൺ സഖറിയ എന്നിവർ പട്ടികയിലുണ്ട്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, നടൻ വിനായകൻ എന്നിവരാണ് സിനിമയിൽ നിന്ന്. ഇന്ത്യൻ ക്രിക്കറ്റ് എ ടീം ക്യാപ്റ്റൻ മിന്നു മണിയാണ് പ്രാഥമിക പട്ടികയിലെ വനിതാ സാന്നിധ്യം.
മിത്ത് വിവാദമാണ് സ്പീക്കർ ഷംസീറിനെ പട്ടികയിൽ എത്തിക്കുന്നത്. ചാണ്ടി ഉമ്മന് പുതുപ്പള്ളിയിലെ മിന്നും ജയം. മാത്യു കുഴൽനാടന്റേത് പോരാട്ടമായിരുന്നു. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ സമാനതകളില്ലാത്ത പോരാട്ടം. കോൺഗ്രസിനെ വിട്ട് ബിജെപിയിൽ എത്തിയ അനിൽ ആന്റണി. അച്ഛനായ എകെ ആന്റണിയെ വേദനിപ്പിച്ച മകനും ദേശീയ രാഷ്ട്രീയത്തിൽ ഇന്ന് ശ്രദ്ധേയനാണ്. ചാന്ദ്രായൻ ദൗത്യത്തിന് ചുക്കാനാണ് ഐഎസ് ആർഒ ചെയർമാൻ പദവിയിലുള്ള മലായളിയെ വാർത്താ താര പട്ടികയിൽ എത്തിച്ചത്.
കടൽ കീഴടക്കാനുള്ള യാത്രയിൽ നാവികനായ അഭിലാഷ് ടോമിയുടേത് സമാനതകളില്ലാത്ത വിജയമാണ്. കേരളത്തിന്റെ എല്ലാ ശ്രദ്ധയും ആവാഹിച്ച അരിക്കൊമ്പൻ ദൗത്യം ഡോ അരുൺ സഖറിയയെ വീര നായകനാക്കി മാറ്റി. 2018 എന്ന പേരിലെ ചിത്രത്തിലൂടെ പ്രളയം പുനരാവിഷ്‌കരിച്ച സിനിമാ സംവിധായകനാണ് ഡീഡ് ആന്തണി ജോസഫ്. രജനികാന്ത് ചിത്രമായ ജയിലറിലെ വില്ലനായി തിളങ്ങിയ വിനായകൻ. പോരാത്തതിന് പലവിധ വിവാദങ്ങളും നടനെ ചർച്ചകളിൽ എത്തിച്ചു. അങ്ങനെ മലായളിക്ക് പ്രിയപ്പെട്ടവരാണ് ഇത്തവണയും വാർത്താ താരത്തിൽ എത്തുന്നത്.
ശശി തരൂർ എംപി ആയിരുന്നു 2022ലെ മനോരമ ന്യൂസ് ന്യൂസ്‌മേക്കർ ജേതാവ്. അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് തരൂർ പോയവർഷത്തെ വാർത്താതാരമായത്. ശശി തരൂരിനു പുറമേ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, ദേശീയ പുരസ്‌കാര ജേതാവായ ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവരാണ് 2022ലെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
2006ൽ ആരംഭിച്ച മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം ആദ്യം ലഭിച്ചത് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനാണ്. 2007ൽ പിണറായി വിജയനായിരുന്നു ന്യൂസ് മേക്കർ. 2008ൽ ഡോ.ജി മാധവൻ നായർ, 2009ൽ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി, 2010ൽ പ്രീജ ശ്രീധരൻ, 2011ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, 2012ൽ ഇ.ശ്രീധരൻ, 2013ൽ ഋഷിരാജ് സിങ്, 2014ൽ മഞ്ജു വാര്യർ, 2015ൽ ജേക്കബ് തോമസ്, 2016ൽ മോഹൻലാൽ, 2017ൽ കാനം രാജേന്ദ്രൻ, 2018ൽ പ്രളയരക്ഷകരായ മത്സ്യത്തൊഴിലാളികൾ, 2019ൽ ബൈജു രവീന്ദ്രൻ, 2020ൽ കെ.കെ ശൈലജ എന്നിവർക്കാണ് ന്യൂസ് മേക്കർ പുരസ്‌കാരം ലഭിച്ചത്. 2021ൽ കെ സുധാകരനായിരുന്നു ജേതാവ്.
മറുനാടന് മലയാളി ബ്യൂറോ