- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ് ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ അടുത്ത എപ്പിസോഡുകളുടെ ട്രെയ്ലർ പുറത്ത്; ഇക്കുറി ലക്ഷ്യമിടുന്നത് കിരീടാവകാശിയായ സഹോദരൻ വില്യമിനെ; വില്യമിനെ രക്ഷിക്കാൻ സംഘടിതമായി കൊട്ടാരം നുണപറയുന്നു എന്ന് ആരോപണം
ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ അടുത്ത ഭാഗത്തിന്റെ ട്രെയ്ലർ പുറത്തു വന്നതോടെ വിമർശകർ കൂട്ടമായി ഹാരിക്കെതിരെ തിരിയുകയാണ്. ഏറെ വിവാദമായ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറിൽ ഹാരി പറയുന്നത് വില്യമിനെ രക്ഷിക്കാനായി രാജകുടുംബം ഒന്നാകെ നുണകൾ പറയാൻ തയ്യാറായി എന്നാണ്. അതേസമയം തങ്ങളെ രക്ഷിക്കാൻ അവർ സത്യം പറയാൻ മടിച്ചു എന്നും ഹാരി ആരോപിക്കുന്നു.
നെറ്റ്ഫ്ളിക്സിനു വേണ്ടി ഹാരിയും മേഗനും ചേർന്നൊരുക്കുന്ന ഈ ഡോക്യൂമെന്ററിയുടെ മൂന്ന് എപ്പിസോഡുകൾ അടങ്ങിയ ആദ്യ ഭാഗം കഴിഞ്ഞ വ്യാഴാഴ്‌ച്ച റിലീസ് ചെയ്തിരുന്നു. അതിൽ എലിസബത്ത് രാജ്ഞിയുടെ കോമൺവെൽത്ത് പാരമ്പര്യത്തെ അവഹേളിച്ചത് രാജകുടുംബത്തിന്റെ ആരാധകരെ കുപിതരാക്കിയിരുന്നു. മാത്രമല്ല, തന്റെ പിതാവ് ചാൾസിനെതിരെയും അതിൽ കൂരമ്പുകൾ ഉണ്ടായിരുന്നു. കുടുംബത്തെ ഒട്ടാകെ അവഹേളിക്കന്ന രീതിയിൽ രാജകുടുംബാംഗങ്ങൾ വിവാഹം കഴിക്കുന്നത് സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് രാജകുടുംബവുമായി ഒത്തുപോകാനുള്ള പരുവമാണോ എന്ന് നോക്കിയാണെന്നും ഹാരി പറഞ്ഞിരുന്നു.
എന്നാൽ, വരുന്ന വ്യാഴാഴ്‌ച്ച പുറത്തിറങ്ങാൻ ഇരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ നൽകുന്ന വ്യക്തമായ സൂചന, അതിൽ വില്യമിനെയായിരിക്കും അവർ ലക്ഷ്യം വയ്ക്കുക എന്നതാണ്. ഒപ്പം കെയ്റ്റിനേയും അവർ ലക്ഷ്യം വയ്ക്കും. രാജകുടുംബത്തിൽ നിന്നും പുറത്തു കടന്നില്ലായിരുന്നെങ്കിൽ തങ്ങൾക്ക് എന്തു സംഭവിക്കുമായിരുന്നു എന്ന് ഹാരി പറയുന്നിടത്തു നിന്നാണ് ട്രെയ്ലർ തുടങ്ങുന്നത്. പിന്നീട് ദമ്പതികളുടെ ചില ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
2019-ൽ രാജ്ഞിയുടെ അനുവാദത്തോടെ ഹാരിയും മേഗനും കാനഡയിൽ അല്പകാലം ചെലവിടാൻ പോയിരുന്നു. വാൻകൂവർ ദ്വീപിലെ, സുഹൃത്തിന്റെ മാളിക വാടകക്ക് എടുത്തായിരുന്നു അവർ താമസിച്ചത്. യഥാർത്ഥത്തിൽ ആ സമയം മുതൽ തന്നെ അവർ ഒരു സമ്മിശ്രമായ രീതിയിലുള്ള പ്രവർത്തനം ആസൂത്രണം ചെയ്തിരുന്നു. ഇടയ്ക്കിടയ്ക്ക് രാജകുടുംബാംഗം എന്ന നിലയിലൂള്ള കടമകൾ നിർവഹിക്കുകയും, അതിനിടയിൽ, സ്വന്തമായ പണ സമ്പാദനത്തിനുള്ള പ്രൊജക്ടുകൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.
ഇത്തവണ ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തെ ചെളിവാരിയെറിയാൻ ഉപയോഗിക്കുന്നത് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളുടെ ദൃശ്യമാണെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് രാജകുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്. മുത്തശ്ശന്റെ ശവമഞ്ചത്തിനു പുറകിലായി നടന്നു നീങ്ങുന്ന വില്യമിന്റെയും ഹാരിയുടെയും പീറ്റർ ഫിലിപ്പിന്റെയും ചിത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഹാരി കൊട്ടാരം വിട്ടുപോയതിനു ശേഷം ഇരു സഹോദരന്മാരും ഒരേ ഫോട്ടോ ഫ്രെയിമിൽ വരുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ