കൻ ധ്യാൻ ശ്രീനിവാസൻ നൽകുന്ന ചില അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല. ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ ആളുകൾ തമാശയായേ എടുക്കാറുള്ളൂ എങ്കിലും തനിക്ക് അത്ര സുഖകരമായി തോന്നാത്തതുകൊണ്ട് എല്ലാ അഭിമുഖങ്ങളും കാണാറില്ലെന്ന് വിമല പറയുന്നു. ശ്രീനിവാസനൊപ്പം മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിമല.

''ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ കാണാറുണ്ട്. ചിലതൊക്കെ കേൾക്കുമ്പോ സങ്കടം വരും. അതുകൊണ്ട് എല്ലാം കാണില്ല. അവന്റെ സംസാരം ആളുകൾ തമാശ രൂപത്തിലാണ് എടുക്കുന്നത്. ശ്രീനിവാസൻ ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ പൊറോട്ട വേണമെന്നു പറഞ്ഞിട്ടില്ല. അത് അവൻ തമാശയ്ക്കു പറഞ്ഞതാണ്. പണ്ടുമുതലേ പൊറോട്ട വീട്ടിൽ കയറ്റില്ല. അങ്ങനെ മോശം സാധനം കഴിക്കാൻ ഞാൻ പിന്തുണ കൊടുക്കില്ല.

മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ട കഴിച്ചാൽ പത്തു ഗ്ലാസ് വെള്ളം കുടിച്ചാലേ വയറു ശരിയാകൂ. അതുകൊണ്ട് ഞാൻ അത് കഴിക്കരുതെന്നാണ് പറയുന്നത്. പുറത്തു പോകുമ്പോൾ വല്ലപ്പോഴും ഒരു പൊറോട്ട കഴിച്ചാലായി. ചിലപ്പോൾ ധ്യാൻ, 'അമ്മയ്ക്ക് എന്താ വേണ്ടത്' എന്നു ചോദിച്ചപ്പോൾ ഒരു പൊറോട്ടയെന്നു പറഞ്ഞുകാണും, അതാണ് അവൻ അങ്ങനെ പറയുന്നത്.

കുട്ടിക്കാലത്ത് വിനീതിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ധ്യാൻ. വിനീതിനെക്കാൾ ഷാർപ് ബ്രെയിൻ ആണ് ധ്യാനിന്റേത്. അച്ഛൻ തന്നെ അവനൊരു പ്രൈസ് കൊടുക്കുന്ന ഫോട്ടോ ഉണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്‌കൂൾ യൂത്ത്‌ഫെസ്റ്റിവലിൽ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു. അച്ഛൻ തന്നെയാണ് രണ്ടുപേർക്കും അവാർഡ് നൽകിയത്.'' വിമല ശ്രീനിവാസൻ പറയുന്നു. അതേസമയം, ധ്യാൻ എന്തിനെപ്പറ്റി പറഞ്ഞതാണ് വിഷമിപ്പിച്ചതെന്ന് അവതാരകൻ ചോദിച്ചെങ്കിലും അത് വ്യക്തമാക്കാൻ വിമല തയ്യാറായില്ല.