ബി ബി സി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് ബി ബി സി ലൈസൻസ് ഫീസ് കൊടുക്കുന്നത് നിർത്തിയത്. ലൈവ് ചാനലുകൾക്കും സ്ട്രീമിങ് സർവീസിനും നൽകേണ്ട 159 പൗണ്ടിന്റെ ഫീസ് നൽകാനാണ് ആളുകൾ വിസമ്മതിക്കുന്നത്.

ടെലിവിഷൻ ചാനലുകളോ ലൈവ് പ്രോഗ്രാമുകളോ കാണാൻ താതപര്യമില്ലാത്തതിനാൽ വാർഷിക വരിസംഖ്യ കൊടുക്കണ്ട എന്ന് തീരുമാനിച്ചവർ എകദേശം 30 ലക്ഷത്തോളം വരും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ വെളിവാക്കുന്നത് 3.83 മില്യൻ ആളുകൾ ഫീസ് കൊടുക്കുന്നതിൽ വിസമ്മതിക്കുന്നു എന്നാണ്. ഇത്തരക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഉണ്ടായ വർദ്ധനവ് 3,60,000 വരും.

ഡെയ്ലി മെയിൽ പുറത്തുവിട്ട പുതിയ കണക്കുകൾ ഇപ്പോൾ ബ്വി ബി സിയുടെ ഫണ്ടിങ് മാതൃകയെ കുറിച്ചുള്ള വലിയൊരു ചർച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്. മാത്രമല്ല, ലൈസൻസ് ഫീസിന്റെ ഭാവിയും തുലാസ്സിലാക്കിയിരിക്കുകയാണ്.എന്നാൽ, ബി ബി സി അവകാശപ്പെടുന്നത് നിലവിലെ മാതൃക അനുയോജ്യമാണെന്നും ഭൂരിഭാഗം കുടുംബങ്ങളും ഫീസ് നൽകുന്നുണ്ട് എന്നുമാണ്.

ടെലിവിഷൻ ചാനലുകളിലെ ലൈവ് പരിപാടികൾ ടി വി യിൽ കാണുന്നതിനോ റെക്കോർഡ് ചെയ്യുന്നതിനോ , അതുപോലെ സ്ട്രീമിങ് സർവീസുകൾക്കും ആവശ്യമായ ടി വിലൈസൻസിങ്ങ് ഫീസ് നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ലൈസൻസ് നൽകുന്നതിനും ഫീസ് ശേഖരിക്കുന്നതിനും ബാദ്ധ്യതപ്പെട്ട ടി വി ലൈസൻസിംഗും ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് സമ്മതിക്കുന്നുണ്ട്. 2022 ൽ 23.50 മില്യൺ പുതിയ ലൈസൻസുകളാണ് വിറ്റത്. തൊട്ട് മുൻപത്തെ വർഷത്തേക്കാൾ 4,20,000 എണ്ണം കുറവായിരുന്നു ഇത്.

ബി ബി സിയുടെ ഫണ്ടിന്റെ സിംഹഭാഗവും ലൈസൻസ് ഫീസ് വഴി ആണെന്നതിനാൽ, ലൈസൻസിന്റെ എണ്ണം കുറയുന്നത് കോർപ്പറേഷന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിക്കും എന്നത് ഉറപ്പാണ്. 2021-22 ലെ കോർപ്പറേഷന്റെ 5.33 ബില്യൺ പൗണ്ട് വരുമാനത്തിൽ 71 ശതമാനത്തോളം ലൈസൻസ് ഫീസ് ആയിരുന്നു. നിലവിലെ നിരക്കിൽ ആളുകൾ ലൈസൻസ് ഫീസ് നൽകാതിരിക്കുക വഴി പ്രതിവർഷം 430 മില്യൻ പൗണ്ടിന്റെ നഷ്ടമാണ് ബി ബി സിക്ക് ഉണ്ടാകുന്നത്.