- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ റോയ് ദമ്പതികൾ പടിയിറങ്ങിയതോടെ, രവീഷ് കുമാറും മതിയാക്കി; ഹം ലോഗും രവീഷ് കി റിപ്പോർട്ടും ദേശ് കി ബാതും അടക്കം ജനകീയ പരിപാടികൾ ഇനി പ്രേക്ഷകർക്ക് മിസാകും; രണ്ട് തവണ ഗോയങ്കെ -മാഗ്സസെ പുരസ്‌കാരങ്ങൾ നേടിയ രവീഷിന്റെ സംഭാവനകൾ അളവറ്റതെന്ന് എൻഡിടിവി
ന്യൂഡൽഹി: എൻഡിടിവി ചാനലിന്റെ സ്ഥാപകരും, പ്രമോട്ടർമാരുമായ പ്രണോയ് റോയിയും, രാധിക റോയിയും ഡയറക്ടർ പദവിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെ, മുതിർന്ന മാധ്യമ പ്രവർത്തകനായ(സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ) രവീഷ് കുമാറും രാജി വച്ചു. ആഭ്യന്തര മെയിലിലൂടെയാണ് ചാനൽ അത് അറിയിച്ചത്. രാജി ഇടൻ പ്രാബല്യത്തിൽ വന്നു
'രവീഷിനെ പോലെ ആളുകളെ സ്വാധീനിച്ച ചുരുക്കം മാധ്യമപ്രവർത്തകരാണുള്ളത്. അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനത്തിന് കിട്ടുന്ന പ്രതികരണവും, എല്ലായിടത്തും ആളുകളെ ആകർഷിക്കുന്നതും, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വഴി അദ്ദേഹം രാജ്യത്തിന് അകത്തും പുറത്തും സമ്മാനിതനായതും, പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ശബ്ദം ഉയർത്തുന്ന റിപ്പോർട്ടുകളും എല്ലാം ഇത് പ്രതിഫലിപ്പിക്കുന്നു', എൻഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ് ഇമെയിലിൽ പറഞ്ഞു.
രവീഷ് പതിറ്റാണ്ടുകളായി എൻഡിടിവിയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ അളവറ്റതാണ്. പുതിയ സംരംഭങ്ങളിലും അദ്ദേഹം മികച്ച വിജയം കൈവരിക്കുമെന്നും സുപർണ ആശംസിക്കുന്നുണ്ട്.
ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്, പ്രൈം ടൈം എന്നീ ജനകീയ പരിപാടികൾ ടിവി ചാനലിൽ അവതരിപ്പിച്ച പ്രസിദ്ധനായ മാധ്യമപ്രവർത്തകനാണ് രവീഷ് കുമാർ.രാജ്യത്തെ ജനകീയ വിഷയങ്ങളിൽ താഴെ തട്ടിലെത്തി മികച്ച റിപ്പോർട്ടിങ് നടത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു രവീഷ് കുമാർ. മാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും മാഗ്സസെ പുരസ്‌കാരവും രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്.
പ്രണോയിയും രാധികയും പടിയിറങ്ങിയത് അദാനി ഏറ്റെടുത്തതോടെ
എൻഡി ടിവിയിൽ ഗൗതം അദാനി നടത്തിയ നീക്കങ്ങളെല്ലാം വിജയിച്ചതോടെയാണ് പ്രണോയ് റോയിയും രാധിക റോയിയും. ചാനലിൽ നിന്നും പടിയിറങ്ങിയത്. ഇരുവരും രാജിവെച്ചു. എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും രാജി.
എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർമാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവർ പുതിയ ഡയറക്ടർമാരാകുമെന്ന് എൻഡിടിവി അറിയിച്ചതായി ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചിരുന്നു. നവംബർ 22 മുതൽ ഡിസംബർ 5 വരെയാണ് ഓപ്പൺ ഓഫറിന്റെ കാലാവധി. ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എൻഡിടിവിയുടെ പ്രമോട്ടർ കമ്പനിയായ ആർആർപിആർ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫർ കൂടി അംഗീകരിക്കപ്പെട്ടത്. ഇത് സാധ്യമായതോടെ 55.18 ശതമാനം ഓഹരിയോടെ എൻഡിടിവി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.
ആർആർപിആർ ഐസിഐസിഐ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ൽ വിശ്വപ്രധാൻ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പകരമായി ആർആർപിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വെച്ചിരുന്നത്. പിന്നീട് വിശ്വപ്രധാൻ അദാനി ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. കടമെടുത്ത തുകയ്ക്ക് പകരം ആർആർപിആറിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.
ഇന്ത്യൻ മാധ്യമ രംഗത്തെ അതികായന്മാരായി ഇപ്പോൾ വിലസുന്ന രാജ്ദീപ് സർദേശായിയും, അർണോബ് ഗോസ്വാമിയും അടക്കമുള്ളവർ മുഖം കാണിച്ചു തുടങ്ങിയത് ഈ ചാനലിലൂടെ ആയിരുന്നു. ബർക്കാ ദത്ത് അടക്കമുള്ളവർ ഒരു കാലത്ത് ടെലിവിഷൻ ജേണലിസത്തിലെ ഐക്കണായി തിളങ്ങിയതും എൻഡിടിവിയിലൂടെയാണ്. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ, കേന്ദ്ര സർക്കാറിനുമുന്നിൽ മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരിൽ റോയ് ദമ്പതികൾ വേറിട്ടു നിന്നു. പ്രധാനമന്ത്രി നേരന്ദ്രമോദിയെയും അമിതാഷായെും വിമർശിക്കുന്ന വാർത്തകൾ അവർ നിരന്തരം പുറത്തുവിട്ടു.
ഗുജറാത്ത് കലാപത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും പിന്നാമ്പുറ കഥകളു, പുറത്തുവിട്ടതോടെ അവർ മോദിയുടെ കണ്ണിലെ കരടായി. മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രണോയ് റോയിക്കും ഭാര്യക്കുമെതിരെ സിബിഐ എഫ്‌ഐആറുകൾ ഉണ്ടായി. അതിന് പിന്നാലെ പിന്നാലെ സെബി ചുമത്തിയത് 27 കോടി പിഴയാണ്. എന്നിട്ടും അവർ പിടിച്ചു നിന്നു. പക്ഷേ ഇപ്പോൾ മോദിക്കുവേണ്ടി, വ്യവസായി ഗൗതം അദാനി നടത്തിയ സർജിക്കൽ സ്ട്രൈക്കിലാണ് റോയ് ദമ്പതികൾ പടിയിറങ്ങിയത്.
മറുനാടന്‍ മലയാളി ബ്യൂറോ