തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ചു മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്കിന്റെ എഡിറ്റോറിയൽ അഡൈ്വസർ സ്ഥാനത്തു നിന്നുമാണ് എം ജി രാധാകൃഷ്ണൻ പടിയിറങ്ങുന്നത്. ചാനൽ നെറ്റ്‌വർക്കുായുള്ള കരാർ അവസാനിച്ചുവെന്നും പുതുക്കാൻ താത്പര്യമില്ലാത്തതിനാലാണ് സ്ഥാപനം വിടുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു. നിലവിൽ വിവിധ മാധ്യമങ്ങളിൽ കോളമിസ്റ്റാണ് എം ജി രാധാകൃഷ്ണൻ. ആനുകാലിക വിഷയങ്ങളിൽ പത്രമാധ്യമങ്ങളിൽ അദ്ദേഹം പതിവായി എഴുതാറുമുണ്ട്.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായിരുന്നു എം ജി രാധാകൃഷ്ണൻ. മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെ ഗ്രൂപ്പ് എഡിറ്ററായി നിയമിച്ചതിനെ തുടർന്നാണ് എം ജി രാധാകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് എഡിറ്റോറിയൽ കൺസൽട്ടന്റെന്ന ചുമതലയിൽ തുടരുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് വിടുമെങ്കിലും മറ്റു മാധ്യമങ്ങളിലേക്കൊന്നും പോകാൻ എം ജി രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നില്ല. ആനുകാലികങ്ങളിൽ എഴുത്തു തുടരാനാണ് അദ്ദേഹത്തിന്റെ തീരമാനം.

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെയായിരുന്നു 2021ൽ എഡിറ്റർ സ്ഥാനത്ത് നിന്നുള്ള രാധാകൃഷ്ണന്റെ പടിയിറക്കം. രാജീവ് ചന്ദ്രശേഖർ ചാനലിന്റെ ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. സിപിഎം സൈന്താദ്ധികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് രാധാകൃഷ്ണൻ. മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനും. അങ്ങനെ ഇടതു ബന്ധങ്ങൾ ഏറെയുള്ള രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കുന്നത്. ഇടക്കാലം കൊണ്ട് സിപിഎം ഏഷ്യാനെറ്റുമായി അത്ര സുഖത്തിലല്ല. വിനു വി ജോണിന്റെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കാറുമില്ല.

മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണൻ പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎൻ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. ടി എൻ ഗോപകുമാറുമായുള്ള അടുപ്പമാണ് ഏഷ്യനെറ്റ് ന്യൂസിലേക്ക് രാധാകൃഷ്ണനെ അടുപ്പിച്ചത്. തന്റെ പിൻഗാമിയെന്ന പോലെ രാധാകൃഷ്ണനെ അവതരിപ്പിക്കുകയായിരുന്നു ടിഎൻജി. ബിജെപി വിരുദ്ധ ആരോപിച്ച് പരിവാറുകാർ രംഗത്ത് എത്തിയത് ഏഷ്യാനെറ്റ് ന്യൂസിനെ ചർച്ചകളിൽ എത്തിച്ചു. ബിജെപിക്കും കോൺഗ്രസിനും പ്രത്യേക വാർത്താ ഗ്രൂപ്പുകളുണ്ടാക്കിയുള്ള മെയിലും ചർച്ചയായി. ഇതുയർത്തി ബിജെപി ബഹിഷ്‌കരണത്തിലുമാണ്. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ രാജി.

മലയാള മാധ്യമ ലോകത്തെ സൗമ്യമുഖമായിട്ടായിരുന്നു എംജി രാധാകൃഷ്ണൻ അറിയപ്പെട്ടിരുന്നത്. ടി എൻ ജിയുടെ പിൻഗാമിയായി ഏഷ്യാനെറ്റ് ന്യൂസിനെ നയിച്ചതും അതേ പുഞ്ചിരിയുമായിട്ടായിരുന്നു. ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പരിപാടികളും അവതരിപ്പിച്ചു. ചാനലിന് പറയാനുള്ള കാര്യവും പരസ്യമായി തന്നെ തുറന്നു പറഞ്ഞു. ഒരു ടീമായി ഏഷ്യാനെറ്റ് ന്യൂസിനെ കൊണ്ടു പോവുകയും ചെയ്തു.