കൊച്ചി: നേതാക്കൾ എത്രകണ്ട് എതിർക്കുന്നുവോ അത്രയ്ക്ക് ചേർത്തു പിടിക്കുകയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരും അണികളും. മധ്യവർഗ്ഗത്തിന്റെ ഹീറോയും യുവാക്കളുടെ മെന്ററുമാണ്. അതാണ് ശശി തരൂർ എന്ന നേതാവിന് കേരളീയർ നൽകുന്ന സ്ഥാനം. അത്രയ്ക്ക് കരിസ്മയുള്ള നേതാവായതു കൊണ്ടാണ് കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷനാകാൻ മത്സരിച്ചപ്പോൾ വൻ പിന്തുണ ലഭിച്ചതും. ആയിരത്തിലേറെ വോട്ടു തരൂർ നേടിയപ്പോൾ ഗാന്ധി കുടുംബം പോലും ഞെട്ടുകയും ചെയ്തു.

അങ്ങനെ എല്ലാ അർത്ഥത്തിലും വാർത്തകളിൽ നിറഞ്ഞു നിന്ന നേതാവായ ശശി തരൂരിനെ തേടി മറ്റൊരു പുരസ്‌ക്കാരവും എത്തി. മനോരമ ന്യൂസ് ന്യൂസ്‌മേക്കർ 2022 പുരസ്‌ക്കാരമാണ് തരൂരിനെ തേടി എത്തിയത്. തരൂർ ഒന്നു തുമ്മിയാൽ പോലും ദേശീയ തലത്തിൽ വാർത്തയാകും. അതുകൊണ്ട് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ നിർണായ ചുവടുവെപ്പുകൾ നടത്തിയ 2022ലെ വാർത്താ താരമാകുകയാണ്. ബാലചന്ദ്ര മേനോനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

വാർത്താ താരം ആകാനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവരെ പിന്തള്ളിയാണ് തരൂർ മനോരമയുടെ ന്യസ് മേക്കൾ ആകുന്നത്. 10 പേരടങ്ങിയ പ്രാഥമികപട്ടികയിൽനിന്നു കൂടുതൽ പ്രേക്ഷകരുടെ വോട്ടുനേടിയ 4 പേരാണു ന്യൂസ് മേക്കർ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്.

എൽഡിഎഫിന്റെ കൺവീനർ കസേരയിലെത്തിയും വിമാനയാത്രയ്ക്കിടയിൽ പ്രതിഷേധിച്ചവരെ നേരിട്ടും വാർത്തകൾ സൃഷ്ടിച്ചാണ് ഇ.പി.ജയരാജൻ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരിൽനിന്നു രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി മലയാളത്തിന് അഭിമാനമായ വ്യക്തിയാണു നഞ്ചിയമ്മ. അവഗണനയിലും തളരാതെ പോരാടി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയ താരമാണു സഞ്ജു സാംസൺ.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചും ശശി തരൂർ വാർത്തകളിൽ നിറഞ്ഞു. ന്യൂസ് മേക്കർ സംവാദത്തിൽ തരൂർ പറഞ്ഞ വാക്കിനെ ചൊല്ലിയാണ് ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ നടക്കുന്നത് എന്നു കൂടി ഓർക്കണം. കേരള മുഖ്യമന്ത്രിയാകാൻ തയാറാണെനനാണ് തരൂർ ന്യൂസ് മേക്കർ സംവാദത്തിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു ജനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു തരൂരിന്റെ പ്രതികരണം.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു മത്സരിക്കാനുള്ള സാധ്യത തരൂർ തള്ളിക്കളഞ്ഞില്ല. 'പ്രവർത്തക സമിതി വഴി പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. എഐസിസി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നൽകിയവരുണ്ട്. അവരുമായി ചർച്ച ചെയ്തശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും'തരൂർ പറഞ്ഞു. കേരളത്തിലെ ചില പ്രശ്‌നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ കുറവ്, കഴിവില്ലായ്മ ഇതെല്ലാം എന്താണെന്നു ചോദിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അതെല്ലാമാണു ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നത്. കാരണം കണ്ടെത്തി അതെല്ലാം പരിഹരിക്കേണ്ടതുണ്ട്. അതിനു ഞാൻ തയാറാണ്. പക്ഷേ, ഇപ്പോൾ അതു സംസാരിക്കാനുള്ള സമയമല്ല.

ചങ്ങനാശേരിയിലെ എൻഎസ്എസ് വേദിയിൽ പറഞ്ഞതു തമാശയായിരുന്നു. നമ്മുടെ രാഷ്ട്രീയത്തിൽ തമാശയ്ക്കു സ്ഥാനമില്ലെന്നു പഠിച്ചു. എന്റെ വിശ്വാസവും കാഴ്ചപ്പാടും സമൂഹത്തെ കാണുന്നതു സംബന്ധിച്ച് ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല. ഒരു മണിക്കൂർ 10 മിനിറ്റ് അവിടെ സംസാരിച്ച വ്യക്തിയാണു ഞാൻ. അതിൽ സുകുമാരൻ നായരെ നോക്കി ചിരിച്ചു സംസാരിച്ച ഒരു വാചകം മാത്രമാണു വാർത്തയായതെന്നും തരൂർ സംവാദത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ വേണ്ടി കൂടുതൽ സമുദായ നേതാക്കളെ അടക്കം കണ്ട് മുന്നോട്ടു പോകുന്ന തരൂരിന് ലഭിക്കുന്ന ജനപിന്തുണയുടെ കൂടി തെളിവാണ് മനോരമ ന്യൂസ് മേക്കർ 2022 പുരസ്‌ക്കാരം. ലിസ്റ്റിൽ ഇടംപിട്ട മറ്റുള്ളവർ ആരും തന്നെ തരൂരിന് എതിരാളികൾ ആയില്ലെന്നതാണ് വസ്തുത. കേരളത്തിലെ നേതാക്കൾക്ക് തരൂരിനെ നോക്കി അസൂയപ്പടാൻ ഒരു കാരണം കൂടിയാണ് മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരവും.