- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ മൂന്നാം സീസണിന്റെ വിജയകിരീടം ചൂടി പല്ലവി രതീഷ്; ഗ്രാൻഡ് ഫിനാലയിൽ വിജയിക്ക് ട്രോഫി സമ്മാനിച്ചത് കെ എസ് ചിത്രയും നടി ഭാവനയും ചേർന്ന്
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയമായ സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാം സീസണിൽ വിജയകിരീടം ചൂടി പല്ലവി രതീഷ്. ഞായറാഴ്ച നടന്ന പ്രൗഡ ഗംഭീരമായ ഗ്രാന്റ് ഫിനാലെയിൽ വച്ച് ഗായിക കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് പല്ലവിക്ക് ട്രോഫി സമ്മാനിച്ചു.
ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായും തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് 30 ലക്ഷവും റണ്ണറപ്പുകൾക്ക് അഞ്ച് ലക്ഷം വീതവുമാണ് സമ്മാനത്തുകയായി ലഭിച്ചത്.
വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണായകമായ റൗണ്ടുകൾക്കും ശേഷമാണ് അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ ദിവസം നടന്നത്. പല്ലവി രതീഷ്, ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ, ഹിതാഷിനി ബിനീഷ് എന്നിവരാണ് ഫൈനലിൽ മത്സരിച്ചത്. തങ്ങളുടെ പ്രിയ താരമായിരിക്കുമോ വിജയിയാകുമോയെന്ന ആകാംക്ഷയിൽ ആരാധകർ കാത്തിരിക്കവേ പല്ലവി രതീഷ് ഒന്നാമത് എത്തി.
സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ മഞ്ജരി, സിത്താര, സംഗീതസംവിധായകരായ കൈലാഷ് മേനോൻ, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്. ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും എത്തിയതോടെ ചടങ്ങ് മികവുറ്റതായി. സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം ഭാവനയും വേദിയിലെത്തി.
അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിരുന്നു. ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ, ദിൽഷ, നലീഫ്, ജോൺ, ശ്വേത, രേഷ്മ, ശ്രീതു, മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റേകി.
മറുനാടന്‍ മലയാളി ബ്യൂറോ