- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപീകൃഷ്ണനും ഹാഷ്മി താജ് ഇബ്രാഹിമിനുമൊപ്പം 24 ന്യൂസ് ആർമ്മിയിലേക്ക് വേണു ബാലകൃഷ്ണനും; ഏഷ്യാനെറ്റിലും മനോരമയിലും മാതൃഭൂമിയിലും ചോദ്യ ശരങ്ങളുമായി വാർത്ത ചർച്ചകളെ നയിച്ച അവതാരകന് ഇനി പുതിയ സ്ഥാപനം; ചാനൽ ലോകത്ത് വീണ്ടുമൊരു കൂടുമാറ്റം
കൊച്ചി: മലയാള ടെലിവിഷനിൽ മറ്റൊരു കൂറുമാറ്റം. അവതാരകരിൽ പ്രമുഖനായ വേണു ബാലകൃഷ്ണൻ 24 ന്യൂസിന്റെ മുഖമാകും. ഏഷ്യാനെറ്റ് ന്യൂസിലും മാതൃഭൂമിയിലും പ്രധാന അവതാരകനായ വേണു കുറച്ചു കാലമായി ടിവി ചാനലുകളിൽ മുഖമായി എത്തിയിരുന്നില്ല. വാർത്താ ചർച്ചകളിൽ സ്വന്തം പ്രേക്ഷകരെ കണ്ടെത്തിയ മലായളത്തിലെ വാർത്താ അവതാരകരിൽ പ്രമുഖനാണ് വേണു. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളെ ഒരുകാലത്ത് പ്രധാനമായും നയിച്ചിരുന്ന വേണു മനോരമാ ടിവിയിലും റിപ്പോർട്ടർ ടിവിയിലും പ്രവർത്തിച്ചിട്ടുണ്ട്.
മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതൽ പ്രൈം ടൈം അവതാരകനായിരുന്നു വേണു. വേണുവിന്റെ സഹോദരൻ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിന്റെ തലവൻ. മാതൃഭൂമിയിൽ നിന്ന് ഉണ്ണി ബാലകൃഷ്ണൻ രാജിവച്ചതിന് പിന്നാലെയാണ് വേണുവും മാതൃഭൂമിയിൽ നിന്ന് മാറിയത്. സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററായിരിക്കെ വേണു ബാലകൃഷ്ണനെ വിവാദത്തിലാക്കിയിരുന്നു. സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചില ഓൺലൈൻ ഇടപെടലുകൾക്ക് വേണുവും സഹോദരൻ ഉണ്ണിയും ശ്രമിച്ചു. ഇത് പരാജയമായി. പിന്നാലെയാണ് 24 ന്യൂസുമായുള്ള സഹകരണം.
നിലവിൽ ഗോപീകൃഷ്ണനും ഹാഷ്മി താജ് ഇബ്രാഹിമുമാണ് 24 ന്യൂസിലെ പ്രധാന വാർത്താ അവതാരകർ. അരുൺകുമാർ 24ന്യൂസിൽ നിന്ന് പുറത്തായ ശേഷം ഇവരാണ് ചർച്ചകൾ നയിച്ചിരുന്നത്. ഇവർക്കൊപ്പമാണ് വേണുവിന്റെ വരവ്. രാത്രി ചർച്ചകളിൽ ഇനി വേണുവാകും ചാനലിന്റെ പ്രധാന മുഖമെന്നാണ് സൂചന. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ തന്നെയാണ് വേണു ചാനലിനൊപ്പം ചേരുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 24ന്റെ ആർമിയിൽ ഇന്ന് മുതൽ ഒരു വാർത്താ അവതാരകൻ കൂടി എത്തുന്നു. വേണു ബാലകൃഷ്ണൻ. കേരളത്തിലെ ടിവി ചാനലുകളിൽ വലിയ സംവാദങ്ങളിൽ ഒക്കെ തന്നെ വലിയ സാന്നിധ്യമായി നിന്ന വേണു ബാലകൃഷ്ണൻ. ഇന്ന് വേണു 24 ന്യൂസിനൊപ്പം ചേർന്നു. വേണു അണമുറിയാത്ത കണ്ണിയായി ചേരും-ശ്രീകണ്ഠൻ നായർ ചാനലിൽ വേണുവിന്റെ വരവ് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിനേയും മനോരമയേയും പിന്തള്ളാൻ വേണുവിന്റെ വരവോടെ 24 ന്യൂസിന് കഴിയുമോ എന്ന ചർച്ചയും സജീവമാണ്.
മാതൃഭൂമിയിൽ ജോലി നോക്കവേ സഹപ്രവർത്തകയ്ക്ക് മര്യാദകെട്ട സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജി. മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. വേണു ബാലകൃഷ്ണന്റെ സഹോദരൻ ന്യൂസ് ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണൻ നേരത്തെ രാജിവച്ചിരുന്നു. പിന്നീട് രാജീവ് ദേവരാജ് ന്യൂസിന്റെ തലപ്പത്ത് എത്തി. രാജീവ് കർശന നിലപാട് സ്വീകരിച്ചതോടെയാണ് വേണുവിന് രാജിവയ്ക്കേണ്ടി വന്നത് എന്നും സൂചനകളുണ്ടായിരുന്നു.
അന്ന് വേണു ബാലകൃഷ്ണന് പണി കിട്ടുമ്പോൾ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്പ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തിൽ ചർച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവർക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാൻസിന്റെ പ്രതികരണങ്ങൾ വന്നത്. ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുകയും ചെയ്തു.
അതിന് മുമ്പ് കുറച്ചു കാലം മാതൃഭൂമിയുടെ ചർച്ചകളിൽ നിന്ന് വേണുവിനെ മാറ്റി നിർത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാർക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ ചർച്ചകളിൽ നിന്ന് മാറി നിന്നു. അന്ന് വേണുവിന്റെ ജേഷ്ഠൻ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനൽ ചുമതലയിൽ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. പിന്നീടാണ് പുതിയ വിവാദത്തിൽ ചെന്നു ചാടിയത്.
മറുനാടന്‍ മലയാളി ബ്യൂറോ