പത്തുവയസുവരെ നീട്ടി വളർത്തി വെട്ടാതെ കൊണ്ടു നടന്ന തലമുടി മുറിച്ചപ്പോൾ പൊട്ടിക്കരഞ്ഞ ബാലന്റെ സങ്കടം ഒരു നിമിഷം കൊണ്ടാണ് സന്തോഷത്തിലേക്ക് വഴിമാറിയത്. ഈ കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. അരയ്‌ക്കൊപ്പം മുടിയുള്ള ഈ കുട്ടിയെ കണ്ടാൽ ആൺകുട്ടിയാണെന്ന് ഒറ്റനോട്ടത്തിൽ ആരും പറയുകയുമില്ല. അങ്ങനെയൊരു കൊച്ചുബാലന്റെ തലമുടി വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം നിറയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ.

പത്തുവയസിനിടെ ഒരിക്കൽ പോലും അവന്റെ മുടി കത്രിക തൊട്ടിട്ടില്ല. ഇടതൂർന്നു വളർന്നു നിൽക്കുന്ന, പനങ്കുല തോറ്റുപോകുന്ന ആ മുടി നിർദാക്ഷിണ്യം വെട്ടിക്കളയുമ്പോൾ ആരിലും ചെറുതല്ലാത്ത സങ്കടം വരുമെന്നുറപ്പാണ്. അവനും സങ്കടപ്പെട്ടു, വിങ്ങിപൊട്ടി. എന്നാൽ ആ വിഷമം വളരെ പെട്ടന്നാണ് സന്തോഷത്തിലേയ്ക്ക് വഴിമാറുന്നത്. തന്റെ പുതിയ ഹെയർ സ്‌റ്റൈലിൽ തനിക്കു വരുന്ന മാറ്റം ആദ്യം അവനെ വിസ്മയിപ്പിക്കുന്നു, പിന്നെ സന്തോഷവാനാക്കുന്നു. ചിരി തൂകുന്ന അവന്റെ മുഖം കാഴ്ചക്കാരിലും ആഹ്ളാദം നിറയ്ക്കും.

ഈ ബാലന്റെ വീഡിയോ ദിവസങ്ങൾകൊണ്ട് തന്നെ 1.9 മില്യൺ പേരാണ് കണ്ടത്. ധാരാളം ആളുകൾ വിഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെയർ സ്‌റ്റൈലിനെ അഭിനന്ദിക്കുന്ന പലരും കൊച്ചുകുട്ടികൾക്ക് ഇങ്ങനെ മുടി വളർത്തേണ്ടതില്ല, അത് അവർക്ക് ബുദ്ധിമുട്ടായിരിക്കും എന്ന രീതിയിലുള്ള വിമർശനങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. എന്തായാലും നീട്ടിവളർത്തിയ ആ മുടിയിഴകളെ വെട്ടിയൊതുക്കിയപ്പോഴും അവന്റെ സൗന്ദര്യത്തിനു ഒട്ടും കുറവില്ല എന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.