കൊച്ചി: പാട്ടിന് താളംപിടിച്ചും സ്റ്റിയറിങിൽ നിന്നും കൈവിട്ട് ഡാൻസ് കളിച്ചും കൊണ്ട് അലക്ഷ്യമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി-കാലടി റൂട്ടിൽ ഓടുന്ന എയ്ഞ്ചൽ ബസിന്റെ ഡ്രൈവറായ ജോയലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുകൈയും വിട്ട് പാട്ടിന് താളംപിടിച്ച് ഡാൻസ് ചെയ്തുകൊണ്ട് ജോയൽ ബസ് ഓടിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

പാട്ടിനൊപ്പം താളംപിടിച്ചുകൊണ്ട്് കൈവിട്ട് ജോയൽ ബസ് ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. യാത്രക്കാരുമായി പോകുമ്പോഴായിരുന്നു ഡ്രൈവരുടെ അപകടകരമായ അഭ്യാസപ്രകടനം. കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ ഡ്രൈവറോട് പാട്ടിനൊപ്പം ഡാൻസ് കളിക്കാൻ പറയുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. ബസിലെ ജീവനക്കാർ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ഡ്രൈവർ ജോയൽ, കണ്ടക്ടർ, വാഹന ഉടമ എന്നിവർക്കെതിരേ മോട്ടോർ വാഹന വകുപ്പും കേസെടുക്കുമെന്നാണ് വിവരം. ബസ് ഇന്നുതന്നെ പരിശോധിക്കാനും മോട്ടോർവാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.