- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേയിലൂടെ ഡിക്കി തുറന്നുവച്ച് പാഞ്ഞുപോകുന്ന ഹമാസ് സംഘത്തിന്റെ കാർ; പിന്നാലെ പാഞ്ഞ് ഇസ്രയേലി ബൈക്ക്- കാർ പട്രോൾ പൊലീസ്; കാറിനെ മറികടക്കവേ തുളഞ്ഞുകയറി വെടിയുണ്ടകൾ; ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വീഡിയോ പുറത്ത്
യെരുശലേം: ഹമാസിനെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. തലമുറകളോളം ഓർത്തിരിക്കുന്ന വിധം ശത്രുക്കളെ പാഠം പഠിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഒടുവിലത്തെ പ്രഖ്യാപനം. ദക്ഷിണ ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഹമാസ് സായുധ സംഘത്തെ പൂർണമായി ഒഴിപ്പിക്കാൻ ഇനിയും ആയിട്ടില്ല. അതിനിടെ, ഹമാസിനെ ഇസ്രയേൽ പൊലീസ് നേരിടുന്ന ഹോളിവുഡ് ചിത്രത്തിലേതുപോലുള്ള വീഡിയോ പുറത്തുവന്നു.
ശനിയാഴ്ച നെറ്റിവോത്തിലാണ് സംഭവം. ഹമാസ് സംഘം യാത്ര ചെയ്യുന്ന വാഹനത്തെ പിന്തുടരുകയാണ് ഇസ്രയേലി പൊലീസ്. ഡിക്കി തുറന്നുവച്ച് മുന്നിൽ പോകുന്ന കാറിനെ, ഇസ്രയേൽ പൊലീസ് സംഘം കാറിലും ബൈക്കിലുമായി പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിനോട് ബൈക്ക് അടുപ്പിക്കുമ്പോൾ, പൊലീസുകാരൻ തോക്ക് പുറത്തെടുക്കുന്നത് കാണാം. കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ വെടി പൊട്ടുന്നു. ശൂന്യമായ ഹൈവേയിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഹൈവേയുടെ അരികിലെ ക്രാഷ്ബാരിയറിൽ ഇടിച്ചാണ് നിൽക്കുന്നത്.
അപ്പോഴേക്കും ഒരുവശത്തുകൂടി പൊലീസ് സംഘം സഞ്ചരിച്ച കാർ ഒപ്പമെത്തി ഹമാസ് പ്രവർത്തകർക്കു നേരെ തുടർച്ചയായി നിറയൊഴിക്കുന്നതും വിഡിയോയിലുണ്ട്. ബൈക്കിലെത്തിയ പൊലീസുകാർ പിന്നിൽ നിന്നും കാറിലെത്തിയവർ വശങ്ങളിൽ നിന്നും വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിൽ. കാറിലുണ്ടായിരുന്ന രണ്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് അടുത്തുള്ള നഗരമാണ് നെറ്റിവോത്ത്.ഇസ്രയേലി പൗരന്മാരെ ഭീകരന്മാരിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അതിർത്തി പൊലീസ് വ്യക്തമാക്കി.
Police and Border Police officers heroically neutralized two armed terrorists outside of Netivot on Saturday. We will continue working on the front lines to defend our civilians from terror pic.twitter.com/PQk9KiiKoT
- Israel Police (@israelpolice) October 9, 2023
അതേസമയം, ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മുപ്പതുപേരെ ഹമാസ് ഗസ്സയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.
ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. മുപ്പത് പേരെ ഹമാസ് ഗസ്സയിൽ ബന്ദികളാക്കിട്ടുണ്ട്. ബാക്കി നൂറിലേറെ ബന്ദികൾ എവിടെയാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ആക്രമണം നടന്ന് നാലാം ദിവസവും ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ആയിട്ടില്ല.
്അതേസമയം ഗസ്സയിലെ ഫലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന രംഗത്തുവന്നു. ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ രാത്രിയിൽ ഗസ്സയിലുടനീളം ബോംബ് വർഷം നടത്തിയതിന് പിന്നാലെയാണ് നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേൽ സേന പിൻവലിച്ചു. ഈജിപ്ത് അതിർത്തി അടച്ചതിനെ തുടർന്നാണിത്.
'ഈജ്തിലേക്കുള്ള റഫാ അതിർത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവർ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു' ഇസ്രയേൽ സേനാ വക്താവ് ലെഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് ആദ്യം നിർദ്ദേശിച്ചിരുന്നു. ഇതാണ് തൊട്ടുപിന്നാലെ പിൻവലിക്കേണ്ടിവന്നത്.
കഴിഞ്ഞ രാത്രിയിൽ ഹമാസിന്റേയും മറ്റു ഫലസ്തീൻ സായുധ സംഘങ്ങളുടേയുമടക്കം ഗസ്സയിലെ 200 കേന്ദ്രങ്ങളിൽ വ്യോമാക്രണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകർത്തതായി ഐഡിഎഫ് പറഞ്ഞു. അതിനിടെ, ഗസ്സ അതിർത്തിയുടെ നിയന്ത്രണം പൂർണ്ണമായും തിരിച്ച് പിടിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സ അതിർത്തി വഴി കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റ ആക്രമണവും ഉണ്ടായിട്ടില്ല. ഹമാസ് തകർത്ത അതിർത്തിയിലെ വേലികൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടത്തിവരികയാണെന്നും സൈന്യം വ്യക്തമാക്കി. ഇങ്ങോട്ടേക്ക് സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗങ്ങളെ അയച്ചിട്ടുണ്ട്.
എന്നാൽ നുഴഞ്ഞു കയറ്റത്തിന് ഈ മാർഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടൽ വഴിയും പാരാഗ്ലൈഡർമാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികൾ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങൾ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേൽ തള്ളി കളയുന്നില്ല. തെക്കൻ ഇസ്രയേലിലേക്ക് കടന്ന നുഴഞ്ഞു കയറ്റക്കാരെ പൂർണ്ണമായും ഇസ്രയേലിന് ആയിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തായും ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. ഗസ്സ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേൽ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.
മറുനാടന്‍ ഡെസ്‌ക്