- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിന് ആദ്യ ദലിത് മുഖ്യമന്ത്രി; ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; പങ്കെടുക്കാത പ്രതിഷേധം അറിയിച്ചു അമരീന്ദർ സിങ്; സുഖ്ജീന്തർ സിങ് രൺധവ, ഓം പ്രകാശ് സോണി എന്നിവർ ഉപമുഖ്യമന്ത്രിമാർ; നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു നയിക്കുമെന്ന് റാവത്ത്; അട്ടിമറിയെന്ന് പറഞ്ഞ് ഉടക്കുമായി ഝക്കറും
ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ആദ്യമായാണ് പഞ്ചാബിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നത്. രാഹുൽ ഗാന്ധി അടക്കം പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് വിട്ടു നിന്നു എന്നതും ശ്രദ്ധേയമായി.
സുഖ്ജീന്തർ സിങ് രൺധവ, ഓം പ്രകാശ് സോണി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്യപ്രതചിജ്ഞ ചടങ്ങുകൾക്ക് ശേഷം, ചരൺജിത് അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, വരാൻ പോകുന്ന നിയസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത് നവ്ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിൽ ആയിരിക്കുമെന്നുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണത്തിന് എതിരെ അമരീന്ദർ സിങ്ങിനെ പിന്തുണയ്ക്കുന്നവർ രംഗത്തെത്തി.
സിദ്ദുവിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന പ്രതികരണം തന്നെ അമ്പരിപ്പിച്ചതായി മുൻ പിസിസി അധ്യക്ഷൻ സുനിൽ ജഖർ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് റാവത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അറിയില്ലെന്ന് ഝക്കർ പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കിയാൽ സിദ്ദു ജനപ്രിയ നേതാവാണെന്നും അദ്ദേഹം തന്നെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിക്കുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള റാവത്ത് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിനെ സിദ്ദുവിന്റെ കീഴിൽ നേരിടുമെന്നു സത്യപ്രതിജ്ഞാ ദിനത്തിൽ റാവത്ത് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ അധികാരങ്ങൾ അട്ടിമറിക്കുന്നതാണെന്ന് ഝക്കർ കുറ്റപ്പെടുത്തി. മുൻ പിപിസിസി അധ്യക്ഷനായ സുനിൽ ഝക്കറിന്റെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. മൂന്നാംതവണ എംഎൽഎയായി നിയമസഭയിലെത്തിയ 58കാരനായ ചന്നി, അമരീന്ദർ സിങ് മന്ത്രിസഭയിലെ അംഗമായിരുന്നു. സിദ്ദുവിന്റെ വിശ്വസ്തനുമാണ്. ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ സംസ്ഥാനത്തെ 32 ശതമാനത്തോളം വരുന്ന ദലിത് വിഭാഗങ്ങളെ കൂടെനിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.