കൊച്ചി: അഭിമന്യു കൊലപാതകക്കേസിൽ, കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. പതിനാറു പേർക്കെതിരെയാണ് ആദ്യകുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മുഹമ്മദ് ഷഹീമാണ് മുഖ്യപ്രതി. പള്ളുരുത്തി സ്വദേശിയാണ് ഇയാൾ. സനീഷ് എന്നയാളും അഭിമന്യുവിനെ കുത്തിപ്പരിക്കേൽപിച്ചു.

കൊല്ലപ്പെട്ടിട്ട് 90 ദിവസം തികയാൻ ഒരാഴ്ച മാത്രം ശേഷിക്കേ കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. ക്യാംപസ് ഫ്രണ്ട് കൊച്ചി ജില്ലാ സെക്രട്ടറി ആലുവ പെരുമ്പാവൂർ സ്വദേശി ആരിഫ് ബിൻ സലിം കഴിഞ്ഞ ദിവസം അറസ്റ്റിലായി. മഹാരാജാസ് കോളജിലേക്ക് അക്രമികളെ സംഘടിപ്പിച്ച് എത്തിച്ചത് സലിമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ആരിഫ് ബിൻ സലീമിനെ കൂടാതെ, നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (21), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20),, പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (23), പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പ് ജിസാൽ റസാഖ് (21), നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ മുഹമ്മദ്കുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ (26) എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.

അഭിമന്യുവിനെയും മാരകമായി പരുക്കേറ്റ അർജുൻ കൃഷ്ണ എന്നിവരെ കുത്തിയ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. കൊലപാതകത്തിനു ശേഷം സംസ്ഥാനംവിട്ട പ്രതികൾ പിന്നീടു പലപ്പോഴായി പന്തളത്തെ റബർ തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ പ്രദേശം മുങ്ങിയതോടെ പുറത്തുചാടിയ പ്രതികൾ പരസ്പരം ഫോണിൽ ബന്ധപ്പെട്ടതോടെ പൊലീസ് തിരിച്ചറിഞ്ഞു.സലിമിനെ അറസ്റ്റു ചെയ്തതോടെ കേസിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളിൽ ഒൻപതു പേർ കസ്റ്റഡിയിലായി. നേരിട്ട് പങ്കെടുത്തവർ കൂടാതെ മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിച്ചവർ ഉൾപ്പെടെ കേസിൽ 28 പ്രതികളാണുള്ളത്.

അക്രമത്തിൽ നേരിട്ട് പങ്കെടുത്ത 16 പേർക്കെതിരെയാണ് പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 20 പേർ അറസ്റ്റിലായിട്ടുണ്ട്. എട്ട് പേർക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവായ ഒരാൾ നേരത്തേ കീഴടങ്ങി.

ഗൂഢാലോചനയിൽ ഉൾപ്പെട്ടവരേയും പ്രതികളെ സഹായിച്ചവരേയും ഉൾപ്പെടുത്തി രണ്ടാമത്തെ കുറ്റപത്രവും ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നിക്കം. കേസിലെ ആറാം പ്രതിയായ സനീഷാണ് കോളേജിന് മുന്നിൽ സംഘർഷ നടന്ന സ്ഥലത്തേക്ക് ആയുധങ്ങളെത്തിച്ചത്. എസ്.ഡി.പി.ഐയുടെ ചുമട്ട് തൊഴിലാളി സംഘടനയുടെ നേതാവ് കൂടിയായ സനീഷ് കൊലയാളി സംഘത്തിലും ഉൾപ്പെട്ടിരുന്നു. സംഭവം നടന്ന ദിവസം കോളേജ് ക്യാമ്പസിൽ രാത്രി ഇയാൾ കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തിക്ക് പുറമെ ഇടിക്കട്ട, ഉരുട്ടിയ മരവടി എന്നീ ആയുധങ്ങളും സനീഷ് കോളേജിൽ എത്തിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിക്കാൻ ഇരിക്കുന്നത്. സംഭവം നടന്ന് 90 ദിവസത്തോട് അടുക്കുന്നതിനാൽ പ്രതികൾക്ക് കോടതിയിൽ നിന്നും സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് തടയാനാണ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്തവരെയും പ്രതികൾക്ക് സഹായം നൽകിയവരെയും ഉൾപ്പെടുത്തി മറ്റൊരു കുറ്റപത്രം പിന്നീട് സമർപ്പിക്കും. കേസിലെ 28 പ്രതികളിൽ 17 പേർ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്.