ന്യൂയോർക്ക്: ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കാൻ വിദേശത്തേക്ക് ചികിത്സക്ക് കൊണ്ടു പോകാനുള്ള നേരിയ സാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്നു. ഇത് സംബന്ധിച്ച കേസിൽ ട്രംപും പോപ്പും ലോകം മുഴുവനും ഒരുമിച്ച് ശ്രമിച്ചിട്ടും ജഡ്ജിയുടെ മനസ് മാറിയില്ല; ചാർളിയെ ദയാവധത്തിൽ നിന്നും ഒഴിവാക്കാൻ 48 മണിക്കൂറിനകം പുതിയ തെളിവുകൾ ചോദിച്ച് കോടതി രംഗത്തെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമാണ് ചാർളി ആശുപത്രിയിൽ കഴിയുന്നത്.

വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റൽ അധികൃതർ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ പോപ്പടക്കം ലോകമാകമാനമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ദയാവധം ഒഴിവാക്കുന്നതിനുള്ള പുതിയ തെളിവുകളാണ് ഹൈക്കോടതി ജഡ്ജ് മിസ്റ്റർ ജസ്റ്റിസ് ഫ്രാൻസിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചാർളിക്ക് ലൈഫ് സപ്പോർട്ട് നൽകുന്നതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ താൻ തയ്യാറാണെന്നും എന്നാൽ അതിന് പുതിയ തെളിവുകൾ അനിവാര്യമാണെന്നുമാണ് ഈ കേസിന്റെ വിചാരണക്കിടെ അദ്ദേഹം ഉറച്ച് നിലപാടെടുത്തിരിക്കുന്നത്. ഈ തെളിവുകൾ 48 മണിക്കൂറുകൾക്കകം ഹാജരാക്കണമെന്നും അദ്ദേഹം ചാർളിയുടെ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്ഫോണ്ടിലുള്ള ക്രിസ് ഗാർഡിനോടും കോണി യേറ്റ്സിനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.തങ്ങളുടെ കുഞ്ഞിന് നൽകി വരുന്ന ലൈഫ് സപ്പോർട്ട് അവസാനിപ്പിച്ച് അവനെ ദയാവധത്തിന് വിടുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ അവർ പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇതിനെ തുടർന്ന് പോപ്പിന് പുറമെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ വിഷയത്തിൽ ലോകമാകമാനം ചാർളിക്ക് അനുകൂലമായി ക്യാമ്പയിൻ നടതത്തിയതുകൊണ്ടൊന്നും തന്റെ മനസ് മാറില്ലെന്നും ട്വീറ്റുകളുടെ അടിസ്ഥാനത്തിൽ കോടതിക്ക് വിധി പുറപ്പെടുവിക്കാനാവില്ലെന്നും മറിച്ച് വ്യക്തമായ തെളിവുകൾ അനിവാര്യമാണെന്നുമാണ് മിസ്റ്റർ ജസ്റ്റിസ് ഫ്രാൻസിസ് കടുത്ത നിലപാടെടുത്തിരിക്കുന്നത്. വികാരനിർഭരമായ വിചാരണ വേളയിൽ ചാർളിയുടെ മാതാപിതാക്കളും ഗ്രേറ്റ് ഒസ്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന് വേണ്ടി ഹാജരായ അഭിഭാഷകരും വിരുദ്ധമായ കാര്യങ്ങളാണ് ബോധിപ്പിച്ചത്. ചാർളിയുടെ ശരീരം വളരുന്നുണ്ടെങ്കിലും തല കഴിഞ്ഞ മൂന്ന് മാസങ്ങളായി വളരുന്നില്ലെന്നും അതിനാൽ ചാർളി ഒരു സാധാര കുട്ടിയായി മാറുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു ഹോസ്പിറ്റലിന്റെ അഭിഭാഷകനായ കാത്തി ഗോലോപ് കോടതിയിൽ ബോധിപ്പിച്ചിുന്നത്.

എന്നാൽ ഹോസ്പിറ്റൽ അഭിഭാഷകർ പറയുന്നത് തെറ്റാണെന്ന നിലപാടായിരുന്നു ചാർളിയുടെ മാതാവായ കോണി യേറ്റ്സിനുള്ളത്. തലയുടെ വളർച്ച തങ്ങൾ വിചാരണ നടക്കുന്ന ദിവസം രാവിലെ കൂടി പരിശോധിച്ചിരുന്നുവെന്നും ഇത് ആഴ്ച തോറും രണ്ട് സെന്റീ മീറ്റർ വളരുന്നുവെന്നുമായിരുന്നു യേറ്റ്സ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ തല വളരാത്തത് ഒരു പ്രശ്നം തന്നെയാണെന്ന് ജസ്റ്റിസ് ഫ്രാൻസിസ് അംഗീകരിക്കുകയും ചെയ്തിരുന്നു. യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഏഴ് വിദഗ്ദ്ധർ ചികിത്സിച്ച് മാറ്റാവുന്ന വിധത്തിലുള്ള തകരാറെ ചാർളിയുടെ തലച്ചോറിനുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ പരീക്ഷണാത്മകമായ ചികിത്സയിലൂടെ ചാർളിയെ രക്ഷിക്കാനാവുമെന്ന തെളിവുകൾ ഹാജരാക്കാമെന്നും കുട്ടിയുടെ ലീഗൽ ടീം കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ചാർളിയെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു. ചാർളിയുടെ ലൈഫ് സപ്പോർട്ട് ടേൺ ഓഫ് ചെയ്യുമെന്നും അവനെ ചികിത്സിക്കാനായി അമേരിക്കയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നത്.