'ഞങ്ങളുടെ മകൻ ഒന്നാം പിറന്നാൾ ആഘോഷിക്കില്ലെന്നുറപ്പായി...' ആശുപത്രിയിൽ ചാർളി കിടക്കുന്ന കട്ടിലിനരികിലിരുന്ന് ഇത് പറയുമ്പോൾ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡിന്റെയും കോണി യേറ്റ്‌സിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ചാർളിയെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മകനെ രക്ഷിക്കാമെന്നുള്ള അവസാന മോഹം പോലും ഈ മാതാപിതാക്കൾ ഉപേക്ഷിച്ചിരിക്കുന്നത്. ഇതോടെ മകന്റെ ദയാവധത്തിന് ഇവർ വഴങ്ങിയിരിക്കുകയാണ്.

ഇതിനെ തുടർന്ന് തങ്ങളുടെ പ്രിയപുത്രൻ ഏതാനും ദിവസങ്ങൾ കൂടിയേ ജീവിച്ചിരിക്കൂ എന്നും അവർ ഹൃദയവേദനയോടെ വെളിപ്പെടുത്തുന്നു. ഇതോടെ ഈ 11 മാസക്കാരന്റെ ദുർവിധി ഓർത്ത് ലോകം ഒരുമിച്ച് കണ്ണ് തുടയ്ക്കുകയാണ്.ചാർളിയെ ഈ ദുർവിധിയിലേക്ക് മനഃപൂർവം തള്ളിവിടുന്നതിൽ ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ അധികൃതരെ ഈ മാതാപിതാക്കൾ ഹൃദയവേദനയോടെ പഴിക്കുകയും ചെയ്യുന്നുണ്ട്.അടുത്ത ആഴ്ച അതായത് ഓഗസ്റ്റ് നാലിനാണ് ചാർളിയുടെ ഒന്നാം പിറന്നാൾ.എന്നാൽ അത് വരെ അവൻ ജീവിച്ചിരിക്കുമോ എന്ന കടുത്ത ആശങ്കയിലാണിവർ. കാരണം അവന് നൽകിക്കൊണ്ടിരിക്കുന്ന ലൈഫ് സപ്പോർട്ട് ഉടൻ അവസാനിപ്പിക്കാനാണ് ആശുപത്രിയുടെ പുതിയ തീരുമാനം.

ചാർളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഹൈക്കോടതിയിൽ എത്തിയ ചാർളിയുടെ അമ്മ കോണി യേറ്റ്‌സ് വിതുമ്പുന്നത് കാണാമായിരുന്നു. മമ്മിയുടെ ഡാഡിയും അവനെ അത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നും എന്നാൽ തങ്ങൾക്ക് അവനെ രക്ഷിക്കാൻ സാധിച്ചില്ലെന്നും മാപ്പ് തരണമെന്നും പറഞ്ഞായിരുന്നു ഇവർ പൊട്ടിക്കരഞ്ഞത്. എന്നാൽ തങ്ങളുടെ മകന്റെ അവസാന നിമിഷം വീട്ടിലായിരിക്കണമെന്ന ആഗ്രഹിം ഇവർ ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ആശുപത്രി അധികൃതർ അതിന് സമ്മതിക്കുമോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടുമില്ല.

അമേരിക്കയിലെ ചികിത്സ ലഭിച്ചാൽ ചാർളി രക്ഷപ്പെടാൻ സാധ്യതയേറെയാണെന്നും എന്നാൽ ആശുപത്രി അധികൃതർ സമ്മതിക്കാത്തതാണ് പ്രശ്‌നമെന്നും പിതാവ് ക്രിസ് ഗാർഡ് കോടതിക്ക് പുറത്ത് വച്ച് നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.എന്നാൽ യാതൊരു ചികിത്സ കൊണ്ടും ചാർളിയുടെ ജീവൻ രക്ഷിക്കാനാവില്ലെന്നാണ് ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റൽ പ്രതികരിച്ചിരിക്കുന്നത്. ചാർളിയെ മരിക്കാൻ അനുവദിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ജഡ്ജ് ഹിയറിങ് ആരംഭിച്ചിരുന്നത്.

ഗുരുതരമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമാണ് ചാർളി വെന്റിലേറ്ററിൽ കഴിയുന്നത്. ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കാനും ആശുപത്രി അധികൃതർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തുകയും പോപ്പും ട്രംപും അടക്കമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വരുകയും ചെയ്തതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ആ തീരുമാനം ഉടൻ നടപ്പിലാക്കാനാണ് ആശുപത്രി ഒരുങ്ങുന്നത്.

ചാർളിക്ക് ചികിത്സയൊന്നുമില്ലെന്നും ദയാവധം മാത്രമാണുള്ളതെന്നുമുള്ള ബ്രിട്ടീഷ് ഡോക്ടർമാരുടെ തീരുമാനത്തിന് വഴങ്ങാൻ അവന്റെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.കുഞ്ഞിനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു. ചാർളിയെ രക്ഷിക്കാനാവുമോ എന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോ. മിക്കിയോ ഹിരാനോ ജൂലൈ 17ന് ലണ്ടനിലെത്തിയിരുന്നു. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തി പരിശോധനകൾ നടത്തി നിർദേശങ്ങൾ നൽകിയിരുന്നു