സാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന പത്ത് മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കാൻ വിദേശത്തേക്ക് കൊണ്ടു പോകാൻ സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ഇക്കാര്യത്തിൽ കോടതിയുടെ വിലക്ക് നിലനിൽക്കുന്ന സാഹര്യത്തിൽ അതിനെതിരെ നടപടിയെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ ചാർളിയെ രക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ഫ്രാൻസിസും നടത്തിയ ശ്രമം നടക്കില്ലെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. എന്നാൽ കുട്ടിക്ക് ദയാവധം ഒഴിവായേക്കുമെന്നുള്ള പ്രതീക്ഷ മാത്രമാണിപ്പോഴുള്ളത്.

ചാർളിയെ ചികിത്സിക്കാൻ വിദേശത്തേക്ക് കൊണ്ടു പോകാൻ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡും കോണി യേറ്റ്‌സും കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇവരെ സഹായിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തെരേസ മേയും ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും രംഗത്തെത്തിയതോടെയാണ് ഇവരുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി ഇപ്പോഴുണ്ടായിരിക്കുന്നത്. ഗ്രേറ്റ് ഒസ്മോണ്ട് സ്ട്രീറ്റ് ഈ കുട്ടിയുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ തീരുമാനമാണെടുത്തിരിക്കുന്നതെന്നാണ് തെരേസ പ്രതികരിച്ചിരിക്കുന്നത്.

ഡോക്ടർമാർക്കാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതിനുള്ള അവകാശങ്ങളെന്നും ഇക്കാര്യത്തിൽ അവർക്ക് കോടതികളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നുമാണ് ബോറിസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഡോക്ടർമാർക്ക് വിടുന്നുവെന്ന് തെരേസയും പറഞ്ഞിട്ടുണ്ട്. എന്നാൽ കുട്ടിയുടെ സൗഖ്യത്തിന് വേണ്ടി ഗ്രേറ്റ് ഒസ്മൊണ്ട് ഹോസ്പിററൽ ഇനിയും നല്ല തീരുമാനങ്ങളെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും തെരേസ വ്യക്തമാക്കുന്നു. ഇത് കോടതിയുടെയും ഡോക്ടർമാരുടെയും പരിധിയിൽ വരുന്ന കാര്യമാണെന്നും ഇതിനാൽ തനിക്ക് ഇടപെടാനാവില്ലെന്നുമാണ് ബോറിസ് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആൻജെലിനോ അൽഫാനോയെ വിളിച്ച് അറിയിച്ചിരിക്കുന്നത്. ഡോക്ടർമാരും കോടതികളും കുട്ടിയുടെ സൗഖ്യം ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നതെന്ന വിശ്വാസവും ബോറിസ് പ്രകടിടിക്കുന്നു.

ചാർളിയുടെ ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ ഇടപെടണമെന്ന ശക്തമായ സമ്മർദം തെരേസയുടെ മേലുണ്ടായതിനെ തുടർന്നാണ് അവർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയുടെ കദനകഥ കേട്ടറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. കുട്ടിക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് അമേരിക്കയിലെ ഒരു ഹോസ്പിറ്റലും അവിടുത്തെ ഡോക്ടർമാരും മുന്നോട്ട് വരുകയും ചെയ്തിരുന്നു. അതിന് മുമ്പ് പോപ്പ് ഫ്രാൻസിസും കുട്ടിയെ രക്ഷിക്കാൻ മുന്നോട്ട് വന്നിരുന്നു. റോമിലെ ഹോസ്പിറ്റിലേക്ക് ചാർളിയെ കൊണ്ട് പോകാനുള്ള വാഗ്ദാനവുമുണ്ടായിരുന്നു. ഇവ പ്രയോജനപ്പെടുത്താൻ കുട്ടിയുടെ രക്ഷിതാക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കോടതികളും ബ്രിട്ടനിലെ ഡോക്ടർമാരും തടസം നിൽക്കുകയാണ്.

ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ പോപ്പടക്കമുള്ളവർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. തുടർന്ന് ലൈഫ് സപ്പോർട്ട് തുടരാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി. തങ്ങളുടെ മകനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു.

ചാർളിയുടെ ലൈഫ് സപ്പോർട്ട് ടേൺ ഓഫ് ചെയ്യുമെന്നും അവനെ ചികിത്സിക്കാനായി അമേരിക്കയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നത്. അവസാനം ചാർലിയുടെ അവസാന വീക്കെൻഡ് എങ്കിലും തങ്ങൾക്ക് അവനോടൊപ്പം വീട്ടിൽ ചെലവഴിക്കാൻ അനുവദിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷയും തള്ളപ്പെട്ടിരുന്നു