- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറനാട് കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ നാല് പേർ അറസ്റ്റിൽ; കൊടിമരം പിഴുത് മാറ്റിയതിലുള്ള സ്വാഭാവിക പ്രതികരണം; അക്രമത്തെ ന്യായീകരിച്ചു സിപിഐ
ആലപ്പുഴ: ചാരുംമൂട്ടിൽ കോൺഗ്രസ്- സിപിഐ. സംഘർഷത്തിൽ നാല് പേർ പൊലീസ് പിടിയിൽ. സിപിഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കോൺഗ്രസ് - സിപിഐ. പ്രവർത്തകർക്കെതിരെ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
നൂറ്റി അമ്പതോളം പ്രതികൾ വിവിധ കേസുകളിലായി ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ അറസ്റ്റിലായവർ റഫീഖ്, ഷമീം എന്നീ കോൺഗ്രസ് പ്രവർത്തകരും ഷാജു, ശ്രീനാഥ് എന്നിവർ സിപിഐ. പ്രവർത്തകരും ആണ്. മെയ് ദിനവുമായി ബന്ധപ്പെട്ട് ചാരംമൂട് കോൺഗ്രസ് ഓഫീസിനു സമീപം സിപിഐ. കൊടിമരം സ്ഥാപിച്ചതാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. കൊടിമരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടി. തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും പൊലീസുകാരുൾപ്പടെ 25ഓളം പേർക്ക് പരിക്കേറ്റു.
കോൺഗ്രസ് ഓഫീസിനു നേരെയും അക്രമമുണ്ടായി. ആർഡിഒയുടെ നിർദ്ദേശം ഉണ്ടായിട്ടും കൊടിമരവും പതാകയും നീക്കം ചെയ്യാൻ തഹസിൽദാർ തയ്യാറാകാത്തതുകൊണ്ടാണ് കൊടിമരം നീക്കം ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പൊലീസ് ബോധപൂർവം സിപിഐയുടെ ആക്രമണത്തിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന് ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് പറഞ്ഞു.
അതേസമയം, കൊടിമരം തകർക്കുകയും പതാക കോൺഗ്രസ് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തതാണ് പ്രകോപനങ്ങൾക്ക് ഇടയാക്കിയതെന്ന് സിപിഐ. വ്യക്തമാക്കുന്നു. താത്കാലികമായി ആദ്യം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതാണ് വീണ്ടും കൊടിമരം സ്ഥാപിക്കാൻ ഇടയാക്കിയത് എന്ന് സിപിഐ മണ്ഡലം സെക്രട്ടറി സോഹൻ പറഞ്ഞു.
കൊടിമരം പിഴുത് മാറ്റിയതിലുള്ള സ്വാഭാവിക പ്രതികരണമെന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ പറഞ്ഞു. സിപിഐ പഞ്ചയത്ത് സമ്മേളനത്തിന്റെ പ്രചരണാർത്ഥം പാർട്ടി തീരുമാനപ്രകാരമാണ് കൊടിമരം സ്ഥാപിച്ചത്. പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഇതിൽ പങ്കെടുത്തിട്ടുണ്ട്. പതാക സ്ഥാപിച്ചത് കോൺഗ്രസ് ഓഫീസിന് മുന്നിലല്ല, 50 മീറ്റർ മാറിയാണ്. ഇതുകൊണ്ട് കോൺഗ്രസിന് എന്ത് പ്രശ്നമാണുള്ളത്. കൊടിമരം മാറ്റാൻ ആർഡിഒ ഉത്തരവിട്ടെന്നത് പച്ചക്കള്ളമാണ്. കോൺഗ്രസിന്റെ ഓഫീസ് ഇരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണ്. ഇതിനെതിരെ റവന്യൂ വകുപ്പിൽ പരാതി നിലനിൽക്കുന്നുണ്ടെന്നും സിനു ഖാൻ പറഞ്ഞു.
അതേസമയം കോൺഗ്രസ് ഓഫീസ് ആക്രമണത്തിൽ രണ്ട് സിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലും എടുത്തു. നൂറനാട് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി ഷാ പാറയിൽ, ശൂരനാട് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷമീം ഷാജി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
മറുനാടന് മലയാളി ബ്യൂറോ