തൃശൂർ: കേരളാ പൊലീസിനെ പിടിച്ചുലയ്ക്കാൻ ചാത്തൻ സേവാ വിവാദവും. പൊലീസിലെ ചേരി പോരിന് പ്രതികാരം വീട്ടാൻ ഒരു ഉദ്യോഗസ്ഥൻ തൃശൂരിലെ ചാത്തൻ കേന്ദ്രത്തിലെത്തി ദുഷ് കർമ്മം ചെയ്തെന്നാണ് ആരോപണം. ചാത്തൻ സേവയ്ക്കെത്തിയ പൊലീസുകാരന്റെ വിവരങ്ങൾ പുറത്തായതോടെ എന്താണ് ചാത്തൻ സേവാ കേന്ദ്രത്തിൽ ഇയാൾ ചെയതെന്ന അന്വേഷണം ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തി. ഇതോടെയാണ് അഞ്ച് പൊലീസുകാർക്കെതിരെയാണ് ചാത്തൻ സേവാ കേന്ദ്രത്തിൽ കർമ്മം ചെയ്തതെന്ന് വ്യക്തമായത്.

കഴിഞ്ഞയാഴ്ചയാണ് തൃശൂരിലെ ചാത്തൻസേവാ കേന്ദ്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനെത്തിയത്. 5 പേർക്കെതിരെ ചുറ്റുവിളക്കാണ് നേർച്ചയായി നടത്തിയത്. ഈ അഞ്ച് പേരും പൊലീസിലെ ഉന്നതരാണ്. ഡിജിപി റാങ്കുള്ള മുതിർന്ന ഉദ്യോഗസ്ഥനും ഐജിയും ഈ പട്ടികയിലെത്തിയെന്നത് ഞെട്ടലോടെയാണ് അന്വേഷിച്ച പൊലീസുകാർ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയ്ക്കെതിരേയും ആഭിചാരം നടന്നതായാണ് ആക്ഷേപം. എസ് പി റാങ്കിലെ ഉദ്യോഗസ്ഥരേയും ലക്ഷ്യമിടുന്നു.

എന്തിന് വേണ്ടിയാണ് ഈ ഉദ്യോഗസ്ഥൻ ആഭിചാരത്തിന് തൃശൂരിലെത്തിയതെന്ന് ഇനിയും വ്യക്തമല്ല. ഇത് പൊലീസിലെ ഉന്നതരേയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു ഉദ്യോഗ്സ്ഥൻ ഏതെങ്കിലും കേന്ദ്രത്തിലെത്തി എന്തെങ്കിലും പൂജ നടത്തുന്നത് എങ്ങനെ കുറ്റകരമാകുമെന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗികമായി പരാതി കൊടുക്കാനും കഴിയില്ല.

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തിയാണ് ഉദ്യോഗസ്ഥൻ ചാത്തൻ കേന്ദ്രത്തിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കിടെയുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. കടുത്ത എതിർപ്പുള്ളവർക്കെതിരെയാണ് ആഭിചാരമെന്നാണ് പൊലീസുകാർ അടക്കം പറയുന്നത്. ചാത്തൻ സേവ തങ്ങളെ ബാധിക്കാതിരിക്കാൻ വിശ്വാസമുള്ള ഉദ്യോഗസ്ഥർ മറു പൂജകളും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ചാത്തൻ സേവയിൽ ഭയന്ന് വിറയ്ക്കുകയാണ് കേരളാ പൊലീസ് ഇപ്പോൾ.

ഉദ്ദിഷ്ടകാര്യത്തിനാണ് ചാത്തൻ മഠങ്ങളിൽ ചുറ്റുവിളക്ക് നേർച്ച ചെയ്യുന്നത്. ഇത് ശത്രു സംഹാരവുമായി ബന്ധപ്പെടുത്തിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് കൂടി കഴിഞ്ഞയാഴ്ച നടന്ന ചുറ്റുവിളക്കിൽ ഏതെല്ലാം പൊലീസുകാർക്ക് ദോഷമുണ്ടാകുമെന്ന് ശ്രദ്ധയോടെ വീക്ഷിക്കുന്നവരും സേനയിലുണ്ട്. ഐജി റാങ്കിലെ ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയരുന്നത്. മധ്യകേരളത്തിലെ പരിപാടിക്കിടെയാണ് ചാത്തൻസേവയ്ക്കായുള്ള കരുക്കൾ തിരുവനന്തപുരത്തെ പ്രമുഖൻ നീക്കിയതെന്നും പൊലീസുകാർ തിരിച്ചറിയുന്നുണ്ട്.

വിഷ്ണുമായ അഥവാ ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ കണക്കാക്കപ്പെടുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തന്റേത്. ഉഗ്രമൂർത്തിയാണ്.

ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണെന്നും വിശ്വസമുണ്ട്. കേരളത്തിൽ മന്ത്രവാദികളാണ് കുട്ടിച്ചാത്തനെ പ്രധാനമായും ആരാധനാമൂർത്തിയായി കാണുന്നത്.