റായ്പുർ: റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ 45 ലക്ഷം രൂപ അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി ട്രാഫിക് പൊലീസ് ഉദ്യോസ്ഥൻ. ഛത്തീസ്‌ഗഡിലെ നവ റായ്പുരിലെ ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹയാണ് രാവിലെ മനാ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്ത് ബാഗ് കണ്ടെത്തിയത്.

പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചതായി മനാ സ്റ്റേഷനിലെ അഡിഷനൽ പൊലീസ് സൂപ്രണ്ട് സുഖാനന്ദൻ റാത്തോഡ് പറഞ്ഞു. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

നവ റായ്പുരിലെ കായബന്ധ ഔട്ട്പോസ്റ്റിലാണ് നിലാംബർ സിൻഹ ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് റോഡിൽ ഒരു ബാഗ് കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളായിരുന്നു. ഉടൻതന്നെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ച ട്രാഫിക് കോൺസ്റ്റബിൾ കണ്ടുകിട്ടിയ ബാഗ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

നമ്മുടെ സ്വന്തമല്ലാത്ത പണമോ മറ്റ് മൂല്യമുള്ള വസ്തുക്കളോ കളഞ്ഞുകിട്ടുമ്പോൾ അത് ഉടമയെയോ ബന്ധപ്പെട്ട അധികൃതരെയോ തിരിച്ചേൽപിക്കാൻ ശ്രമിക്കുകയെന്നത് വ്യക്തിത്വത്തെ തന്നെ ഉയർത്തുന്ന മാതൃകാപരമായ പ്രവർത്തിയാണ്. ഇത്തരത്തിൽ വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ലക്ഷങ്ങളടങ്ങിയ ബാഗ് പൊലീസിനെ ഏൽപിച്ച് തന്റെ ജോലിയുടെ കൂടി മഹത്വം ഉയർത്തിയിരിക്കുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരൻ .

സംഭവം സോഷ്യൽ മീഡിയയിലും ചെറിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇത്രയും വലിയ തുക കയ്യിൽ കിട്ടിയാൽ ആരും അത് കൃത്യമായി തിരിച്ചേൽപിക്കില്ലെന്നും സിൻഹയുടേത് അത്രയും സത്യസന്ധമായ മനസാണെന്നുമെല്ലാമുള്ള അഭിപ്രായങ്ങളാണ് വരുന്നത്.