ഷിക്കാഗോ: ഭാരതത്തിലെ കത്തോലിക്കാ സഭയിൽ നിന്നും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും, വി. ഏവുപ്രാസ്യാമ്മയുടേയും സംയുക്ത തിരുനാൾ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഭക്തിപുരസരം കൊണ്ടാടി. ക്രിസ്തുരാജ തിരുനാൾ ദിനം തന്നെ നാമകരണദിനമായത് ഏറെ സന്തോഷവും അനുഗ്രഹവും പ്രദാനം ചെയ്ത ഒന്നാണെന്ന് കാർമികൻ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. ഏവർക്കും ക്രിസ്തു രാജ തിരുനാളിന്റേയും, വിശുദ്ധരുടേയും തിരുനാൾ ആശംസകളും പ്രാർത്ഥനകളും നേരുന്നതായും റവ.ഡോ. വേത്താനത്ത് അറിയിച്ചു.

തിരുനാൾ സന്ദേശം നൽകിയ ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഇരു വിശുദ്ധരുടേയും ത്യാഗത്തിന്റേയും പ്രാർത്ഥനകളുടേയും വഴികൾ സംക്ഷിപ്തമായി അവതരിപ്പിച്ചു. കേരള സഭയിലെ നവോത്ഥാന നായകൻ എന്ന വിശേഷണമുള്ള വി. ചാവറയച്ചൻ തന്റെ വ്യത്യസ്തങ്ങളായ കർമ്മ പരിപാടികൾ എങ്ങനെ ജാതി മത ഭേദമെന്യേ ഏവർക്കും വളരെ ത്യാഗ മനോഭാവത്തോടും പ്രാർത്ഥനാ ചൈതന്യത്തോടും കൂടി നിറവേറ്റി എന്നത് വളരെ ലളിതമായി അവതരിപ്പിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്നറിയപ്പെട്ടിരുന്ന വി. ഏവുപ്രാസ്യാമ്മയുടെ സഹനത്തിന്റേയും പ്രാർത്ഥനയുടേയും മദ്ധ്യസ്ഥതയുടേയും മഹനീയ മാതൃക ഏവരും മനസിലാക്കണമെന്നും, അനുകരണീയമാക്കുന്നതിനായി ശ്രമിക്കണമെന്നും, സ്വർഗ്ഗപ്രാപ്തിക്കുതകുന്നതിലേക്കുള്ള ചവിട്ടുപടികളാകണമെന്നും റവ. ഡോ. പാലയ്ക്കാപ്പറമ്പിൽ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധരുടെ ജീവിത മാതൃകകളിലൂടെ സഹജീവികളോടുള്ള സ്‌നേഹവും ത്യാഗ മനോഭാവവും, പ്രാർത്ഥനാ ജീവിതവും എല്ലാം സംയോജിപ്പിച്ചുകൊണ്ട് എങ്ങനെ ഉത്തമ ദൈവമക്കളായി ജീവിക്കുവാൻ കഴിയുമെന്നും അതിന് അനുസൃതമായി ശ്രമിക്കണമെന്നും അച്ചൻ ആവശ്യപ്പെട്ടു. നാമകരണ ചടങ്ങുകളിൽ പങ്കെടുത്ത രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രത്യേകം സ്മരിച്ചു. വി അൽഫോൻസാമ്മയും, വി. ചാവറയച്ചനും,  വി. ഏവുപ്രാസ്യാമ്മയും അൾത്താരവണക്കിന് യോഗ്യരായി തീർന്നതിന്റെ സന്തോഷം പങ്കുവച്ച വിശ്വാസികൾ പ്രാർത്ഥനകളിലും പ്രദക്ഷിണത്തിലും പ്രാർത്ഥനാപുരസരം പങ്കെടുത്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.