- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റേഷനിൽ അറിയിച്ചത് പൊതുജനം; പരാതിക്കാരൻ അച്ഛൻ; കൊല നടന്ന വീടിന്റെ പേരു പോലും ഇല്ല; പ്രതി ആരെന്നും അറിയില്ല; 19കാരനെ കുത്തിമലർത്തിയ ശേഷം സ്റ്റേഷനിലെത്തി ലാലൻ കുറ്റസമ്മതം നടത്തിയത് മനപ്പൂർവ്വം മറച്ചു വച്ച് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്; മറുനാടൻ പുറത്തു വിടുന്ന എഫ് ഐ ആറിലുള്ളത് ചായക്കുടിയിലെ കൊലയിലെ ദൂരൂഹത
തിരുവനന്തപുരം: പേട്ടയിലെ അനീഷ് ജോർജ് കൊലയിൽ ദുരൂഹത കൂട്ടി പൊലീസ് എഫ് ഐ ആറും. ചായക്കുടിയിലെ വീട്ടിലെ കൊലയിൽ പുറത്തു വന്നതൊന്നുമല്ല പൊലീസിന്റെ ആദ്യ എഫ് ഐ ആറിലുള്ളത്. അനീഷ് ജോർജിനെ കുത്തിയ ശേഷം പ്രതിയായ സൈമൺ ലാലൻ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് വാക്കാൽ പറയുന്നത്. അതിന് ശേഷം പൊലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. മരണം സ്ഥിരീകരിച്ചു. അതിന് ശേഷം പൊലീസാണ് അനീഷിന്റെ വീട്ടിൽ മരണ വിവരം അറിയിച്ചത്. അപ്പോഴും മകൻ വീട്ടിലുണ്ടെന്ന വിശ്വാസത്തിലായിരുന്നു അനീഷിന്റെ അച്ഛനും അമ്മയും. പക്ഷേ ഇതൊന്നും അല്ല പ്രഥമ വിവര റിപ്പോർട്ടിലുള്ളത്.
മറ്റൊരു കഥയാണ് എഫ് ഐ ആറിൽ പറയുന്നത്. പുലർച്ചെ മൂന്നരയ്ക്കാണ് കൊല നടന്നതെന്ന് എഫ് ഐ ആർ പറയുന്നു. രാവിലെ ആറരയ്ക്കാണ് പൊലീസ് സ്റ്റേഷനിൽ വിവരമെത്തിയത്. ജനറൽ ഡയറി സൂചനാ വിവരം എൻട്രി നമ്പർ 12ഉം. ഇത് രേഖപ്പെടുത്തിയത് രാവിലെ എട്ടരയ്ക്കും. പരാതിയുടെ ഉറവിടം സിറ്റിസൺ ആണെന്നും ജനറൽ പബ്ലിക്കാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് അരകിലോമീറ്റർ അകലെയാണ് ക്രൈം സീനെന്നും വ്യക്തമാക്കുന്നു. ചായക്കുടി ലൈനിലാണ് സംഭവമെന്നും പറയുന്നു. കൊല നടന്ന വീടിന്റെ പേരോ മ്റ്റ് സൂചനകളോ ഒന്നും അനീഷ് കൊലക്കേസിലെ ആദ്യ എഫ് ഐ ആറിൽ ഇല്ല.
പരാതിക്കാരൻ വിവരം ജോർജ് കുഞ്ഞച്ചനാണ്. വയസ്സ് 55ഉം. കൊല്ലപ്പെട്ടത് ജോർജിന്റെ മകൻ അനീഷാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ പേര് പൊലീസിന് അറിയില്ലെന്നാണ് ആദ്യ എഫ് ഐ ആറിലുള്ളത്. ആവലാതിക്കാരൻ മകൻ 19 വയസ്സുള്ള അപ്പു എന്ന് വിളിക്കുന്ന അനീഷിനെ 29.01.2021-ാം തീയതി വെളുപ്പിന് 3.30 മണിയോടെ പേട്ട ചായക്കുടി വീട്ടിലുള്ള വീട്ടിൽ വച്ച് പ്രതിയാൽ കുത്തേറ്റ് കാണപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ചികിൽസയ്ക്കായി എത്തിച്ച സമയം അനീഷ് കൊല്ലപ്പെട്ടു പോയിരിക്കുന്നു എന്നുള്ളത്-എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടു കിടന്ന വീട്ടിന്റെ പേരു പോലും രേഖപ്പെടുത്തിയില്ലെന്നത് എഫ് ഐ ആറിനെ ദുരൂഹമാക്കുന്നു. ഏതോ ഒരു വീട്ടിൽ ആരോ കൊന്ന അനീഷ് എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്.
അതായത് അനീഷിനെ കുത്തിയിട്ട ശേഷം സൈമൺ ലാലൻ പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തിയെന്നത് മനപ്പൂർവ്വം എഫ് ഐ ആറിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഏതോ പൊതുജനം പറഞ്ഞറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി അനീഷിന്റെ അച്ഛൻ പരാതിപ്പെട്ടപ്പോഴാണ് ഈ കേസിനെ കുറിച്ച് പേട്ട പൊലീസ് അറിഞ്ഞതെന്നതാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. സൈമൺ ലാലന്റെ മക്കളും ഭാര്യയുമാണ് ഈ കേസിലെ സാക്ഷികൾ. അവർ വിചാരണക്കാലത്ത് എങ്ങനെ വേണമെങ്കിലും കോടതിയിൽ മൊഴി നൽകാം. ഈ സമയത്ത് ഈ എഫ് ഐ ആറിലെ പിഴവും കേസിൽ കുറ്റ വിമുക്തിക്ക് വഴിവയ്ക്കും. തന്റെ വീട്ടിൽ ഒരു പയ്യനെ താൻ കുത്തി മലർത്തി എന്ന് പ്രതി പറഞ്ഞത് അനുസരിച്ച് എഫ് ഐ ആർ എന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് കേസിന് മറ്റൊരു തലം നൽകുമായിരുന്നു.
കുത്തി മലർത്തിയ അനീഷിനെ രക്ഷിക്കാൻ ലാലൻ ഒന്നും ചെയ്തില്ല. നേരെ പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് ചെയ്തത്. അതിൽ നിന്ന് തന്നെ പ്രതിയെ മനപ്പൂർവ്വം കൊലയ്ക്ക് എറിഞ്ഞു കൊടുത്തുവെന്നതാണ് വസ്തുത. എന്നാൽ പ്രതി പറയുന്നത് കള്ളനാണെന്ന് കരുതി കുത്തിയെന്നും. ഈ വാദത്തിന് വിചാരണ സമയത്ത് ബലമേകുന്നതാണ് ഈ എഫ് ഐ ആർ. രാവിലെ മൂന്നരയ്ക്ക് നടന്ന സംഭവത്തിൽ പൊലീസിന് തന്നെ കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാണ് ഈ എഫ് ഐ ആർ തയ്യാറാക്കിയതെന്നതും ഗൂഢാലോചനയുടെ സാധ്യത നൽകുന്നുണ്ട്. ഇതോടെ ചായക്കുടിയിലെ ആ വീട്ടിൽ രാത്രി എന്താണ് സംഭവിച്ചതെന്നതിൽ അസ്വാഭാവികതകൾ കൂടും. റിമാൻഡ് റിപ്പോർട്ടിലും മറ്റും എന്താണ് പറയുന്നതെന്നതും പരിശോധിച്ചാൽ മാത്രമേ കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ഉണ്ടായോ എന്ന് വ്യക്തമാകൂ.
രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണ് ' സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറഞ്ഞു. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് പ്രസക്തി കൂട്ടുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന എഫ് ഐ ആറും.
അനീഷ് രാത്രി സൈമൺ ലാലന്റെ വീട്ടിലേക്കുപോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ നാലോടെ പേട്ട സ്റ്റേഷനിലെ പൊലീസുകാർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ മനസിലാക്കിയത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി ജോർജ് പറഞ്ഞു. പേട്ട സ്റ്റേഷനിലെത്തിയശേഷമാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പിന്നാലെ പൊലീസ് ജീപ്പിൽത്തന്നെ പിതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിതാവിനെ കാണിച്ചശേഷമാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. ഈ സത്യമാണ് എഫ് ഐ ആർ മറയ്ക്കുന്നത്.
അനീഷ് കൊല്ലപ്പെട്ട വിവരം ബന്ധുക്കളൊക്കെ എത്തിയ ശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്.ഏറെ വർഷങ്ങളായി പേട്ട ആനയറയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്ന് അറിയില്ലെന്ന് ബന്ധുക്കളും പറയുന്നു. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്കൂളിലും ഒരുമിച്ചായിരുന്നു. എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന.
രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിയ സംഭവത്തിനു പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് പൊലീസ് അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്. കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥൻ ലാലുവിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പുലർച്ചെ 3 മണിയോടെ ശബ്ദം കേട്ടാണ് ഉണർന്നതെന്നാണ് ലാലു പൊലീസിനോട് പറഞ്ഞത്. നിരീക്ഷിച്ചപ്പോൾ ഒരാൾ വീട്ടു വളപ്പിൽ ഉണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തേക്കെത്തിയപ്പോൾ പ്രതിരോധിക്കാനായി കുത്തിയതാണെന്നും ലാലു പൊലീസിനോടു പറഞ്ഞു. ലാലു തന്നെയാണ് രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്.
കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാൾ വീട്ടിൽ കിടക്കുന്നതായും പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചുവെന്നും പറയുന്നു. പക്ഷേ എന്തുകൊണ്ട് ഇങ്ങനെ എഫ് ഐ ആർ വന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
മറുനാടന് മലയാളി ബ്യൂറോ