കൊച്ചി: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിലെ ആദ്യ 'നഗ്‌നചിത്ര'മായ ചായം പൂശിയ വീടിന് ഒടുവിൽ പ്രദർശനാനുമതി.എ സർട്ടിഫിക്കറ്റോടെ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ചായം പൂശിയ വീട്. നഗ്‌നതാപ്രദർശനത്തിന്റെ പേരിൽ ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചിരുന്നു. എന്നാൽ ഐ എഫ് എഫ് കെയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗൗതം എന്ന പ്രായമുള്ള, ഒരു എഴുത്തുകാരനും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന യുവതിയുവാക്കളും, ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സർട്ടിഫിക്കറ്റിനായി ചിത്രം സമർപ്പിച്ചപ്പോൾ അതിലെ മൂന്ന് അശ്ലീലരംഗങ്ങളും ഒരു നാടൻ സംസാരവും നീക്കംചെയ്യാൻ ബോർഡംഗങ്ങൾ ഇവരോടാവശ്യപ്പെടുകയായിരുന്നു. കൂടാതെ നായികയെ പൂർണ്ണ നഗ്‌നയായി കാണിച്ചിരിക്കുന്ന ചില സീനുകൾ ചിത്രത്തിൽ നിന്നും നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദർശനാനുമതി നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനവും വിലങ്ങുതടിയായി.

അതേസമയം ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ സന്തോഷ് ബാബുസേനൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)ന്റെ തിരുവനന്തപുരം റീജ്യനൽ ഓഫിസ് അധികൃതർക്കു ഹൈക്കോടതി നിർദ്ദേശം നൽകിയതിന്മേലാണ് വിധി. നഗ്‌നത ലൈംഗികതയുമായി ബന്ധപ്പെടുത്തിയല്ല സിനിമയിൽ കാണിച്ചിട്ടുള്ളതെന്നും ഈ രംഗങ്ങൾ അശ്ലീലതയുള്ളതോ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നതോ അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചിത്രത്തിൽ നിന്നും ഒരു സീൻ പോലും ഒഴിവാക്കില്ലെന്ന നിലപാടിൽ സംവിധായകരും ഉറച്ചു നിന്നു. ഏതെങ്കിലുമൊരു ഭാഗം നീക്കം ചെയ്യുന്നത് ഈ സിനിമയുടെ അടിസ്ഥാന ആശയത്തെയും അത് കൈകാര്യം ചെയ്ത രീതിയെയും സാരമായി ബാധിക്കുമെന്നായിരുന്നു നിർമ്മാതാക്കളുടെ വാദം. ഒടുവിൽ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനു വിരാമമായി. ചിത്രം അഡല്റ്റ് ഒൺലി സർട്ടിഫിക്കറ്റൊടെ പ്രദർശിപ്പിക്കാൻ അനുമതി നൽകി. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോൾ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

കലാധരൻ, അക്രം മുഹമ്മദ്, ബോളിവുഡ് നടി നേഹ മഹാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. കഥ,തിരക്കഥ,നിർമ്മാണവും സന്തോഷും സതീഷും തന്നെയാണ് നിർവ്വഹിക്കുന്നത്.