മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും വിപ്ലവ നായകൻ ചെ ഗുവേരയും ഏറ്റുമുട്ടലിന്റെ പാതയിൽ. ചരിത്രത്തിൽ ആരും കാണാത്ത ഒരേടിന്റെ കഥയല്ലിത്. പുതുയുഗത്തിന്റെ സൃഷ്ടിയായ നവമാദ്ധ്യമങ്ങളുടെ കുത്തൊഴുക്കിൽ വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണിപ്പോൾ ഈ രണ്ടു മഹാരഥന്മാരും.

പുകവലി വിരുദ്ധ ക്യാമ്പയിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും വീണ്ടും സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത്. ചെ ചുരുട്ടു വലിക്കുന്ന ചിത്രം ഉപയോഗിച്ചു കെഎസ്‌യു പുകയില വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിനു മറുപടിയായി നെഹ്രുവിന്റെ പുകവലി ചിത്രങ്ങൾ ഉപയോഗിച്ചു എതിർപക്ഷം തിരിച്ചടിച്ചു. ഇതോടെയാണ് സൈബർ ലോകത്തു വിവാദം കൊഴുത്തത്.

മദ്യത്തിനും മയക്കുമരുന്നുകൾക്കും സിഗരറ്റുകൾക്കുമെതിരെ കെഎസ്‌യു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് ഫേസ്‌ബുക്ക് അടക്കമുള്ള നവമാദ്ധ്യമങ്ങളിൽ കത്തിച്ച ചുരുട്ടും കടിച്ചുപിടിച്ചിരിക്കുന്ന ചെഗുവേരയുടെ ചിത്രം ഉപയോഗിച്ചത്. 'വഴിതെറ്റിയ യുവത്വത്തിനു വഴിപിഴച്ച മാർഗദർശി'യെന്ന അടിക്കുറിപ്പും ചിത്രത്തിനു നൽകിയിട്ടുണ്ട്.

ഇതിനു മറുപടിയായാണ് എതിർപക്ഷം രംഗത്തെത്തിയത്. ജവഹർലാൽ നെഹ്‌റു ചുരുട്ടുകത്തിച്ചു കടിച്ചു പിടിച്ചിരിക്കുന്ന ചിത്രവും മൗണ്ട് ബാറ്റന്റെ മകൾ പമേലയ്ക്കു സിഗററ്റു കത്തിച്ചുകൊടുക്കുന്ന ചിത്രവും ഫേസ്‌ബുക്കിൽ ചിലർ പോസ്റ്റുചെയ്തു. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന സർക്കാരിന്റെ പരസ്യചിത്രത്തിന്റെ സ്റ്റില്ലുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടു.

 

'നെഹ്രുജീ അയാം ദ സോറി' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നതിനിടെ കെഎസ്‌യു അനുകൂലികളും ചെ ഗുവേര അനുകൂലികളും വാദപ്രതിവാദങ്ങളുടെ വേലിയേറ്റംതന്നെ തീർക്കുകയാണ്.