കൊച്ചി: സത്യസായി ബാബയെ സതി അമ്മ നേരത്തെ നേരിൽ കണ്ട് തന്റെ ഉടമസ്ഥതയിലുള്ള ആലുവയിലെ ഭൂമി കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. എന്നാൽ ഇതിന് സമയമായിട്ടില്ലെന്നറിയിച്ച് സത്യസായി ബാബ മടക്കി. ഈ കാര്യം തന്ത്രത്തിൽ മനസ്സിലാക്കിയ ആലുവയിൽ താമസിക്കുന്ന ഒരു പ്രൊഫസർ, സത്യസായി ബാബ പറഞ്ഞിട്ടു വന്നതാണെന്ന് അറിയിച്ച് ഭൂമി രജിസ്ട്രേഷൻ ചെയ്ത് എടുക്കുകയായിരുന്നു. സതി അമ്മയ്ക്ക് തട്ടിപ്പ് മനസ്സിലാക്കാനുമായില്ല. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് ഇത്തരത്തിൽ ഇയാൾ കൈവശപ്പെടുത്തിയത്.

സത്യസായി ബാബയോടുണ്ടായിരുന്ന വയോധികയുടെ ഭക്തി ചൂഷണം ചെയ്ത് കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതായി വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ പരാതി. 87 വയസ്സുള്ള വിധവയായ, ആലുവ ഹൈറോഡിൽ അമ്പിയാറ്റിപ്പറമ്പിൽ സതി അമ്മയുടെ നാലു കോടിയോളം വില വരുന്ന 12 സെന്റ് സ്ഥലമാണ് പ്രൊസർ ചുളുവിൽ തട്ടിയെടുത്തത്.

തന്റെ സഹോദരങ്ങൾക്ക് അമ്പതിനായിരം രൂപ വീതം നൽകണമെന്നും തനിക്ക് മാസം പതിനായിരം രൂപ ചെലവിനു നൽകണമെന്നും സ്ഥലത്ത് മരണം വരെ താമസിക്കാൻ കഴിയണമെന്നുമായിരുന്നു സതി അമ്മയുടെ ആവശ്യം. മാത്രമല്ല, സ്വത്ത് സത്യസായി ബാബയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രമാണം ചെയ്യാനാണ് ഇവർ ആഗ്രഹിച്ചതും. സത്യസായി ബാബയുടെ പേരിലെന്ന വ്യാജേന ഒരു പബ്ലിക്കേഷൻ സൊസൈറ്റിയുടെ പേരിൽ സ്ഥലം കൈവശപ്പെടുത്തുകയും ഇവിടെ മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു.

2006 മുതൽ ഈ പബ്ലിക്കേഷൻ സൊസൈറ്റി നിലവില്ല. സായ് ബാബയുടേതെന്ന പേരിൽ നടത്തുന്ന ഒരു ഓർഗനൈസേഷന്റെ സംസ്ഥാന ഭാരവാഹിയാണ് സ്ഥലം തട്ടിയെടുത്തിട്ടുള്ളത്. നിരവധി സായി ഭക്തരെ എതിർകക്ഷി പറ്റിച്ചിട്ടുള്ളതായി പരാതിയിലുണ്ട്. എതിർ കക്ഷിയുടെ അഭിഭാഷകൻ കമ്മിഷനിൽ ഹാജരായിരുന്നു.

ഭൂമി തട്ടിയെടുത്തിട്ടും സതി അമ്മയെ പുറത്താക്കാൻ ശ്രമം

കെട്ടിടത്തിന്റെ ഒരു മൂലയിലാണ് സതി അമ്മ നിലവിൽ താമസിക്കുന്നത്. ഭർത്താവിന്റെ മരണശേഷം തനിച്ച് താമസിക്കുന്ന സതി അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് സഹായത്തിനുള്ളത്. രാവിലെയും വൈകീട്ടും കെട്ടിടത്തിൽ സായി ഭക്തിഗാനങ്ങൾ ഉച്ചത്തിൽ വയ്ക്കുകയാണ്. മോട്ടോർ പ്രവർത്തിപ്പിക്കാതെ സതി അമ്മയുടെ കുടിവെള്ളം മുടക്കുന്ന രീതിയുമുണ്ട്. ചില ദിവസങ്ങളിൽ മോട്ടോർ ഓഫാക്കാതെ പോകുകയും ചെയ്യും.

ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുന്ന സതി അമ്മയെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ. തന്റെ മരണശേഷം സ്വത്ത് തട്ടിപ്പ് നടത്തിയ ആൾ സ്വന്തമാക്കുമെന്നാണ് സതി അമ്മ പറയുന്നത്. സ്ഥലം തനിക്ക് തിരിച്ചുവേണ്ട, പക്ഷേ സത്യസായി ബാബയുടെ യഥാർഥ ട്രസ്റ്റ് ഇത് ഏറ്റെടുക്കണമെന്നാണ് സതി അമ്മയുടെ ആവശ്യം. സതി അമ്മയ്ക്ക് പരസഹായമില്ലാതെ നടക്കാനാകില്ല. രണ്ടുപേരുടെ സഹായത്തോടെയാണ് സതി അമ്മ സിറ്റിങ്ങിനെത്തിയത്.

യഥാർത്ഥ സത്യസായി ബാബ ട്രസ്റ്റിനല്ല ഭൂമി ലഭിച്ചിരിക്കുന്നത്, അതിനാൽ സതി അമ്മയെ കബളിപ്പിച്ചവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. എറണാകുളത്ത് നടന്ന വനിത കമ്മിഷൻ മെഗാ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേസ് ഫയലിൽ സ്വീകരിച്ച കമ്മിഷൻ കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. സതി അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപ്പന തടയുന്നതിനുള്ള നടപടികൾ കമ്മിഷൻ സ്വീകരിച്ചു.